സ്വാതന്ത്രം അർദ്ധരാത്രിയിൽ എന്ന പേരിൽ ലാറി കോളിൻസിന്റെയും ഡൊമിനിക് ലാപീരിന്റെയും ഒരു പ്രശസ്ത പുസ്തകം ഉണ്ട്. വളരെ അധികം ത്രിൽ അടിച്ചു വായിച്ചിരിക്കാൻ പറ്റുന്ന ഈ പുസ്തകം പറയുന്നത് ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയ അവസാന വർഷങ്ങളിലെ കഥയാണ്. ആ പുസ്തകവുമായി നേരിട്ടു ബന്ധം ഒന്നും ഇല്ലെങ്കിലും സ്വാതന്ത്രം അർദ്ധരാത്രിയിൽ എന്ന ചിത്രം പറയുന്നതും ചിലർക്കൊക്കെ സ്വാതന്ത്രം കിട്ടിയ കഥ തന്നെ ആണ്.

ജാമ്യം കിട്ടില്ല എന്നുറപ്പുള്ള കുറച്ചുപേർ ചേർന്നു ജയിൽ ചാടി രക്ഷപെടാൻ ശ്രമിക്കുന്നതാണ് കഥ. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, വിനായകൻ തുടങ്ങിയ താര നിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അങ്കമാലി ഡയരീസ്, ഡാർവിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ആയ ടിനു പാപ്പച്ചൻ ആണ്.

ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒന്നൊന്നര ത്രില്ലർ ആണ് ചിത്രം. ചിത്രത്തിന്റെ ആദ്യം പേരെഴുതി കാണിക്കുന്നതിന് മുന്നേ തുടങ്ങുന്ന ത്രില്ലിങ് അവസാന സീൻ വരെയും കൊണ്ടുപോവാൻ ആയി എന്നത് വലിയൊരു കാര്യം തന്നെയാണ്. ആന്റണി വർഗീസ്, വിനായകൻ തുടങ്ങി അഭിനയിച്ചവർ എല്ലാം ഗംഭീരമായി ചെയ്‌തു. അങ്കമാലി ഡയരീസിൽ കണ്ട, പിന്നീട് എവിടെയും കാണാതിരുന്ന ഒരുപാട് പേരെ ഈ ചിത്രത്തിൽ വീണ്ടും കാണാൻ പറ്റിയത് സന്തോഷം ഉണ്ടാക്കി. മലയാളത്തിലെ യുവ താര നിരയിലേക്ക് ആന്റണി വർഗീസ് അധികം വൈകാതെ കടന്നു വരും എന്ന് തോന്നുന്നു. സംഘട്ടന രംഗങ്ങളിൽ ഒക്കെ മികവ് പ്രകടമായിരുന്നു.

ടിനു പാപ്പച്ചൻ എന്ന സംവിധായകൻ തന്റെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. ആദ്യ സിനിമ ആണെന്ന് ആരും പറയില്ല. നല്ല തഴക്കം വന്ന ഒരു സംവിധായകന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രം പോലെ തോന്നും കണ്ടു കഴഞ്ഞാൽ. എത്ര ആയാലും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സർവകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ ഗുണം കാണിക്കാതിരിക്കില്ലല്ലോ! ലിജോ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ ആണെന്ന് ഒരിക്കൽ വിശേഷിപ്പിച്ചതാണ് ടിനു പാപ്പച്ചനെ. എന്തായാലും അടുത്ത സിനിമക്ക് വേണ്ടി കാത്തിരിക്കുന്ന സംവിധായകരിലേക്കു ഒരാൾ കൂടി.

സിനിമയുടെ തിരക്കഥ എഴുതിയ ദിലീപ് കുര്യനെ പ്രത്യേകം അഭിനന്ദിക്കണം. മുക്കാൽ പങ്കും ജയിലിന്റെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന കഥയെ ഇത്രകണ്ട് ത്രില്ലിങ് ആക്കി എഴുതിയതിൽ. പിന്നെ എടുത്തു പറയേണ്ട ഒരാൾ പശ്ചാത്തല സംഗീതം നിർവഹിച്ച ദീപക് അലക്സാണ്ടർ ആണ്. സിനിമ ഇത്രകണ്ട് ത്രില്ലിങ് ആയിട്ടുണ്ടെൽ അതിൽ വലിയൊരു പങ്കു വഹിച്ചതു പശ്ചാത്തല സംഗീതം തന്നെയാണ്.

ചുരുക്കത്തിൽ ധൈര്യമായി തീറ്ററിൽ പോയി കാണാവുന്ന ഒരു കിടിലൻ ത്രില്ലർ ആണ് ചിത്രം. മലയാളത്തിലെ ആദ്യത്തെ മുഴുനീള ജയിൽചാട്ട ചിത്രം. പ്രിസൻ ബ്രേക്ക് ഒക്കെ കണ്ടു ത്രിൽ അടിച്ചിരുന്ന മലയാളി ഒരിക്കൽ എങ്കിലും ആലോചിച്ചു കാണും ഇതുപോലെ ഒക്കെ ഒരു ജയിൽ ചാട്ട ഫിലിം എന്നാണ് കേരളത്തിൽ വരിക എന്ന്‌. എന്തായാലും ഇനി മുതൽ നമുക്കും ധൈര്യമായി പറയാം ഇവിടെയും ഉണ്ട് അത്തരത്തിൽ ഒരു കിടിലൻ ചിത്രം എന്ന്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo