"Bury me in the ocean with my ancestors who jumped from ships, because they knew death was better than bondage."

ബ്ലാക്ക്‌ പാന്തർ സിനിമയിലെ ഒരു ഡയലോഗ് ആണിത്. ഈ ഒറ്റ വരി മാത്രം മതി സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ മനസിലാക്കാൻ.

വംശീയ ആക്രമണങ്ങൾക്ക് പേര് കേട്ട നാടാണ് അമേരിക്ക. ആതുകൊണ്ടു തന്നെ ഹോളിവുഡ് സിനിമകളിലും ആ ഒരു വംശീയ ചിന്താഗതി എപ്പോളും കാണാം. "വൈറ്റ് വാഷ്" പോലുള്ള കാര്യങ്ങൾ അതിനു ഉദാഹരണം മാത്രം. ചരിത്രത്തിലെ "വൈറ്റ്" അല്ലാത്ത ആൾക്കാരെ "വൈറ്റ്" ആക്കി സിനിമയിൽ കാണിക്കുന്ന രീതി ആണ് വൈറ്റ് വാഷ് എന്ന പേരിൽ അറിയപ്പെടുന്നത്‌. ഒരുപാട് ഹൊറർ സിനിമകളിൽ ആദ്യം മരിക്കുന്നത് ഒരു കറുത്ത വർഗ്ഗക്കാരൻ ആവും. ഇത്തരത്തിൽ ബ്ളാക്കിനെ രണ്ടാം തരത്തിൽ കാണുന്ന ഒരു സമൂഹത്തിലേക്കാണ് ഒരു ബ്ലാക്ക്‌ സൂപ്പർ ഹീറോയുടെ കഥയുമായി ബ്ലാക്ക്‌ പാന്തർ വരുന്നത്. ഇത്രയും കാലങ്ങൾക്കിടയിൽ പല മാർവൽ കോമിക്കുകളും സിനിമ ആയി വന്നപ്പോൾ ബ്ലാക്ക്‌ പാന്തർ ഒരു തവണ പോലും സിനിമ ആയി വന്നില്ല എന്നത് നമ്മൾ ഇതിനോടൊപ്പം ചേർത്തു വായിക്കണം.

വകാണ്ട എന്ന ആഫ്രിക്കൻ രാജ്യത്താണ് ബ്ലാക്ക്‌ പാന്തറിന്റെ കഥ നടക്കുന്നത്. വൈബ്രനിയം ഒരുപാട് ലഭിക്കുന്ന ആ രാജ്യം മറ്റു ലോക രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടുത്തെ രാജാവും ജങ്ങളുടെ രക്ഷകനുമായ T'Challa അഥവാ ബ്ലാക്ക്‌ പാന്തറിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും ഒരു ആഫിക്കൻ സിനിമയാണ് ബ്ലാക്ക്‌ പാന്തർ. അഭിനയിച്ചവർ മുതൽ ഉപയോഗിച്ച ഭാഷയും സംഗീതവും വരെ അതു അന്വർത്ഥമാക്കുന്നു. മാർവൽ സിനിമകൾ എടുത്തു നോക്കിയാൽ വേറിട്ടു നിൽക്കും ഈ ചിത്രം. ആക്ഷൻ കുറവാണ്. കഥക്കാണ് പ്രാധാന്യം. പിന്നെ പൂർണമായും ഇൻഡിപെൻഡന്റ് ആയി നിൽക്കുന്ന ഒരു ചിത്രം ആണ് ഇതെന്നും വേണേൽ പറയാം. സീരീസിലെ മറ്റു ചിത്രങ്ങളുമായുള്ള ബന്ധം വളരെ കുറവാണ്. സീരീസിലെ ഒരു ചിത്രവും കാണാത്ത ആൾക്ക് കൂടി ബ്ലാക്ക്‌ പാന്തർ കണ്ടു മനസ്സിലാക്കാൻ കഴിയും.

എടുത്തു പറയേണ്ട ഒന്നു സംഗീതമാണ്. ഒരു ആഫ്രിക്കൻ ജനതയുടെ കഥ പറയുന്ന സിനിമയിൽ ഇതിലും നന്നായി സംഗീതം ഒരുക്കാൻ പറ്റുമോ എന്ന് സംശയമാണ്. അത്രകണ്ട് ആ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നു സംഗീതം. ഒരുപാട് സീനുകളിൽ മാസ് ഫീൽ കൊണ്ടു വന്നതിൽ പശ്ചാത്തല സംഗീതത്തിനു ഉണ്ടായിരുന്ന പങ്ക് വളരെ വലുതാണ്.

ബ്ലാക്ക്‌ പാന്തർ ആയി ബോസ്‌മാൻ നല്ല പ്രകടനം ആയിരുന്നു. പക്ഷെ നായകനേക്കാൾ എനിക്കു ഇഷ്ടപ്പെട്ടത് കൂടെ അഭിനയിച്ച പലരെയുമാണ്. അതിൽ തന്നെ മൈക്കൽ ജോർഡാൻ അവതരിപ്പിച്ച എറിക് കിൽമോൻഗർ എന്ന വില്ലൻ വേഷം വേറിട്ടു നിൽക്കുന്ന. എപ്പോളും ഒരു മികച്ച സൂപ്പർ ഹീറോ മൂവി നമുക്ക് ലഭിക്കുന്നത് നായകനിലൂടെ അല്ല വില്ലനിലൂടെ ആണ്. സാധാരണ കോമിക് ഹീറോ വില്ലന്മാരിൽ നിന്നും വ്യത്യസ്തൻ ആണ് കിൽമോൻഗർ. വെറുതെ കുറെ വട്ടു കാണിച്ചു സൈക്കോ ആണെന്ന് കാണിക്കയല്ലാതെ വ്യക്തമായ കാരണം ഉണ്ട് വില്ലന്റെ പ്രവർത്തികൾക്ക്. ശരിക്കും അവനെ വില്ലൻ എന്നു വിളിക്കാൻ പറ്റുമോ എന്നുകൂടി സംശയമാണ് കാരണം കഥ പറഞ്ഞിരുന്നത് കിൽമോൻഗറിന്റെ കണ്ണിലൂടെ ആയിരുന്നേൽ അവൻ നായകൻ ആയേനെ. അത്ര മികച്ച ഒരു പാത്ര സൃഷ്ടി ആയിരുന്നു കിൽമോൻഗർ.

നാകിയ, ഒകോയെ, ഷുരി എന്നീ ശക്തമായ മൂന്നു സ്ത്രീകഥാപാത്രങ്ങളെ കൂടി ചിത്രം നമുക്ക് തരുന്നുണ്ട്. ഇവർ മൂന്നു പേരും പല ഇടങ്ങളിലും നായകനേക്കാൾ പ്രകടനം കാഴ്ച വെച്ചിട്ടുമുണ്ട്.

മൊത്തത്തിൽ ഒരു പൊളിച്ചെഴുതാണ് ചിത്രം എന്നു പറയാം. ബ്ലാക്ക്‌ സൂപ്പർ ഹീറോ മുതൽ ആഫ്രിക്കൻ ഇംഗ്ലീഷിൽ തുടങ്ങി ഉപയോഗിച്ചിരിക്കുന്ന പാശ്ചാത്തല സംഗീതത്തിൽ വരെ തനത് ആഫ്രിക്കൻ സംസ്കാരം കാണാം. എവിടെയും വെളുത്തവന്റെ "വൈറ്റ് വാഷ്" നടന്നിട്ടില്ലെന്ന് സാരം. സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപോൾ മുന്നിലെ സീറ്റിൽ ഉണ്ടായിരുന്ന ആൾ കൂടെ ഇരുന്ന സുഹൃത്തിനോട് പറയുന്നതുകേട്ടു "ഇതെന്താ കരുമ്പന്മാർ മാത്രം" എന്ന്. സായിപ്പമ്മാർക്കു നമ്മൾ ഇന്ത്യക്കാരും കരുത്തവർ ആണ് വെളുത്തവർ അല്ല. ആ ഇന്ത്യയിലെ ഏറ്റവും സാക്ഷരത ഉള്ള കേരളത്തിലെ ജനങ്ങൾ കൂടി തമാശക്ക് ആണേൽ കൂടി ഇത്രയും വംശീയമായി ചിന്തിക്കുമ്പോൾ ബ്ലാക്ക്‌ പാന്തർ പോലുള്ള സിനിമകൾ ഒരു ആവശ്യകത തന്നെയാണ്.

ഒരു സിനിമ എന്ന കണ്ണിൽ നോക്കിയാലും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ആയാലും പ്രശംസിക്കപ്പെടേണ്ട ഒന്നാണ് ബ്ലാക്ക്‌ പാന്തർ. മാർവൽ സിനിമകളിൽ വിന്റർ സോൾജിയറിന് കഴിഞ്ഞാൽ എന്റെ ഇഷ്ട ചിത്രം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo