ഒരു കവിത പോലെ മനോഹരമായൊരു ചിത്രമാണ് പൂമരം. കവിത പോലെ എന്നല്ല, കവിത തന്നെ എന്നു വേണമെങ്കിൽ പറയാം. കളിദാസിനെ ഉപയോഗിച്ചു ഐബ്രിഡ് ഷൈൻ എഴുതിയ കവിത. പുറത്തു നിന്നു നോക്കുന്നവന് ചിലപ്പോൾ ബോറടിച്ചേക്കാം. പക്ഷെ ഉള്ളിലേക്കിറങ്ങി ചെല്ലുന്നവനോ? കവിയും കവിതയും ആസ്വധകനും ഒന്നായ ഒരു അവസ്ഥ ആണവിടെ. അത്തരം ഒരു അവസ്ഥയിൽ മാത്രമാണ് പൂർണമായ ഒരു ആസ്വാദനം പൂമരത്തിനു സാധ്യമാവുന്നത്.

ഞാൻ അടുത്തൊന്നും ഇത്രകണ്ട് ആസ്വദിച്ച ഒരു മലയാള സിനിമ വേറെ ഉണ്ടായിട്ടില്ല. നാളോട്ടുക്കു മലയാള സിനിമ കണ്ട ഒരുപാട് കാമ്പസ് ചിത്രങ്ങൾക്ക് ഇവിടെ പുതിയൊരു മാനം നൽകിയിരിക്കുന്നു. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ കാമ്പസ് സിനിമകളിൽ ഏറ്റവും മികച്ചത് എന്നൊക്കെ വേണേൽ പറയാം. ഇത്രയും റിയലിസ്റ്റിക് ആയി ഒരു സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

മഹാത്മാഗാന്ധി സർവകലാശാലയുടെ 2016 കലോത്സവ വേദിയിൽ ആണ് സിനിമയുടെ കഥ നടക്കുന്നത്. തുടർച്ചയായി ആറാം കൊല്ലം കിരീടം സ്വന്തമാക്കാൻ സെന്റ് ട്രീസ കോളേജും കുറച്ചു കാലമായി കൈവിട്ടു പോയിരുന്ന കിരീടം തിരിച്ചു പിടിക്കാം മഹാരാജാസ് കോളേജും ഇറങ്ങി തിരിക്കുന്നു. അഞ്ചു ദിവസത്തെ കലോത്സവവും അതിൽ നടക്കുന്ന കുറച്ചു സംഭവങ്ങളും ആണ് ചിത്രം. ഒരു കലോത്സവ വേദിയിൽ അങ്ങിങ്ങായി കുറച്ചു കാമറകൾ വെച്ചു ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത് ഇറക്കിയാൽ എങ്ങനെ ഉണ്ടാവും? അത്രകണ്ട് റിയലിസ്റ്റിക് ആണ് ചിത്രം.

റിയലിസ്റ്റിക് സിനിമ എന്താണെന്ന് ആക്ഷൻ ഹീറോ ബിജുവിലൂടെ കാണിച്ചു തന്ന മനുഷ്യൻ ആണ് ഐബ്രിഡ് ഷൈൻ. യാഥാർഥ്യത്തോട് ഇത്രയും ചേർന്നിരിക്കുന്ന വേറെ ഒരു പോലീസിനെയും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നിരിക്കിലും അവസാനത്തോടടുക്കുമ്പോൾ എല്ലാ പോലീസ് സിനിമകളും പോലെ തന്നെ സിനിമാറ്റിക് ആയിട്ടുണ്ട് ബിജു. പൂമരത്തിലേക്കെത്തുമ്പോൾ ഈ ഒരു പ്രശനം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ മൊത്തമായും റിയലിസ്റ്റിക് അപ്പ്രോച് ആണ് ചിത്രം. പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടി പടച്ചു കൂട്ടിയ മാസ് രംഗങ്ങളോ മൂന്നാംകിട കാമ്പസ് കോമഡികളോ ഇല്ല.

എത്രയൊക്കെ റിയലിസ്റ്റിക്ക് ആണെന്ന് പറഞ്ഞാലും കടുത്ത സ്ത്രീവിരുദ്ധതയും ഭിന്നലിംഗ വിരുദ്ധതയും കുത്തിനിറക്കപ്പെട്ട ഒരു സൃഷ്ടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ലൊരു രാഷ്ട്രീയം കൂടി പങ്കു വെക്കാൻ പൂമരത്തിനാവുന്നുണ്ട്. പാർശ്വ വത്കരിക്കപ്പെട്ട സമൂഹത്തിലെ ആദ്യ കോളേജ് പ്രൊഫസ്സർ കറുപ്പൻ മുതൽ ഭരണകൂട ഭീകരതക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ അമേരിക്കൻ എഴുത്തുകാരൻ വരെ സിനിമയിൽ പരാമര്ശിക്കപ്പെടുന്നുണ്ട്. യുദ്ധതിനെതിരെ ഉള്ള അശോക ചക്രവർത്തിയുടെ ജീവിതവും മറ്റൊരുവന്റെ ജീവിതത്തിൽ വെളിച്ചമാവേണ്ടതിനെ കുറിച്ചുള്ള ബുദ്ധന്റെ വാക്കുകളും കാണിച്ചു സിനിമ അവസാനിക്കുമ്പോൾ പൂമരം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം വ്യക്തമാണ്.

സിനിമ തുടങ്ങി ആദ്യ 10 മിനുട്ടിൽ തന്നെ പറയാൻ പോവുന്ന സിനിമ എങ്ങനെ ആയിരിക്കും എന്ന് പ്രേക്ഷകന് മനസ്സിലാക്കി തരുന്നുണ്ട് സംവിധായകൻ. ഒരുപിടി പുതുമുഖങ്ങൾ ആണ് പ്രധാന താരങ്ങൾ. നായകൻ എന്നോ നായിക എന്നോ ലേബൽ ഇട്ടു ആരെയും വിളിക്കാൻ പറ്റാത്ത അവസ്ഥ. അഭിനയ പ്രാധാന്യം ഉള്ള വേഷം ഒന്നും ആയിരുന്നില്ലെകിലും മഹാരാജാസ് കോളേജ് ചെയർമാൻ ആയ ഗൗതമൻ കളിദാസിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒരുപാട് പാട്ടുകളും കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട് സിനിമയിൽ. അവ എല്ലാം തന്നെ സന്ദര്ഭോർജിതവും മനോഹരവും ആയിരുന്നു. ഇത്തരം ഒരു സിനിമ എടുക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലു വിളി ഇഴഞ്ഞു നീങ്ങാതെ പറയാൻ ഉള്ളതൊക്കെ പറഞ്ഞുതീർക്കുക എന്നതാണ്. ആ ഒരു കാര്യത്തിൽ നൂറു ശതമാനം ഐബ്രിഡ് ഷൈൻ വിജയിച്ചിട്ടുണ്ടെന്നു പറയാം.

മാറ്റത്തിന്റെ കൊടുങ്കാറ്റെന്നൊക്കെ കേട്ടിട്ടില്ലേ? അത്തരത്തിൽ ഉള്ള ഒരു കൊടുങ്കാറ്റാണ് പൂമരം. എങ്ങനെ ആവണം റിയലിസ്റ്റിക് സിനിമ എന്നു വ്യകതമായി കാണിച്ചു തന്ന ചിത്രം. മലയാളത്തിൽ സാധാരണ ഇറങ്ങുന്ന ഒരു തട്ടുപൊളിപ്പൻ കാമ്പസ് മൂവി പ്രതീക്ഷിച്ചാണെങ്കിൽ ആരും തിയേറ്ററിന്റെ പരിസരത്തു കൂടി പോവേണ്ടതില്ല. പകരം മനസ്സിൽ വിപ്ലവത്തിന്റെ അഗ്നിയും കണ്ണിൽ മനുഷ്യത്വത്തിന്റെ തിരി നാളവും സൂക്ഷിക്കുന്ന യുവത്വത്തെ കാണാൻ ആണെങ്കിൽ ടിക്കറ്റ് എടുക്കാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo