ബോബൻ സമുവേൽ സംവിധാനം ചെയ്ത അഞ്ചാമത് ചിത്രമാണ് വികടകുമാരൻ. ഇതിനു മുന്നത്തെ നാലു ചിത്രങ്ങളിൽ ജനപ്രിയനും റോമൻസും മാത്രം ആണ് ഞാൻ കണ്ടിട്ടുള്ളത്. ആ രണ്ടു ചിത്രങ്ങളും ഇഷ്ടമായതുകൊണ്ടു തന്നെ വിഷ്ണു ഉണ്ണികൃഷ്‌ണനെ നായകനാക്കി അടുത്ത സിനിമ പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷയും ഏറെ ആയിരുന്നു.

ഒരുപാട് സിനിമകളിൽ ഇതിന് മുന്നേ കണ്ട കേസില്ലാ വക്കീലിന്റെ പരാക്രമങ്ങൾ തന്നെ ആണ് വികടകുമാരനും പറയുന്നത്. കോമഡി ത്രില്ലർ വിഭാഗത്തിൽ ആണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്. കോമഡി ത്രില്ലർ എന്ന വിഭാഗത്തിൽ ചിത്രം എടുക്കുമ്പോൾ കോമഡിയും ത്രില്ലറും സമാസമം ചേരണം. ഇവിടെ കോമഡി രംഗങ്ങൾ അത്യാവശ്യം നന്നായപ്പോൾ ത്രിൽ അടിപ്പിക്കുക എന്ന ഘടകം അത്രകണ്ടു ഏശിയില്ല എന്നു പറയേണ്ടി വരും.

പഴുതുകൾ അടഞ്ഞ തിരക്കഥയിൽ ആണ് നല്ലൊരു ത്രില്ലർ സൃഷ്ടിക്കപ്പെടുന്നത്. അതുപോലെ തന്നെ നല്ലൊരു ത്രില്ലർ ഒരിക്കലും യാദൃശ്ചികതകളെ ആശ്രയിച്ചല്ല കഥപറയേണ്ടതും. വികടകുമാരനിൽ ഈ രണ്ടു സംഭവവും വന്നിട്ടുണ്ട്. തിരക്കഥയിൽ മൊത്തം അനുഭവപ്പെട്ട ലൂപ്പ് ഹോളുകൾ ഒരു ത്രില്ലർ എന്ന നിലയിൽ ചിത്രത്തെ പിറകോട്ട് അടിക്കുന്നുണ്ട്. സിനിമ കഴിയുമ്പോളും ഒരുപാട് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ മനസ്സിൽ കിടക്കും. അതുപോലെ തന്നെ യാദൃശ്ചികതയുടെ അതിപ്രസരവും ചിത്രത്തിൽ കാണാം. ക്ലൈമാക്സ് ഉൾപ്പടെ സിനിമയുടെ പ്രധാനഭാഗങ്ങളിൽ എല്ലാം കഥയെ മുന്നോട്ടു നയിക്കുന്നത് യാദൃശ്ചികത ആണെന്ന് പറയേണ്ടി വരും. ഒരു ത്രില്ലർ എന്ന നിലയിൽ ചിത്രം വല്ലാതെ പുറകോട്ടു പോവുന്നതും ഇതുകൊണ്ടൊക്കെ തന്നെ.

കുടുംബത്തിൽ അത്യാവശ്യം പ്രാരാബ്ധങ്ങൾ ഒക്കെ ഉള്ള ബിനു വക്കീൽ ആയി വിഷ്ണു ഉണ്ണികൃഷ്ണൻ നല്ല പ്രകടനം ആയിരുന്നു. ആൾക്ക് ചേരുന്ന റോൾ നന്നായി തന്നെ ചെയ്തു. ബിനു വക്കീലിന്റെ ഗുമസ്തന്റെ റോൾ ധർമജൻ ചെയ്തു. കട്ടപ്പനയിൽ തന്നെ ഒരുപാട് ഇഷ്ടപെട്ട വിഷ്ണു-ധർമജൻ കോംബോ തന്നെ ആണ് ചിത്രത്തിൽ മികച്ചു നിന്നതു. കോമഡി രംഗങ്ങൾ ഒക്കെ നന്നായിരുന്നു. വില്ലൻ ആയി വന്ന ജിനു ജോസഫിന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്. ശരാശരി ചിത്രത്തിലെ നല്ലൊരു പ്രകടനം എന്നു പറയാം. സാധാരണ കോമഡി ചെയ്തു വെറുപ്പിക്കാറുള്ള സംവിധായകൻ റാഫി ഈ ചിത്രത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചു.

ചുരുക്കത്തിൽ അവധിക്കാലത്ത് ഫാമിലിക്കൊക്കെ കയറി കാണാവുന്ന ഒരു കോമഡി ചിത്രം ആണ് വികടകുമാരൻ. ഒരു ശരാശരി എന്റർട്ടനേർ ആണ് ലക്ഷ്യം എങ്കിൽ കയറി കാണാം അല്ല പഴുതടച്ച നല്ലൊരു ത്രില്ലർ ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ തിയേറ്ററിന്റെ പരിസരത്തു പോവേണ്ടതില്ല.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo