ഒരു ഒന്നൊന്നര വർഷം മുന്നത്തെ കഥയാണ്. അന്നൊരു സാലറി ദിവസം ആയിരുന്നു. സാലറി വരുന്ന അന്ന് എന്തെങ്കിലും കാര്യമായി പോയി ഫുഡ് അടിക്കുന്നത് പതിവായിരുന്ന സമയം. അന്നും പതിവ് പോലെ സാലറി വന്നു. ഞാൻ, ഷൈൻ, നിജി ഞങ്ങൾ മൂന്നു പേരും കൂടി ചലക്കുടിക്കു വിട്ടു. മോഡി ഹോട്ടലിൽ കയറി കുറെ ഗ്രിൽഡ് ചിക്കൻ കഴിച്ചു അതു കഴിഞ്ഞു കുറെ ഐസ് ക്രീം കഴിച്ചു. മൊത്തത്തിൽ വയർ ഫുൾ ആക്കി ഒരു 500 രൂപയോളം പൊട്ടിച്ച ശേഷം ആണ് അവിടുന്നു പോന്നത്. ചാലക്കുടി വന്നു നിജിയെ ബസ് കയറ്റി വിട്ട ശേഷം തിരിഞ്ഞു നടക്കുമ്പോൾ പെട്ടെന്നൊരു മനുഷ്യൻ മുന്നിൽ കയറി വന്നു. ആദ്യ കാഴ്ചയിൽ ഒന്നു ഞെട്ടി എങ്കിലും എന്താ എന്ന മട്ടിൽ ഞാൻ ഒന്ന് മുഖത്തു നോക്കി. വളരെ ദയനീയമായി ആള് പറഞ്ഞു

"ഭക്ഷണം കഴിച്ചിട്ട് കുറെ ആയി ഒരു പത്തു രൂപ തരോ ഒരു ചായ കുടിക്കാൻ ആണ്"

ആളുടെ രൂപവും ഭാവവും ദയനീയമായ ചോദ്യവും കണ്ടു ഞാൻ ഒരുമാതിരി ആയി. എന്നെ ഏറ്റവും അലട്ടിയത് കുറച്ചു മുന്നേ ആണ് ഞങ്ങൾ 500 രൂപയോളം മുടക്കി ഒരുപാട് കുറെ ഫുഡ് വാങ്ങി ആർഭാഢമായി കഴിച്ചതെന്ന വസ്തുത ആണ്. ഇവിടെ ഒരാൾ 10 രൂപക്ക് ചായ കുടിക്കാൻ പറ്റാതെ വിശന്നു നടക്കുമ്പോൾ ആണ് തൊട്ടടുത്ത് ഒരു ഹോട്ടലിൽ ഇരുന്നു ഞാൻ വയറിനു വേണ്ടാഞ്ഞിട്ടു കൂടി അത്രയും ഭക്ഷണം കുത്തി കയറ്റിയത്. കഴിച്ചത് അത്രയും ആ നിമിഷത്തിൽ ദഹിച്ച പോലൊരു തോന്നൽ.

ഞാൻ പേഴ്സ് തുറന്നു. അതിൽ ആകെ ഉള്ളത് ഒരു 100 രൂപയുടെ നോട്ടാണ്. അതെടുത്തു ആൾക്ക് കൊടുത്തു. ആ നോട്ടിലേക്കു നോക്കിയ അയാളുടെ മുഖത്തു കണ്ട സന്തോഷം. അതിനു ശേഷം ഉണ്ടായ ആളുടെ പ്രവർത്തി പിന്നീട് ഒരുപാട് നാളേക്ക് എന്നെ വേട്ടയാടിയിരുന്നു. ആള് അങ്ങനെ എന്റെ കാൽക്കൽ വീണു. ഒട്ടും വിചാരിക്കാത്ത ആ സന്തോഷ പ്രകടനത്തിൽ അമ്പരന്ന ഞാൻ ഒന്ന് പുറകിലേക്ക് ചാടി. ആളുടെ കൈ എന്റെ കാലിൽ തൊടീക്കുന്നതിലും വലിയ ഒരു അപരാധം എനിക്ക് ലഭിക്കാൻ ഇല്ല എന്നെനിക്കു തോന്നി.

"ഏയ് എന്താ ഇതു. എഴുന്നേൽക്കു"

എന്നെല്ലാം ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അവസാനം എഴുന്നേൽക്കുമ്പോളും ആളുടെ കണ്ണു നിറഞ്ഞിരുന്നു. ചുരുട്ടി പിടിച്ച 100 രൂപ കയ്യിൽ ഒതുക്കി കൈ കൂപ്പി ആള് എന്നോട് പറഞ്ഞു

"നന്നായി വരും"

എന്നിട്ടയാൽ തിരിച്ചു നടന്നു. വല്ലാത്തൊരു മരവിപ്പോടെ ഞാൻ അയാളെ തന്നെ നോക്കി നിന്നു.

എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടക്കു വേറെ ആരും എന്റെ കാലിൽ വീണിട്ടില്ല. അന്ന് ഉണ്ടായ പോലെ ഒരു മരവിപ്പും പിന്നീടൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. വിശപ്പ് എത്ര ഭീകരം ആണെന്നും. വിശക്കുന്നവനു ഭകഷ്ണം കൊടുക്കുന്നത് എത്ര വലിയ നന്മ ആണെന്നും നേരിട്ടു തിരിച്ചറിഞ്ഞ ഒരു നിമിഷം. ആ മനുഷ്യൻ കണ്ണീരോടെ പറഞ്ഞ "നന്നായി വരും" എന്ന വാക്കുകൾക്ക് മുകളിൽ എന്തു നല്ല വാക്കാണ് എനിക്ക് ഈ ജീവിതത്തിൽ ഇനി കിട്ടാൻ ഉള്ളത്.

For More Visit: http://dreamwithneo.com

#NPNRandomThoughts #DreamWithNeo