ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


രാവിലെ 4.30 നു തന്നെ എഴുന്നേറ്റു. കയ്യും കാലും ഒക്കെ കുറേശെ വേദനിക്കുന്നുണ്ട്. ഇന്നലത്തെ 500 കിലോമീറ്റർ റൈഡ് തന്ന പണി ആവണം. നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കിയപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. 5.50 നു തന്നെ റൂം ചെക്ക് ഔട്ട് ചെയ്ത് ഞങ്ങൾ പുറത്തിറങ്ങി. ധനുഷ്കോടി ബൈക്ക് റൈഡ് എന്ന ഒരുപാട് നാളത്തെ ആഗ്രഹം സാധിക്കാൻ പോവുന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ. ഭക്തി ഗാനങ്ങളും മറ്റുമായി രാമേശ്വരം ഉണർന്നിരിക്കുന്നു. റോഡിൽ അങ്ങിങ്ങായി നായ്ക്കളെയും പന്നികളെയും കാണാം. ഈ നഗരത്തിനു ഉറക്കം ഇല്ലാത്ത പോലെ ഇവറ്റകൾക്കും ഉറക്കം ഇല്ലേ ആവോ? 🤔 രമേശ്വരത്തു നിന്നും 20 കിലോമീറ്റർ യാത്ര ഉണ്ട് ധനുഷ്കോടിക്ക്. സൂര്യൻ ഉദിച്ചു വരുന്നേ ഉള്ളു. വഴിയിൽ ഒന്നും ആളനക്കമോ വണ്ടികളോ ഇല്ല. ബൈക് ഓടിക്കാൻ പറ്റിയ അന്തരീക്ഷം.

ഒരു കൊല്ലം മുന്നേ ആണ് രാമേശ്വരം ധനുഷ്കോടി റോഡ് പണി കഴിപ്പിച്ചത്. അതിനു മുന്നേ ആണെങ്കിൽ കാൽ നട ആയും ജീപ്പിൽ കയറിയും ഒക്കെ വേണമായിരുന്നു ധനുഷ്കോടി മുനമ്പിൽ എത്താൻ. ഇപ്പോൾ നീണ്ടു നിവർന്നു കിടക്കുന്ന നല്ലൊരു റോഡ് ഉണ്ട് ധനുഷ്കോടിക്ക്‌. കുറച്ചങ്ങോട്ടു പോയപ്പോൾ റോഡിനു രണ്ടു സൈഡിലും സമുദ്രം കാണാൻ തുടങ്ങി. രണ്ടു പുറവും സമുദ്രത്താൽ ചുറ്റപെട്ട റോഡ്. ഉദിച്ചു വരുന്ന സൂര്യന്റെ പൊൻ കിരണങ്ങളേറ്റു ചുവന്നു തുടുത്തിരിക്കുന്ന ആകാശം. നീണ്ടു കിടക്കുന്ന റോഡിലൂടെ ബൈക് ഓടിക്കുന്ന ഞങ്ങൾ. ഹ വല്ലാത്തൊരു ഫീൽ ആയിരുന്നു അത്. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടേൽ അതു ഇതാണെന്നു വിളിച്ചു പറയാൻ തോന്നി എനിക്ക്.

ഇപ്പോൾ ശരിക്കും ഒരു പ്രേത നഗരം ആണ് ധനുഷ്കോടി. 50 കൊല്ലങ്ങൾക്കു മുന്നേ ജന താമസമുള്ള ഒരു പട്ടണം ആയിരിന്നു ഇത്. 1964 ലെ രാമേശ്വരം ചുഴലിക്കാറ്റ് എല്ലാം തകർത്തെറിഞ്ഞു. 1800ഓളം പേർ ആണ് അന്നത്തെ ദുരന്തത്തിൽ മരണമടഞ്ഞത്. ധനുഷ്കോടി പാസഞ്ചർ ട്രെയിനിലെ 115ഓളം യാത്രക്കാരും ആ ലിസ്റ്റിൽ ഉൾപ്പെടും. ചുഴലിക്കാറ്റിന് ശേഷം ബാക്കി വന്ന ജനങ്ങൾ ഒക്കെ പട്ടണം വിട്ടു പോയി. കാറ്റ് അവശേഷിപിച്ചു പോയ ദുരന്തത്തിന്റെ ബാക്കി പത്രങ്ങൾ യാത്രയിലുടനീളം കാണാം. പൊട്ടി പൊളിഞ്ഞ കെട്ടിടങ്ങളിടെ അവശിഷ്ടങ്ങളും മറ്റും ശരിക്കും ഒരു പ്രേത നഗരം പോലെ തോന്നിപ്പിക്കും ധനുഷ്കോടിയെ. ഒരുപാട് പേരുടെ പ്രതീക്ഷ ആണ് ധനുഷ്കോടിക്ക്‌ ഒരു റോഡ് ട്രിപ്പ് എന്നത്. പലരും സ്വപ്‍ന സാക്ഷാത്കാരത്തിനായി വരുന്ന ഇതേ മണ്ണിലാണ് 1800 പേരുടെ സ്വപ്നം വീണുടഞ്ഞത്. അതിൽ കൂടുതൽ പേർ തങ്ങളുടെ സ്വപ്നവും ജീവിതവും എല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്യേണ്ടി വന്നതും ഇവിടെ നിന്നാണ്. എന്തൊരു വിരോധാഭാസം അല്ലെ?

Image may contain: sky, ocean, cloud, outdoor and nature

Image may contain: people standing, sky, twilight, outdoor and natureImage may contain: one or more people, sky, ocean, outdoor and natureവഴിയിൽ ഒന്നു രണ്ടിടത്തു നിർത്തി ഫോട്ടോ എടുത്തു. റോഡിൽ അധികം വണ്ടികൾ ഇല്ല. ഒന്നോ രണ്ടോ കാറുകളും ബസുകളും ഞങ്ങളെ കടന്നു പോയിരുന്നു. മുനമ്പു അടുക്കുന്തോറും റോഡിനു ഇരുവശവുമായി ഓലമേഞ്ഞ കെട്ടിടങ്ങൾ കണ്ടു തുടങ്ങി. കെട്ടിടം എന്നു പറയാൻ പറ്റില്ല. കുടിലുകൾ എന്നതാവും ശരിയായ പ്രയോഗം. ഹോട്ടലുകളും കടകളുമാണ്. ഒരെണ്ണം പോലും ഞങ്ങൾ വന്ന സമയത്തു തുറന്നു കണ്ടില്ല. അങ്ങനെ മുനമ്പു എത്തി. ബസുകളും കാറുകളും എല്ലാം അവിടെ നിർത്തി ഇട്ടിരുന്നു. അത്യാവശ്യം തിരക്കുണ്ട്. ഞങ്ങൾ ബൈക് നിർത്തി കടൽ തീരത്തേക്ക് നടന്നു. മിനുസമാർന്ന പഞ്ചാര മണൽ ആണ് ഈ ബീച്ചിന്റെ പ്രത്യേകത. ശ്രീരാമന്റെ കാൽപാദം പതിഞ്ഞ മണ്ണാണെന്നു പറഞ്ഞു ഒരുപാട് പേർ ഇതു എടുത്തു കൊണ്ട് പോയി ആരാധിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്.

തീരത്തുകൂടെ വീണ്ടും നടന്നു. ഇടക്ക് ഫോട്ടോകൾ എടുത്തു. ഇവിടെ നിന്നും 20 കിലോമീറ്റർ ആണ് ഉള്ളു ശ്രീലങ്കയ്ക്കു. ഇവിടെ നിന്നും നോക്കിയാൽ ഒരു പൊട്ടു പോലെ ശ്രീലങ്ക കാണാൻ പറ്റും എന്നു കേട്ടിരുന്നു. കടൽ മൊത്തം കണ്ണുകൊണ്ട് അളന്നിട്ടും ലങ്കയുടെ പൊടി പോലും എനിക്ക് കാണാൻ പറ്റിയില്ല. അതിനിടയിൽ നന്ദുവിന് ഏതോ കടൽ ജീവിയുടെ ഷെൽ കിട്ടി. അവൻ അതും കയ്യിൽ വെച്ചു ഫോട്ടോ എടുക്കാൻ തുടങ്ങി. ഞാൻ അവിടെ ഒക്കെ ചുമ്മാ കറങ്ങി നടന്നു. കുറച്ചു നേരം കൂടി ബീച്ചിൽ ചിലവഴിച്ച ശേഷം ഞങ്ങൾ തിരിച്ചു പോരാൻ തുടങ്ങി. രാമേശ്വരം റോഡിൽ കുറച്ചു മുന്നോട്ടു പോയപ്പോൾ വലതു വശത്തേക്ക് ഓൾഡ് ഹാർബർ എന്നെഴുതിയ ഒരു ഡീവിയേഷൻ കണ്ടു. അവിടേക്ക് തിരിഞ്ഞ ഞങ്ങൾ കുറച്ചു കുടിലുകൾക്ക് ഇടയിൽ കൂടെ വണ്ടി ഓടിക്കാൻ തുടങ്ങി. രണ്ടു പുറവും ഓല മേഞ്ഞ കുടിലുകൾ. മത്സ്യബന്ധനം നടത്തുന്നവർ ആവണം. വഴിയിൽ ചെറിയ കുട്ടികൾ നിൽക്കുന്നത് കണ്ടു. നേരെ ചെന്നു കയറിയത് ഹാർബറിലേക്കാണ്. പണ്ട് ഇവിടെ നിന്നും ശ്രീലങ്കക്കു ബോട്ട് സർവീസ് ഉണ്ടായിരുന്നെന്ന് എവിടെയോ വായിച്ച ഒരു ഓർമ. നല്ല തെളിഞ്ഞ കടൽ. ഹാർബറിലും കുറച്ചു നേരം നേരം ചിലവഴിച്ച ശേഷം യാത്ര തുടർന്നു. തിരിച്ചു വരുമ്പോൾ റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. ഒരു 8.30 ആയപ്പോൾക്കും ഞങ്ങൾ തിരിച്ചു രാമേശ്വരം എത്തി. ടൗണിൽ നിന്നും മാറി ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. പൂരി മസാലയും ചായയും. നല്ല രുചികരമായ ഭക്ഷണം.

Image may contain: ocean, sky, outdoor and water

ഭക്ഷണശേഷം ഞങ്ങൾ പോവാൻ തയാർ എടുത്തു. വന്ന വഴിയേ തന്നെ ഉള്ള തിരിച്ചുപോക്കിലും ബോർ ആയി റോഡ് ട്രിപ്പിൽ ഒന്നും തന്നെ ഇല്ല. അതുകൊണ്ടു തന്നെ വന്ന വഴി ഒഴിവാക്കി തേനി വഴി മൂന്നാർ പിടിക്കാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. മധുരയിലെ ട്രാഫിക് ഓർമ ഉള്ളോണ്ട് മധുര ഒഴിവാക്കി ഒരു റൂട്ട് മാപ്പിൽ തപ്പി. തിരുമംഗലം എന്ന സ്ഥലത്തുകൂടെ ഒരു റൂട്ട് കണ്ടു.ഒരു 7 കിലോമീറ്റർ കൂടുതൽ ഓടിക്കണം. ഒരു ദിവസം 500ൽ കൂടുതൽ കിലോമീറ്റർ ഓടിച്ചവർക്കു 7 ഒക്കെ ഒരു അധിക ദൂരം ആണോ? 😉 പക്ഷെ ഞങ്ങൾ ഈ ട്രിപ്പിൽ എടുത്ത ഏറ്റവും മോശം തീരുമാനം ഈ റൂട്ട് എടുത്തത് ആയിരുന്നു. അതു മനസിലാക്കാൻ കുറച്ചു വൈകി എന്നു മാത്രം. 🤕

Image may contain: ocean, sky, outdoor and water

Image may contain: ocean, outdoor, water and nature

രമേശ്വരത്തു നിന്നും യാത്ര തുടർന്നു. തലേന്ന് രാത്രി ആസ്വദിക്കാൻ കഴിയാതെ ഇരുന്ന പാമ്പൻ പാലത്തിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാൻ ഇപ്പോൾ കഴിഞ്ഞു. 2.3 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാലം ആണ് പാമ്പൻ. പാലത്തിൽ വണ്ടി നിർത്തരുത് എന്നാണ് നിയമം എങ്കിലും ഒരുപാട് വണ്ടികൾ നിയമം തെറ്റിച്ചു പാലത്തിൽ പാർക്ക് ചെയ്തിരുന്നു. പാലത്തിനു സമാന്തരമായി കഴിഞ്ഞു പോയ ദുരന്തത്തിന്റെ ബാക്കി പത്രവും പേറി റെയിൽ പാത കാണാം. രാമേശ്വരം കൊടുങ്കാറ്റിന് ശേഷം മലയാളികളുടെ അഭിമാനം ശ്രീധരൻ ആണ് പാമ്പൻ പാലം പുതുക്കി പണിയാൻ മേൽനോട്ടം വഹിച്ചതു. പാലം കഴിഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. ഹൈവെയിൽ അധികം വാഹനങ്ങൾ ഒന്നും ഇല്ല. റോഡിനു ഇരുപുറവും പാടങ്ങൾ. വെയിൽ ചൂട് പിടിച്ചു തുടങ്ങിയിരുന്നു. ഇടക്കിടെ വഴിയിൽ കാണുന്ന ഇളനീർ വിൽപന സ്ഥലങ്ങളിൽ വണ്ടി നിർത്തി ഞങ്ങൾ യാത്ര തുടർന്നു. മധുരൈക്കു 10 കിലോമീറ്റർ മുന്നേ ഇടത്തോട്ട് തിരിഞ്ഞു ഞങ്ങൾ തിരുമംഗലം ലക്ഷ്യമാക്കി യാത്ര തുടർന്നു. ജീവിതത്തിൽ ഞാൻ വാഹനം ഓടിച്ചതിൽ വെച്ചു ഏറ്റവും മോശം റോഡ് ആയിരുന്നു പിന്നെ ഒരു 20 കിലോമീറ്റർ. രണ്ടു ഭാഗത്തും റോഡ് കുത്തി പൊളിച്ചു ഇട്ടിരിക്കുന്നു. പല ഇടത്തും റോഡ് ഇല്ല, കട്ട റോഡിനേക്കാൾ കഷ്ടം. കല്ലും മണ്ണും പൊടിയും കാരണം ഞങ്ങൾ നട്ടം തിരിഞ്ഞു. റോഡ് പോലും ഇല്ലാത്തിടത്തു സൈൻ ബോർഡ് എങ്ങനെ കാണാൻ ആണ്. നട്ടപറ വെയിലത്തു ഇടക്കിടെ നിർത്തി ഗൂഗ്ൾ മാപ് നോക്കേണ്ടി വന്നത് ഞങ്ങളുടെ കഷ്ടപ്പാട് വർധിപ്പിച്ചു. ഇതിലും ബേധം മധുരൈ ട്രാഫിക് ആയിരുന്നെന്ന് തോന്നിയ നിമിഷങ്ങൾ. എന്തായാലും കുറച്ചു നേരത്തെ ബുദ്ധിമുട്ടിനു ശേഷം ഞങ്ങൾ നല്ല റോഡിൽ കയറി.

വിശപ്പും ദാഹവും വെയിലും ഞങ്ങളെ തളർത്തിയിരുന്നു. തലേദിവസത്തെയും അന്നത്തെയും തുടർച്ചയായ ഡ്രൈവിംഗ് കാരണം ചെറിയ ബാക്ക് പെയിൻ തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടൽ തപ്പി ഞങ്ങൾ യാത്ര തുടർന്നു. ആദ്യം കണ്ട രണ്ടു കടകളും നന്ദുവിന് തൃപ്തി പോരായിരുന്നു. ഗ്രാമീണ റോഡ് ആണ്, ഇതിലും നല്ലതു ഒന്നും കിട്ടാൻ സാധ്യത ഇല്ല എന്ന എന്റെ പറച്ചിലിനൊടുവിൽ ഞങ്ങൾ അടുത്ത ഹോട്ടലിൽ കഴിക്കാൻ കയറി. ഹോട്ടൽ എന്നു പറയാൻ പറ്റില്ല. ഒരു ചെറിയ ചായക്കട. കൈ കഴുകാൻ വെള്ളം ചോദിച്ചപ്പോൾ അടുത്തു ഒരു ബക്കറ്റ് ചൂണ്ടി കാണിച്ചു. ഒരു വൃത്തിയും ഇല്ലാത്ത സ്ഥലം. ഇവിടെ കയറിയത് അബദ്ധം ആയോ എന്നു തോന്നി. അകത്തു കയറി ഇരുന്നപ്പോൾ എന്താ വേണ്ടേ എന്നു ചോദിച്ചു വന്നവന്റെ കയ്യിൽ ഒരു ബിയർ കുപ്പി. 😟 കുടിച്ചുകൊണ്ടാണ് കക്ഷി ഞങ്ങളോട് സംസാരിക്കുന്നത്. പൊറോട്ട, ചിക്കൻ, മീൻ മാത്രം ആണ് ഉള്ളു അവിടെ. വിശപ്പിന്റെ വിളി കാരണം പൊറോട്ടയും ചിക്കനും കഴിച്ചു. കൈ കഴുകാൻ തന്ന വെള്ളം വായിൽ ഒഴിക്കാൻ ഒരു മടി തോന്നി ഞങ്ങൾക്ക്. എന്തായാലും അവിടെ നിന്നും ഒരു കുപ്പി കുടി വെള്ളവും വാങ്ങി ബാഗിൽ ഇട്ടു യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞു ഒരു സ്ഥലത്തു നിർത്തി വായയും മുഖവും കഴുകി.

തനത് തമിഴ് ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇരുപുറവും വയലുകളും പറമ്പുകളും കാണാം. റോഡിൽ അധികം വണ്ടികളോ ആളുകളോ ഇല്ല.മുതലവനിലെ പാട്ടിലൂടെ പ്രസിദ്ധമായ ഇസ്‍ലാംപട്ടി എന്ന സ്ഥലത്താണ് പിന്നെ ഞങ്ങൾ എത്തിയത്. ഈ ഭാഗത്തെ സ്ഥലപേരുകളിൽ എല്ലാം ഒരു “പട്ടി” നിർബന്ധമാണ് തോന്നുന്നു. ആണ്ടിപട്ടി, സിലുകുവാർ പട്ടി എന്നിങ്ങനെ ഒരുപാട് പട്ടികൾ പിന്നെയും കടന്നു വന്നു. രണ്ടാം ദിവസത്തെയും തുടർച്ചയായ ബൈക് യാത്ര എന്റെ ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. കയ്യും കാലും ഒക്കെ നല്ല വേദന, സീറ്റിൽ നിന്നും എഴുന്നേൽക്കാൻ വയ്യാത്ത തരത്തിൽ ബാക്ക് വേദനയും തുടങ്ങിയിരുന്നു. ദേഹം ആസകലം ചതഞ്ഞ പോലെ ഒരു തോന്നൽ.

ഇടക്കൊക്കെ നിർത്തി ഒരു കരിക്കൊക്കെ കുടിച്ചു യാത്ര തുടർന്നു. അങ്ങനെ തേനി എത്തി. കഴിഞ്ഞു പോയ 100 കിലോമീറ്ററിൽ അത്യാവശ്യം വലിയൊരു പട്ടണം എന്നു പറയാൻ പറ്റുന്നത് തേനിയെ മാത്രം ആയിരുന്നു. ഇനിയൊരു 80 കിലോമീറ്റർ ബാക്കി ഉണ്ട് മൂന്നാർ എത്താൻ. എനിക്കാണെങ്കിൽ പുറം വേദന കലശലായി തുടങ്ങിയിരുന്നു. നന്ദു ആണേൽ ഇനിയുമൊരു 100 പേരെ കൂടി അയക്കുന്നോ ഷെർഖാൻ എന്നു മഘധീരയിൽ കാല ഭൈരവൻ ചോദിക്കുന്ന പോലെ 80 അല്ല 800 കിലോമീറ്റർ ആയാലും കുഴപ്പം ഇല്ല എന്ന പോലെ നിൽക്കുന്നു. 😐 മൂന്നാറിലേക്കുള്ള മല കയറ്റം തുടങ്ങിയതിൽ പിന്നെ ഞാൻ ഒന്നുകൂടി ഉഷാറായി. ചെങ്കുത്തായ കയറ്റിറക്കങ്ങളിൽ അല്പം പേടിയും ഒരുപാട് സന്തോഷവും ചേർന്നുള്ള ഡ്രൈവിംഗ് വേദന ഒക്കെ മറക്കാൻ സഹായിച്ചു എന്നു പറയുന്നതാവും ശരി. ഇടക്ക് ഒരിടത്ത് വെച്ചു എന്റെ കയ്യിൽ തേനീച്ച വന്നു കുത്തിയതൊഴിച്ചാൽ മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെയില്ലാതെ മൂന്നാർ എത്തി. ഓൾഡ് മൂന്നാറിൽ ഒരിടത്തു ബൈക് സൈഡ് ആക്കി ഞങ്ങൾ ചായ കുടിക്കാൻ കയറി. Make my trip ഉപയോഗിച്ചു വീണ്ടും റൂമുകൾ നോക്കി. ഏറ്റവും കുറഞ്ഞത് 1300 രൂപ. അതു തന്നെ ബുക് ചെയ്തു. പക്ഷെ ആ ഒരു തീരുമാനം മണ്ടത്തരം ആയി നേരിട്ടു പോയി. നേരിട്ടു പോയി അന്വേഷിച്ചിരുന്നേൽ ഇതിലും കുറവിൽ കിട്ടിയേനെ സംഭവം.

Image may contain: ocean, sky, nature and outdoor

Image may contain: ocean, sky, cloud, beach, outdoor, water and natureമൂന്നാറിൽ തണുപ്പ് നല്ല കുറവായിരുന്നു. കുറച്ചു നേരത്തെ ബുദ്ധിമുട്ടിനു ശേഷം ഹോട്ടൽ കണ്ടുപിടിച്ചു. റൂമിൽ കയറി ആദ്യം ചെയ്തത് ഒന്നു കിടക്കുക എന്നതാണ്. രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കിയ 950 ഓളം കിലോമീറ്ററുകൾ എന്നെ അത്രകണ്ട് അവശൻ ആക്കിയിരുന്നു. പിന്നെ ഒരു രണ്ടു മണിക്കൂർ വിശ്രമത്തിനു ശേഷം 11 മണിക്കാണ് ഞങ്ങൾ പുറത്തിറങ്ങുന്നത്. മൂന്നാറിൽ തണുപ്പില്ലെന്നു നേരത്തെ പറഞ്ഞതു അപ്പോൾ എനിക്ക് തിരിച്ചെടുക്കേണ്ടി വന്നു. ഫോൺ എടുത്തു താപ നില നോക്കിയപ്പോൾ 17 ഡിഗ്രീ സെൽഷ്യസ്. എന്തായാലും ഒരു തട്ടുകട സെറ്റപ്പിൽ നിന്നും ഭക്ഷണം കഴിച്ചു. പൊറോട്ടയും ചിക്കനും. ആഹാ നല്ല രുചി. പക്ഷെ എല്ലു കൂടുതൽ ആയിരുന്നു ചിക്കനിൽ. ആദ്യ പ്ലയിറ്റ് ചിക്കൻ തീർത്തു അടുത്ത പ്ലയിറ്റ് ഓർഡർ ചെയ്ത എന്റെ അടുത്തു തട്ടുകട മുതലാളി വന്നു എന്താ കാര്യം എല്ലു കൂടുതൽ ആയിരുന്നോ എന്നു ചോദിച്ചു. എന്തായാലും ആളുടെ വക കുറച്ചു ചിക്കൻ പീസ് കൂടുതൽ കിട്ടി. 😁

വയറു നിറച്ചു ഭക്ഷണം കഴിച്ചു തിരിച്ചു തിരിച്ചു റൂമിൽ എത്തിയപ്പോൾ നല്ല ഉറക്കം വരൽ. രണ്ടു ദിവസത്തെ ക്ഷീണം ഉണ്ടാവുമല്ലോ? അടുത്ത ദിവസം നേരത്തെ എഴുന്നേൽക്കണ്ട ആവശ്യം ഇല്ല. മൂന്നാറിൽ ഞാൻ വന്നു പോയിട്ടു ഒരു വർഷം ആയിട്ടില്ല. അതുകൊണ്ട് തന്നെ ടോപ്പ് സ്റ്റേഷൻ പോവാൻ ഒന്നും ഞങ്ങൾക്ക് രണ്ടാൾക്കും താല്പര്യം ഇല്ലായിരുന്നു. പിന്നെ ബൈക്കിൽ ഇരിക്കാൻ പറ്റാത്ത വിധത്തിൽ ഉള്ള ബാക്ക് വേദന എത്രയും വേഗം തിരിച്ചു നാട്ടിൽ എത്തുന്നതിനെ കുറിച്ചു എന്നെ ചിന്തിപ്പിച്ചുകൊണ്ടിരുന്നു. അടുത്ത ദിവസം രാവിലെ ഒരു 8 മണിക്ക് ഉണർന്നു. തണുപ്പ്‌ കുറഞ്ഞിരിക്കുന്നു. ഒന്നു ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ പോയി. ശേഷം സിറ്റിയിൽ ഒക്കെ ഒന്നു കറങ്ങി. തടി കുറയ്ക്കൽ മഹായജ്ഞത്തിന്റെ ഭാഗമായി കണ്ണൻ ദേവൻ ഔട്ലറ്റിൽ പോയി കുറച്ചു ഗ്രീൻ ടീ ഒക്കെ വാങ്ങി. 😝 അതിനിടെ നന്ദുവിന് ഒരു ജാക്കറ്റു വേണം എന്ന് പറഞ്ഞു അതു വാങ്ങാൻ പോയി. ഏതു ട്രിപ്പ് പോയാലും ഒരു ജാക്കറ്റ് വാങ്ങൽ അവന്റെ ശീലം ആണ്.

എല്ലാം കഴിഞ്ഞു ഒരു 12 നു റൂം ചെക്ക് ഔട്ട് ചെയ്‌തു ഞങ്ങൾ പുറത്തിറങ്ങി. കൊരട്ടി എത്താൻ 110 കിലോമീറ്റർ കാണിച്ചു ഗൂഗിൾ മാപ്. തിരിച്ചിറങ്ങുമ്പോൾ ഒരിക്കൽ കൂടി പോലീസ് ചെക്കിങ് ഉണ്ടായി. രേഖകൾ ഒക്കെ ഓകെ ആയതുകൊണ്ടു പെട്ടെന്ന് ഒഴിവാവാൻ പറ്റി. ഇടുക്കിയുടെ മനോഹാരിതയിലൂടെ ആയിരുന്നു ഞങ്ങളുടെ മലയിറക്കം. നല്ല റോഡ്. വാഹനങ്ങൾ കുറവായതുകൊണ്ടു അത്യാവശ്യം സ്പീഡിൽ പോരാൻ പറ്റി. ഉച്ചക്ക്‌ ഒരു 3 മണിക്ക് ഞങ്ങൾ അങ്കമാലി എത്തി. അവിടെ നിന്നും നന്ദു അവന്റെ വീട്ടിലേക്കും ഞാൻ കൊരട്ടിയിൽ ഉള്ള എന്റെ ഹോസ്റ്റലിലേക്കും പോന്നു. ഞാൻ ജീവിതത്തിൽ വാഹനം ഓടിച്ച ഏറ്റവും നല്ല റോഡും ഏറ്റവും മോശം റോഡും പരിചയപെട്ടത് ഈ യാത്രയിൽ ആയിരുന്നു. കുറച്ചു ബാക്ക് പെയിനും എണ്ണിയാൽ ഒടുങ്ങാത്ത നല്ല ഓർമകളും തന്ന 1200 കിലോമീറ്റർ റോഡ് ട്രിപ്പ് അങ്ങനെ അവിടെ അവസാനിച്ചു.

For More Visit: http://dreamwithneo.com

#NPNTravelogue #DreamWithNeo

Image may contain: one or more people, ocean, motorcycle and outdoor