ഒരുപാട് നാളത്തെ കാത്തിരിപ്പാണ് shape of the water എന്ന ചിത്രം. ആറ്റു നോട്ടിരുന്നു അവസാനം കേരളത്തിൽ റീലീസ് ആയപ്പോളോ ഒരുപാട് വെട്ടികൂട്ടലിന് ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എത്ര വെട്ടലും കുത്തലും കഴിഞ്ഞാലും അത്രയും കാത്തിരുന്ന ചിത്രം അല്ലെ എന്നു വെച്ചു ശനിയാഴ്ച കാണാൻ പോവാൻ ഇരുന്നതായിരുന്നു ഞാൻ. ചുമ്മാ ഒന്നു YTS എടുത്തു നോക്കിയപ്പോൾ ആണ് BR Rip വന്നെന്നു അറിഞ്ഞത്. വെട്ടി കൂട്ടി പരിപൂര്ണമല്ലാത്ത ഒരു ആസ്വാദനം അല്ല ചിത്രം ആവശ്യപ്പെടുന്നത് എന്നു തോന്നിയതുകൊണ്ടു 1080P ഡൌൺലോഡ് ചെയ്തു കാണാൻ തീരുമാനിക്കുക ആയിരുന്നു ഞാൻ.

മനുഷ്യരും മറ്റു ജീവികളും തമ്മിൽ ഉള്ള നല്ലവൻ ചീത്തവൻ കളികൾ ഹോളിവുഡിന് ഒരിക്കലും പുതിയതല്ല. അന്യഗൃഹ ജീവികൾ, ഭൂഗർഭ ജീവികൾ തുടങ്ങി പല തരം ജീവികളെ ഇത്തരം ചിത്രങ്ങളിൽ കാണാവുന്നതാണ്. ചിലതിൽ മനുഷ്യർ ആവും നായകൻ, ചിലതിൽ ആ ജീവികൾ ആവും നായകന്മാർ. ഇത്തരത്തിൽ ഉള്ള എല്ലാ സിനിമകളും പിന്തുടർന്ന മാതൃക തന്നെ ആണ് shape of water നും ഉള്ളത്. പക്ഷെ ഈ ചിത്രത്തെ അതിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത് shape of water പങ്കു വെക്കുന്ന പ്രണയമാണ്.

അമേരിക്കയും സോവിയറ്റും തമ്മിലുള്ള മൂപ്പനോരി തർക്കം നടന്ന ശീതയുദ്ധ സമയത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അമേരിക്കയിലെ ഒരു നദിയിൽ നിന്നും പിടിച്ച മനുഷ്യനെ പോലെ ഉള്ള ഒരു ഉഭയ ജീവിയെ ഒരു സയൻസ് ഫെസിലിറ്റിയിൽ കൊണ്ടു വരുന്നു. അതിനെ ഉപയോഗിച്ചു ബഹിരാകാശ പരീക്ഷണങ്ങളിൽ മുൻതൂക്കും കിട്ടാൻ അമേരിക്കയും അതിനെ അമേരിക്കയുടെ കയ്യിൽ നിന്നും തട്ടി എടുക്കാൻ സോവിയറ്റും ശ്രമിക്കുന്നു. എല്ലാരും "അതിനെ" ഒരു പരീക്ഷണ വസ്തു ആയി മാത്രം കാണുമ്പോൾ "അവനെ" ഒരു മനുഷ്യൻ ആയി കണ്ടു പ്രണയിക്കുന്നവളുടെ കഥയാണ് shape of the water പറയുന്നത്.

സംസാര ശേഷി ഇല്ലാത്ത എലിസ ഈ സയൻസ് ഫെസിലിറ്റിയിൽ കലീനർ ആയി ജോലി നോക്കുന്നു. ജീവിത പങ്കാളിയോ പറയത്തക്ക സുഹൃത്ബന്ധങ്ങളോ അവൾക്കില്ല. ആകെ ഉള്ള സുഹൃത്തുക്കൾ അടുത്ത ഫ്‌ളാറ്റിൽ താമസിക്കുന്ന ചിത്രകാരനും പിന്നെ ജോലി സ്ഥലത്തെ ഒരു സ്ത്രീയും മാത്രമാണ്. പ്രണയിക്കാനോ കാമിക്കാനോ ആരും ഇല്ലാത്ത അവൾക്കു പ്രണയം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നത് ആ ജീവി ആണ്. ചിത്രത്തിൽ ഒരിടത്തു അവൾ പറയുന്നുണ്ട് ആ ജീവി അനുഭവിക്കുന്ന ഏകാന്തത അവൾക്കു മനസ്സിലാവുന്നുണ്ടെന്ന്, അതിന്റെ അത്രയും ഏകാന്തത അനുഭവിക്കുന്ന മറ്റൊന്നിനെയും അവൾക്കു അറിയില്ലെന്ന്. സ്വയം തന്നിലേക്ക് മാത്രം ഒതുങ്ങി ആ ഏകാന്തതയിൽ ജീവിക്കുന്ന അവൾക്കു ആ ജീവിയുടെ ഏകാന്തത മനസിലായില്ലേൽ അല്ലെ അത്ഭുതം ഉള്ളു? അതു പോലെ തന്നെ അവർക്ക് രണ്ടു പേർക്കും സംസാരിക്കാൻ കഴിയില്ല എന്നത്. ചിലപ്പോൾ പരസ്പരം ഉള്ള ഈ സാമ്യതകൾ ഒക്കെ ആവാം അവരെ തമ്മിൽ അടുപ്പിക്കുന്നത്.

ഇത്തരത്തിൽ ഉള്ള മിക്ക ചിത്രങ്ങളെയും പോലെ തന്നെ ഗവർണമെന്റ് ആണ് ഇവിടെയും വില്ലൻ. മനുഷ്യന് ഒരു നിയമവും മനുഷ്യർ അല്ലാത്തവർക്ക് ഒരു നിയമവും എന്ന വ്യവസ്ഥിതിയെ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. "മനുഷ്യൻ അല്ലല്ലോ അതുകൊണ്ടു അതിനെ രക്ഷിക്കണ്ട" എന്നു പറയുന്നവനോട് "രക്ഷിച്ചില്ലേൽ നമ്മളും മനുഷ്യൻ അല്ലാതെ ആയി മാറില്ലേ" എന്നു നായിക ചോദിക്കുന്നുണ്ട്. എനിക്കു തോന്നിയത് മനുഷ്യത്വത്തെക്കാൾ ഉപരി അവനോടുള്ള പ്രണയമാണ് അവളെകൊണ്ടു അവനെ രക്ഷിക്കാൻ ഉള്ള തീരുമാനം എടുപ്പിക്കുന്നത് എന്നാണ്. അത്രമേൽ ഇഷ്ടപ്പെടുന്നുണ്ട് അവൾ അവനെ.

ഇത്തരത്തിൽ മനുഷ്യനും മറ്റൊരു ജീവിയും ആയുള്ള പ്രണയവും രതിയും ഒക്കെ ഉൾക്കൊള്ളുന്ന ഒരു സിനിമ എടുക്കുമ്പോൾ അതു പങ്കു വെക്കുന്ന ഇമോഷൻ പൂർണമായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് വളരെ വലിയൊരു വെല്ലുവിളി ആണ്. ഇവിടെ സംവിധായകനും തിരക്കഥാകൃത്തും പൂർണമായും അതിൽ വിജയിച്ചിട്ടുണ്ടെന്നു പറയാൻ പറ്റും. ജലത്തിന് അടിയിൽ വെച്ചുള്ള ഒരു ഇന്റീമേറ്റ് സീനും അതു എടുത്തിരിക്കുന്ന രീതിയും അഭിനന്ദനാര്ഹമാണ്. അവർ തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നതിൽ ആ രംഗം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ചുരുക്കത്തിൽ അടുത്തിടെ കണ്ട മികച്ച ഒരു പ്രണയ ചിത്രം ആണ് shape of the water. എന്തുകൊണ്ടും ഓസ്‌കാർ ലഭിക്കാൻ അനുയോജ്യമായ ചിത്രം. കണ്ണും മൂക്കും കാതുമൊന്നും ഇല്ലാത്ത പ്രണയത്തിന്റെ സ്വാഭാവികമായ ഒഴുക്കാണ് ഇതിൽ സംഭവിക്കുന്നത്. കണ്ടിരിക്കുന്നവരിൽ കൂടി ഒഴുകി നിറഞ്ഞു നമ്മുടെ കണ്ണും മനസ്സും നിറക്കുന്ന ഒരു ചിത്രം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo