തോറ്റവന്റെ കഥക്ക് എന്നുമൊരു ചന്തമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ആഴവും പരപ്പും ഏറുന്നതും അനുഭവങ്ങൾ കൂടുന്നതും അതിനു തന്നെ. അതുകൊണ്ടു തന്നെ ഫിക്ഷൻ ആണേലും ചരിത്രം ആണേലും തോറ്റവന്റെ കഥ കേൾക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്.

ഇന്ന് കാലത്തു വീടിന്റെ ഉമ്മറത്ത് ബോറടിച്ചിരുന്നവന് പെട്ടെന്നൊരു ആഗ്രഹം എന്തേലും പുസ്തകം വായിക്കണം. കുറച്ചേ ഉള്ളുവെങ്കിലും ജോലി കിട്ടിയതു മുതൽ വാങ്ങി വാങ്ങി കൂട്ടിയ പുസ്തകങ്ങളുടെ ചെറിയൊരു കളക്ഷൻ എനിക്കും ഉണ്ട്. അതിൽ ചെന്നു നോക്കിയപ്പോൾ അതിൽ ഒന്നും ഇപ്പോൾ വേണ്ട എന്നൊരു തോന്നൽ. വായിക്കാത്ത പുസ്തകങ്ങൾ അതിൽ ഒരുപാട് ഉണ്ടേലും പുതിയ ഒന്നു തന്നെ കിട്ടണം എന്നു പിടിവാശി ഉള്ള പോലെ. ഏറ്റവും മുകളിൽ ഇരിക്കുന്നത് TD രാമകൃഷന്റെ സുഗന്ധി ആണ്. പണ്ടൊരിക്കൽ വായിക്കാൻ ശ്രമിച്ചു പിന്നെ ടച്ച് വിട്ടെന്നു പറഞ്ഞു മാറ്റി വെച്ചതായിരുന്നു അത്. ആ ബുക് കണ്ണിൽ പെട്ടപ്പോൾ ആണ് എനിക്ക് TD രാമകൃഷ്ണന്റെ ആൽഫ എന്ന നോവൽ ഓർമ വന്നത്. ആമസോണ് എടുത്തു വില നോക്കിയപ്പോൾ കിൻഡിൽ വേർഷനു വെറും 35 രൂപ. ഒന്നും നോക്കിയില്ല അപ്പോൾ തന്നെ വാങ്ങി വായന തുടങ്ങി.

മലയാളത്തിൽ ആധികം ഇല്ലാത്ത ഒരു സാഹിത്യ ശാഖയാണ് സയൻസ് ഫിക്ഷൻ. സയൻസ് ഫിക്ഷൻ എന്ന പേരിൽ നമുക്കുള്ളത്തിൽ ഏറെയും മൂന്നാം കിട അപസർപ്പക നോവലുകളും ആണ്. നല്ലൊരു സയൻസ് ഫിക്ഷൻ നോവൽ എന്ന രീതിയിൽ മലയാളത്തിന് ഒരു മുതൽ കൂട്ടാണ് TD യുടെ ആൽഫ.

പ്രൊഫസ്സർ ഉപലേന്തു ചാറ്റർജിയുടെയും 12 പേരുടെയും കഥയാണ് നോവൽ പറയുന്നത്. നരവംശ ശാസ്ത്രജ്ഞൻ ആയ ചാറ്റർജി പുതിയൊരു പരീക്ഷണത്തിനായി സമുദ്രത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന മനുഷ്യ വാസമില്ലാത്ത ഒരു ദ്വീപ് തിരഞ്ഞെടുക്കുന്നു. മനുഷ്യന്റെ വളർച്ചക്ക് തടസം സമൂഹവും ചുറ്റുപാടും അവനു എതിരെ വെക്കുന്ന നിയമങ്ങൾ ആണെന്നും അതിനാൽ തന്നെ നിയമങ്ങൾ ഇല്ലാത്ത സ്വതന്ത്രമായ ഒരു ചുറ്റുപാടിൽ അവന്റെ സമൂഹികമായ വളർച്ച അതിവേഗം ആവുമെന്നും അദ്ദേഹം കരുതുന്നു. ഇതിനു വേണ്ടി ഇതുവരെ ഉള്ളതെല്ലാം ഉപേക്ഷിച്ചു, സാങ്കേതികതയും വേഷവും ഭാഷയും വരെ ഉപേക്ഷിച്ചു 25 കൊല്ലം ആ ദ്വീപിൽ കഴിയാൻ ഈ 13 പേര് തീരുമാണിക്കുന്നു. യുഗ യുഗാന്തരങ്ങൾ കൊണ്ടു മനുഷ്യൻ നേടിയ ഉന്നമതിയെല്ലാം സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിയന്ത്രങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വെറും 25 കൊല്ലംകൊണ്ടു നേടാം എന്നു അവർ കണക്കു കൂട്ടുന്നു. മനുഷ്യന്റെ "ആൽഫ" മുതൽ വീണ്ടും ആരംഭിക്കാൻ ഉള്ള തീരുമാനം.

തങ്ങൾ ഇതുവരെ പരിചയിച്ച സംസ്കാരവും അറിവും ഭാഷയും എല്ലാം ഉപേക്ഷിച്ചു കൊണ്ടു ആല്ഫയിൽ ജീവിക്കാനാരംഭിച്ചവർക്കു പക്ഷെ നേരിടേണ്ടി വന്നത് വിചാരിച്ചതിലും അപ്പുറം ഉള്ള സംഭവങ്ങൾ ആണ്. മാനുഷികതയും സ്നേഹവും എല്ലാം കടലിൽ ഉപേക്ഷിച്ചപ്പോൾ വന്യമായ മൃഗീയ വാസനയും ക്രൂരതയും ആണ് അവരിൽ പിന്നീട് അവശേഷിച്ചത്. സ്നേഹത്തിന്റെ കണിക പോലുമില്ലാത്ത ലൈംഗീകതയും സമൂഹത്തിന്റെ കെട്ടുപാടില്ലാത്ത ജീവിതവും അവരെ വേറെ എന്തൊക്കെയോ ആക്കി മാറ്റി. 25 വർഷങ്ങൾ കൊണ്ടു ബുദ്ധിപരമായി ഉയർന്നതും സാങ്കേതിക പരിജ്ഞാനമുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ തുണിഞ്ഞവർക്കു അച്ഛനെയും അമ്മയെയും തിരിച്ചറിയാത്ത തരത്തിൽ കാമവും, മൃഗങ്ങളെ കൂടി നാണിപ്പിക്കുന്ന തരത്തിൽ ക്രൂരതയും കൈവശമാക്കിയ ഒരു തലമുറയെ ആണ് സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞത്.

25 കൊല്ലങ്ങൾക്കു ശേഷം നിയന്ത്രങ്ങളുടെ കെട്ടുപാടില്ലാതെ വികസിക്കപ്പെട്ട ഒരു നാഗരികതയെ അന്വേഷിച്ചു വരുന്മാവർക്കു മുന്നിൽ തോൽവിയുടെ ചരിത്രം പറയാൻ അവശേഷിക്കുന്നത് വെറും 3 പേർ മാത്രമാണ്. പിന്നെ ആരാരുടെ ഒക്കെ മക്കൾ ആണ് തങ്ങൾ എന്നു കൂടി അറിയാത്ത നാൽപതോളം പുതു തലമുറയും.

200ഓളം പേജ് മാത്രം വലിപ്പം വരുന്ന ചെറിയൊരു നോവൽ ആണ് ആൽഫ. തുടക്കം മുതൽ ഒറ്റ ഇരുപ്പിന് വായിക്കാവുന്ന നോവൽ. തുടക്കം മുതൽ നല്ല ത്രില്ലിങിൽ ആണ് കഥയുടെ പോക്ക്. പക്ഷെ പകുതി ആവുമ്പോളേക്കും ആവർത്തന വിരസത ആസ്വാദനത്തിനു ചെറിയ തടസം ആവുന്നുണ്ട്. 12 പേരിൽ ഓരോ ആളുകളുടെയും കഥ ഓരോ അധ്യായത്തിൽ പറയുമ്പോൾ ആവർത്തന വിരസത തോന്നുക സ്വാഭാവികം. എന്താണ് നടന്നതെന്ന് ആദ്യ അധ്യായങ്ങളിൽ തന്നെ വായിക്കുന്നവന് മനസ്സിലാവുന്നതുകൊണ്ടു പകുതിക്ക് ശേഷം ത്രില്ലിങ് കൈമോശം വന്ന പോലെ തോന്നി.

സംസ്കാരവും സദാചാരവും സമൂഹത്തിനെ കെട്ടുപാടും മനുഷ്യനെ മനുഷ്യൻ ആക്കുന്നതിൽ എത്ര വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു നമ്മളെ കൊണ്ടു ചിന്തിപ്പിക്കുന്നുണ്ട് ആൽഫ. നല്ലൊരു ത്രെഡ് ആയിരുന്നെങ്കിലും കുറച്ചു കൂടെ നന്നായി അവതരിപ്പിക്കാമായിരിന്നു എന്നു വായിച്ചു കഴിഞ്ഞാൽ നമുക്ക് ചിലപ്പോൾ തോന്നും. മലയാളത്തിൽ അധികം കാണാത്ത ഒരു പരീക്ഷണം എന്ന നിലയിലും TD രാമകൃഷന്റെ ആദ്യ നോവൽ എന്ന നിലയിലും വായിച്ചിരിക്കാവുന്ന ഒരു പുസ്തകം. ചുരുക്കത്തിൽ വെറുതെ ഇരിക്കുന്ന ഒരു വൈകുന്നേരം ഒരു കപ്പ് കാപ്പിയോടൊപ്പം വായിച്ചു തള്ളാവുന്ന ചെറിയൊരു നോവൽ. സയൻസ് ഫിക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ഇഷ്ടപ്പെടും.

For More Visit: http://dreamwithneo.com

#NPNBookThoughts #DreamWithNeo