കാണുന്നവരിലേക്കു ഒരുപാട് ചോദ്യങ്ങൾ ഇട്ടു തരുന്ന സിനിമകൾ ഉണ്ട്. അല്ലെ?? ഇൻസെപ്ഷൻ ഒക്കെ പോലെ സിനിമടെ പ്ലോട്ട് സംബന്ധമായ സംശയങ്ങൾ അല്ല ഞാൻ ഉദ്ദേശിച്ചത്! പിന്നെയോ? സമൂഹത്തെ കുറിച്ചും സഹജീവികളെ കുറിച്ചും നമ്മൾ ജീവിക്കുന്ന ഈ ഭൂമിയെ പറ്റി തന്നെയും ഉള്ള ചോദ്യങ്ങൾ. രാഷ്ട്രീയ പരമായും സാമൂഹികപരമായും ഉള്ള ചോദ്യങ്ങൾ. സിനിമ കണ്ടു കഴിഞ്ഞാലും അവയിൽ പലതും നമ്മുടെ മനസ്സിൽ ചോദ്യങ്ങൾ ആയി തന്നെ അവശേഷിക്കുകയും ചെയ്യും.

മുകളിൽ പറഞ്ഞ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ് അറം. സിനിമ മുന്നോട്ടു വെക്കുന്ന ചോദ്യങ്ങളും അതിലൂടെ പറഞ്ഞു പോവുന്ന രാഷ്ട്രീയവും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതു തന്നെ ആണ്.

സോഷ്യൽ മെസ്സേജ് കൊടുക്കുന്ന പല സിനിമകളും പരാജയപ്പെടുന്നത് സിനിമ മൊത്തം എടുത്താൽ മെസ്സേജ് മാത്രം ബാക്കി ആവുമ്പോൾ ആണ്. എന്നാൽ ഇവിടെ അറം എന്ന സിനിമ വ്യത്യസ്തമാവുന്നതും അവിടെ തന്നെ. നല്ല ത്രില്ലിങ് ആയ കഥ. ഒരു എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം തരുന്ന മുറുക്കമുള്ള തിരക്കഥ. അതിലേക്കു വൈകാരികത കൂടി കടന്നു വരുമ്പോൾ ഒരു ഇമോഷണൽ ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലാൻ പറ്റുന്നുണ്ട് ചിത്രത്തിന്. ചിത്രത്തിന്റെ അവസാന ഭാഗത്തു സിനിമക്ക് ആധാരമായ യദാർത്ഥ സംഭവത്തിന്റെ വിഷ്വൽസ് കൂടി കാണിക്കുമ്പോൾ അതു പൂര്ണമാവുന്നു.

ജങ്ങൾക്കു നല്ലതു ചെയ്യണം എന്നാഗ്രഹിക്കുന്ന IAS ഓഫീസർ മധിവധിനി ആയി നയൻതാര നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്നത് വെറുതെ അല്ലെന്നു ഓരോ സിനിമ കഴിയുമ്പോളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പാട്ടും ഡാൻസും ഗ്ലാമറുമായി നായകന് പിന്നിൽ ഒതുങ്ങി നിൽക്കാതെ സ്വന്തമായി വ്യക്തിത്വം ഉള്ള ഇതു പോലുള്ള റോളുകൾ തിരഞ്ഞെടുക്കുന്നത് അഭിനന്ദനാര്ഹമാണ്.

പണ്ടൊരിക്കൽ കത്തി എന്ന ചിത്രത്തിന്റെ കഥ തന്റെ ആണെന്ന് പറഞ്ഞു രംഗത്തു വന്നു പ്രസിദ്ധനായ വ്യക്തി ആണ് ചിത്രത്തിന്റെ സംവിധായകനായ ഗോപി നൈനാർ. യാദൃച്ഛികമെന്നു പറയട്ടെ ഈ രണ്ടു ചിത്രങ്ങളും പങ്കു വെക്കുന്ന സോഷ്യൽ മെസ്സേജ് ഒന്നു തന്നെ ആണ്. ജല ദൗർലഭ്യവും ഉൾഗ്രാമീണ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരവും. കത്തിയേക്കാൾ നന്നായി ഈ വിഷയം കൈകാര്യം ചെയ്തത് അറം ആണെന്നാണ് എനിക്ക് തോന്നിയത്. ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഗോപി നൈനാറിനു അഭിമാനിക്കാം.

വെള്ളത്തിനു പകരം വെള്ളം മാത്രമേ ഉള്ളു. ഒരു മരുന്നിനും ദാഹം കൊണ്ടു മരിക്കുന്നവനെ രക്ഷിക്കാനുമാവില്ല. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആർക്കും ഇന്റർവെല്ലിന് പുറത്തിറങ്ങി ഒരു ബോട്ടിൽ കൂൾ ഡ്രിങ്ക്‌സ് വാങ്ങി രുചിയോടെ കുടിക്കാൻ പറ്റും എന്നെനിക്കു തോന്നുന്നില്ല. ചിലപ്പോൾ അതു തന്നെ ആവാം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും.
#Aramm

For More Visit: http://dreamwithneo.com
#NPNMovieThoughts #DreamWithNeo