മുപ്പത്തി മൂന്നു കോടി ദൈവങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഒരു ദൈവത്തിനു ഒരു പേരെന്നു വെച്ചു കണക്കാക്കിയാൽ പോലും മുപ്പത്തി മൂന്നു കോടി പേരുകൾ നമുക്കിന്നു അന്യമാണ്. അവയൊന്നും ഉപയോഗിക്കാൻ നമുക്കിന്ന് അനുവാദമില്ല പല ദൈവങ്ങൾക്കും ഒന്നിൽ കൂടുതൽ പേരുണ്ടെന്നിരിക്കെ ഈ കണക്കു ഇനിയും കൂടാൻ ആണ് സാധ്യത.

അസഹിഷ്ണുത ഏറിയ ഒരു സമൂഹമാണിത്. ഭരിക്കുന്ന മന്ത്രിയും മന്ത്രാലയവും കലയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നു. സിനിമ ഫെസ്റ്റിവലുകൾ രാഷ്ട്രീയ മുതലെടുപ്പുകൾക്കു വേദിയാവുന്നു. എനിക്കിത് കാണണം എന്നതിന്മേൽ നീ ഇതു കണ്ടാൽ മതി എന്നു പറയുന്ന ഒരവസ്ഥ. ഇതിനെല്ലാം എതിരെ ഒരു ചെറുത്തുനിൽപായിട്ടാണ് ഈ സിനിമയുടെ റിലീസിനെ ഞാൻ കാണുന്നത്. കേരളമെമ്പാടും ഉള്ള ഒരുപാട് സിനിമ കൂട്ടായ്മകൾ മുൻകൈ എടുത്തു എസ്. ദുർഗ പ്രദർശനത്തിന് എത്തിച്ചപ്പോൾ അത് ലോകത്തോടൊരു കാര്യം വിളിച്ചു പറയുന്നുണ്ട്. എത്രകണ്ടു അടിച്ചമർത്താൻ ശ്രമിച്ചാലും കല അതിനെ ഒക്കെ അതിജീവിക്കും എന്ന്.

ഇന്നിന്റെ സമൂഹത്തിനു നേരെ തുറന്നുവച്ച ഒരു കണ്ണാടി ആണ് എസ്. ദുർഗ. ഒരു കലാ സൃഷ്ടിക്കു സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന അത്ര മറ്റൊന്നിനും സ്വാധീനിക്കാൻ കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വാണിജ്യ വിജയം നേടുക എന്നതിനപ്പുറം സമൂഹത്തിലേക്ക് എന്തെങ്കിലും തിരിച്ചു കൊടുക്കാൻ കൂടി ആവണം സിനിമക്ക്. അതു തന്നെയാണ് ഇത്തരം സമാന്തര സിനിമകൾ ചർച്ച ചെയപ്പെടേണ്ടതിന്റെ ആവശ്യകതയും.

ഒരേ രാത്രിയിൽ രണ്ടിടത്തായി നടക്കുന്ന വ്യത്യസ്തമായ രണ്ടു കാഴ്ചകളിലൂടെ ആണ് എസ്. ദുർഗ കാണികളെ നയിക്കുന്നത്. ഒരിടത്തു ദുര്ഗാദേവിയെ പ്രീതിപ്പെടുത്താൻ ഉത്സവം നടക്കുന്നു. മറ്റൊരിടത്തു കാമുകനൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട ദുർഗ എന്ന ഹിന്ദിക്കാരി പെണ്കുട്ടിയും കാമുകനും കുറച്ചു വേട്ടക്കരുടെ ഇരകൾ ആവുന്നു. ഒരിടത്തു ദുർഗാ ദേവിയെ പ്രീതിപ്പെടുത്താൻ വേണ്ടി ഭക്തർ സ്വന്തം രക്തം ചിന്തുകയാണെങ്കിൽ മറ്റൊരിടത്ത് ഭാഷ പോലും അറിയാത്ത മറ്റൊരു ദുർഗയുടെ രക്തത്തിനു വേണ്ടി കുറച്ചു പേർ മുറവിളി കൂട്ടുന്നു.

ആ ഓമിനി വാനിലെ അഞ്ചുപേർക്കുപരി ഈ സമൂഹം മൊത്തം വേട്ടക്കാരാവുന്ന അവസ്ഥയാണ് ചിത്രം പങ്കു വെക്കുന്നതു. സ്വയം രക്ഷകനെന്നു തോന്നിപ്പിച്ചു ഇരയെ വശീകരിക്കുന്ന വേട്ടക്കാരൻ നാം ജീവിക്കുന്ന ഈ സമൂഹത്തിന്റെ പ്രതിനിധി തന്നെ അല്ലെ? തങ്ങളുടെ ഇരയെ മറ്റൊരുത്തൻ നോട്ടമിടുന്ന അവസരത്തിൽ ഇവർ തന്നെ രക്ഷകന്മാരായും മാറുന്നുണ്ട്. ഈ രാത്രിയിൽ പുറത്ത് ഒറ്റക്ക് നടക്കുന്നതിനെക്കാൾ സുരക്ഷിതത്വമാണ് ഈ ഓമിനി വാൻ എന്നു വേട്ടക്കാർ പറയുമ്പോൾ തലകുനിക്കേണ്ടതു നാമെല്ലാം ഉൾപ്പെടുന്ന ഈ സമൂഹം മൊത്തമാണ്.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം വ്യക്തമായ ഒരു കഥയോ തിരക്കഥയോ ഇല്ലാതെ ആണ് ഇവർ ഇതു ചിത്രീകരിച്ചത് എന്ന വസ്തുത ആണ്. സനൽ കുമാർ ശശിധരൻ എന്ന സംവിധായകനോട് വല്ലാത്തൊരു ബഹുമാനം തോന്നിപോവും. തിരക്കഥയുടെ ചട്ടക്കൂട് ഇല്ലാത്തതിന്റെ ഗുണവും ദോഷവും എല്ലാം ചിത്രത്തിന് ഉണ്ടായിരുന്നു. അഭിനേതാക്കളെ അവരുടേതായ ഒരു സ്പെസിലേക്കു ഇറക്കി വിട്ടതുകൊണ്ടു വല്ലാത്തൊരു സ്വാഭാവികത കിട്ടിയിട്ടുണ്ട് സിനിമക്ക്. എന്നാൽ വ്യകതമായ ഒരു തിരക്കഥ ഉണ്ടായിരിന്നേൽ ചില ഭാഗങ്ങളിൽ ഒക്കെ ഒന്നുകൂടി കയ്യടക്കം വന്നേനെ എന്നു പ്രേക്ഷകന് ചിലപ്പോൾ തോന്നിയേക്കാം.

പൂർണമായും രാത്രിയിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം പൂർണമായും നാച്ചുറൽ ലൈറ്റിനെ ഉപയോഗപ്പെടുത്തി ആണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ പല ഭാഗങ്ങളും വല്ലാതെ ഇരുണ്ടതായി തോന്നാം. പക്ഷെ സിനിമ പങ്കു വെക്കുന്ന ഭീകരതക്ക് ഈ ഇരുണ്ട ദൃശ്യങ്ങൾ കൂടുതൽ മിഴിവേകിയിട്ടെ ഉള്ളു എന്നു പറയേണ്ടി വരും. ലോങ് ആൻഡ് സിംഗിൾ ഷോട്ടുകളാൽ സമ്പന്നമാണ് ചിത്രം. കാമറ കൈകാര്യം ചെയ്ത പ്രതാപ് ജോസഫ് നല്ലൊരു കയ്യടി അർഹിക്കുന്നുണ്ട്. ചില രംഗങ്ങൾ ഒക്കെ കണ്ടു കഴിഞ്ഞ ശേഷം ഈ ഷോട്ട് ഒക്കെ എങ്ങനെ ആണാവോ ചിത്രീകരിച്ചത് എന്നു അത്ഭുതപ്പെട്ടു ഇരുന്നു പോവും.

ഒരുതരം ഓപ്പൺ എന്ഡിങ് ആണ് ചിത്രത്തിനുള്ളത്. സിനിമ കഴിഞ്ഞ ശേഷവും അതു നമ്മെ വേട്ടയാടുമെന്നു ഉറപ്പ്. പല തവണ രക്ഷപെട്ടുപോവാൻ ശ്രമിച്ചിട്ടും ദുർഗയും കബീറും വീണ്ടും വീണ്ടും ചെന്നെത്തുന്നത് വേട്ടക്കരുടെ അടുത്തേക്ക് തന്നെയാണ്. അവസാന സീനിൽ അവർക്ക് മുന്നിൽ ആ ഓമിനി വാൻ മൂന്നാമതും വന്നു നിന്ന ശേഷം അനന്തമായി പുറകിലേക്ക് പോവുന്ന കാമറയിൽ തെളിയുന്നതെന്താണ്? റോഡിനിയും നീണ്ടു കിടക്കുകയാണ്.. ദുർഗ്ഗക്കും കബീറിനും കിട്ടാൻ പോവുന്ന ടോർച്ചറും. ഒരിടത്തു ദേവി ആയ ദുർഗയെ പ്രീതിപ്പെടുത്താനും സന്തോഷിപ്പിക്കാനും വേണ്ടി ഗരുഡൻ തൂക്കം പോലുള്ള ആചാരങ്ങളാൽ ഭക്തർ സ്വയം വേദനിപ്പിക്കുമ്പോൾ മറ്റൊരിടത്ത് മനസിനും ശരീരത്തിനും മുറിവേൽക്കുന്ന മനുഷ്യ സ്ത്രീ ആയ മറ്റൊരു ദുർഗ കൂടി ഉണ്ട്. ശരിക്കും സന്തോഷിപ്പിക്കേണ്ടത് ഇതിൽ ഏതു ദുർഗയെ ആണെന്ന വലിയ ചോദ്യം മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടു ചിത്രം അവസാനിക്കുന്നു.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo