നീണ്ട മുപ്പതു കൊല്ലത്തിനു ശേഷം ഇന്ത്യയിൽ ഇറങ്ങുന്ന സൈലന്റ് മൂവി ആണ് മെർക്കുറി. സൈലന്റ് എന്നു പറയുമ്പോൾ ഒട്ടും സംഭാഷണങ്ങൾ ഇല്ല എന്നെ അർത്ഥം ഉള്ളു. അല്ലാതെ യാതൊരു വിധ ശബ്ദവും സിനിമയിൽ ഇല്ല എന്നല്ല. കാർത്തിക് സുബ്ബരാജ് എന്ന സംവിധായകനിൽ ഉള്ള വിശ്വാസവും ഇഷ്ടവും തന്നെയാണ് മെർക്കുറിക്കു വേണ്ടി ഉള്ള കാത്തിരിപ്പിന് പ്രധാന കാരണം. ആദ്യ മൂന്ന് ചിത്രങ്ങൾ കൊണ്ടു തമിഴ് സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുത്ത കാർത്തിക് ഒരു സൈലന്റ് ഹൊറർ ത്രില്ലറും ആയി വരുമ്പോൾ പ്രതീക്ഷ ഏറുന്നത് സ്വാഭാവികം.

മെർക്കുറി വിഷബാധ കാരണം കേൾവി ശേഷി നഷ്ടപെട്ട അഞ്ചു സുഹൃത്തുക്കളുടെ രണ്ടു ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. പൂർവ വിദ്യാർത്ഥി സംഗമത്തിന് ഒത്തു ചേരുന്ന അവർ അവിചാരിതമായി അകപ്പെട്ടുപോവുന്ന ഒരു പ്രശനത്തോട് ബന്ധപ്പെടുത്തി ചിത്രത്തിന്റെ കഥ വികസിക്കുന്നു. കേൾവി ശേഷി ഇല്ലാത്തവർ ആയതുകൊണ്ട് തന്നെ അവരുടെ കഥയിൽ സംഭാഷങ്ങൾക്കു എന്തു പ്രസക്തി. പതിഞ്ഞ താളത്തിൽ തുടങ്ങി ആദ്യത്തെ ഒരു അര മണിക്കൂറിനു ശേഷം നല്ല ത്രില്ലിങ് ആയി നല്ലൊരു ഇന്റർവെൽ പഞ്ചോടെ ആദ്യ പകുതി അവസാനിക്കുന്നു. രണ്ടാം പകുതി മുഴുവനായും ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലിങ് അനുഭവം ആണ് പ്രേക്ഷകന് തരുന്നത്. അതിൽ തന്നെ അവസാന 20 മിനുറ്റ് സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. സിനിമയിൽ ഏറ്റവും ഇഷ്ടപെട്ടതും ഈ ക്ലൈമാക്സ് സീനുകൾ തന്നെ.

അഭിനയിച്ചവർ എല്ലാവരും നന്നായി തങ്ങളുടെ ഭാഗം നന്നായി തന്നെ ചെയ്‌തു. സംഭാഷണം ഇല്ല എന്നത് ഒരിക്കലും ഒരു കുറവായി അനുഭവപ്പെട്ടില്ല. നന്നായി ഡാൻസ് കളിക്കും എന്നല്ലാതെ പ്രഭുദേവ ഒരു നല്ല നടൻ ആണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ലായിരുന്നു. ആ ഒരു ചിന്ത എന്തായാലും ഇന്നലത്തോടെ മാറി കിട്ടി. ഇത്തിരി നെഗേറ്റിവ് ആയ റോൾ ആണെന്ന് ആദ്യമേ കേട്ടിരുന്നു. പ്രഭുദേവയെകൊണ്ടു ഇതൊക്കെ പറ്റുമോ എന്ന് ഞാനും ആലോചിച്ചിരുന്നു. എന്തായാലും എല്ലാ പ്രതീക്ഷകൾക്കും മുകളിൽ നിന്നുകൊണ്ടുള്ള ഒരു പ്രകടനം തന്നെ പ്രഭുദേവയിൽ നിന്നും കാണാൻ കഴിഞ്ഞു.

എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രത്തിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചാണ്. സംഭാഷണങ്ങൾ ഇല്ലാതെ കഥ പറയുന്ന ഒരു ചിത്രത്തിന് നല്ല പശ്ചാത്തല സംഗീതം എന്നത് അത്യന്താപേക്ഷിതമാണ്. സിനിമ പങ്കു വെക്കുന്ന ത്രില്ലിങ് ആയാലും ഭയം ആയാലും പ്രണയം ആയാലും പ്രേക്ഷകരിലേക്കു എത്തിക്കുന്നതിൽ സന്തോഷ് നാരായണന്റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല.

മൊത്തത്തിൽ നല്ലൊരു ഹൊറർ ത്രില്ലർ ആണ് മെർക്കുറി. ചില ഭാഗങ്ങളിൽ കഥ ഊഹിക്കാൻ പറ്റുന്നത് ഒഴിച്ചാൽ വേറെ പ്രശനങ്ങൾ ഒന്നും തോന്നിയില്ല. എന്നിരുന്നാലും സംഭാഷണങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. വ്യത്യസ്തമായ ചിത്രങ്ങൾ കാണണം എന്നുള്ളവർ തീർച്ചയായും പോയി കാണുക.

സിനിമ സ്വപ്നം കാണുന്ന എല്ലാവർക്കും വല്ലാത്തൊരു പ്രചോദനം ആണ് കാർത്തിക് സുബ്ബരാജ്. വിദേശത്തു നല്ല ജോലിയിൽ ഇരിക്കുമ്പോൾ കലൈഞ്ജർ ടീവിയുടെ നാളയ ഇയകുനർ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തി. ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ചത് ജിഗർത്താണ്ട എന്ന തന്റെ സ്വപന പ്രോജക്ട് ആയിരുന്നു. പക്ഷെ അതിനു നിർമാതാവിനെ കിട്ടാതെ ആയപ്പോൾ. പിസ എന്ന പേരിൽ കുറഞ്ഞ നിർമ്മാണ ചിലവിൽ കിടിലൻ ഒരു ഹൊറർ സബ്ജെക്റ്റുമായി മുന്നോട്ടു വന്നു. അതു വലിയ ഹിറ്റ് ആയപ്പോൾ ജിഗർത്താണ്ട ചെയ്യാൻ താനേ അവസരം കൈ വന്നു. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച ഗാംഗ്സ്റ്റർ സിനിമകളിൽ ഒന്നാക്കി ജിഗർത്താണ്ടയെ മാറ്റി എടുത്തു കാർത്തിക്. മൂന്നാമത്തെ ചിത്രം ഇരവിയിലൂടെ പെണ് സമൂഹത്തിന്റെ കഥ ആണിന്റെ കണ്ണിലൂടെ പറഞ്ഞു വീണ്ടും കയ്യടി നേടി. ഇപ്പോൾ നാലാമത്തെ ചിത്രമായ മെർക്കുറിയിലൂടെ സംഭാഷണങ്ങൾ ഇല്ലാത്ത ഹൊറർ ത്രില്ലർ തന്നുകൊണ്ടു വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നു. കാർത്തിക്കിന്റെ തന്നെ കഴിഞ്ഞ ചിത്രമായ ഇരവിയിൽ ഒരു ഡയലോഗ് ഉണ്ട്. "നാമ പേസ കൂടാത്, നമ്മ പടം താൻ പേസണം." ഇന്നലെ രാത്രി മെർക്കുറി കണ്ടിറങ്ങുമ്പോൾ ഞാനും മനസിൽ ഓർത്തു അതേ കാർത്തിക് സുബ്ബരാജിനെ സിനിമകൾ തന്നെയാണ് സംസാരിക്കുന്നത്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo