"History is a set of lies agreed upon."

"കൂടി ആലോചിച്ചുറപ്പിക്കപെട്ട ഒരു കൂട്ടം നുണകളെ ചരിത്രം എന്നു വിളിക്കുന്നു."

നെപ്പോളിയൻ പറഞ്ഞ ഈ വാക്കുകൾ സ്ക്രീനിൽ കാണിച്ചുകൊണ്ടാണ് കമ്മാരസംഭവം തുടങ്ങുന്നതും അവസാനിക്കുന്നതും. അതിനിടയിൽ ഉള്ള മൂന്നു മണിക്കൂറിൽ ചിത്രം പറയുന്നതും നുണകൾ കൊണ്ടു മെടഞ്ഞ ചരിത്രത്തെ കുറിച്ചു തന്നെ.

കമ്മാര സംഭവം ഒരു ആക്ഷേപഹാസ്യ ചിത്രം ആണെന്ന് ആദ്യം തന്നെ കേട്ടിരുന്നു. പീരിയഡ് കഥ വെച്ചു എങ്ങനാ ആക്ഷേപ ഹാസ്യം ചെയ്യുക എന്നു ഇതു കേട്ട പലരും ചിന്തിച്ചു കാണണം. പിന്നെ ഇത്തരത്തിൽ പല ജേര്ണറുകൾ കൂടിച്ചേർന്നുള്ള സിനിമകൾ എടുക്കുമ്പോൾ ഏതെങ്കികും ഒന്നു ഒരല്പം കൂടിയോ കുറഞ്ഞോ പോയാൽ കാണുന്ന പ്രേക്ഷകർക്ക് ആ ചിത്രം അസഹനീയം ആയി മാറും. ഇവിടെ കമ്മാരസംഭവത്തിൽ ഇതെല്ലാം ആവശ്യത്തിനു മാത്രം ആണ് ചേർത്തിട്ടുള്ളൂ. അതുകൊണ്ടു തന്നെ മൂന്നുമണിക്കൂറിൽ കൂടുതൽ ദൈർഘ്യം ഉണ്ടായിട്ടും എവിടെയും മടുപ്പിക്കുന്നില്ല ചിത്രം.

രസികൻ ഒഴികെ ഉള്ള മുരളി ഗോപി എഴുതിയ എല്ലാ ചിത്രങ്ങളും ഇഷ്ടം ആയ ആളാണ് ഞാൻ. എല്ലാവരാലും പഴി കേൾക്കപ്പെട്ട ടിയാൻ വരെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പല ലെയറുകളിൽ കഥ പറയുന്ന കമ്മാര സംഭവത്തെയും മികച്ച ഒരു അനുഭവം ആക്കിയതിൽ മുരളി ഗോപിയുടെ എഴുത്തിനുള്ള പങ്ക് വളരെ വലുതാണ്.

അഭിനയിച്ചവരിൽ ദിലീപും സിദ്ധാർഥും തങ്ങളുടെ റോൾ മികച്ചതാക്കി. ഒന്നു കൂടി നന്നായി തോന്നിയത് സിദ്ധാർഥിന്റെ റോൾ ആണ്. എന്തായാലും ദിലീപ് നല്ലൊരു അഭിനന്ദനം തന്നെ അർഹിക്കുന്നുണ്ട്. ഈ ഒരു സമയത്തു ഇത്തരം ഒരു ചിത്രം ചെയാൻ കാണിച്ച ധൈര്യത്തിന്. മുരളി ഗോപി പറഞ്ഞിരുന്നു കമ്മാരൻ നമ്പ്യാർ എന്ന റോളിന് ദിലീപ് മാത്രമേ ശരി ആവുള്ളു എന്നു തോന്നിയിരിന്നു അതുകൊണ്ടാണ് ആ റോൾ ദിലീപിനെ ഏല്പിച്ചതെന്നു. സിനിമ കണ്ടു കഴിഞ്ഞാൽ നമുക്കും മനസ്സിലാവും ആ റോൾ ദിലീപിന് മാത്രമേ ചെയാൻ പറ്റു എന്നു.

സാങ്കേതിക വശങ്ങളിൽ ചിത്രം മികച്ചു നിന്നു. കഥ നടക്കുന്ന കാലഘട്ടം കാണിച്ച രീതിയിൽ ആവട്ടെ VFXൽ ആവട്ടെ മലയാള സിനിമയിൽ സാധാരണ കാണുന്നതിനെക്കാൾ പൂർണത എല്ലാറ്റിനും ഉണ്ടായിരുന്നു. പിന്നെ എടുത്തു പറയേണ്ട ഒന്നു ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതത്തെ കുറിച്ചാണ്. അതിൽ തന്നെ സിദ്ധാർഥിനും ശ്വേത മേനോനും കിട്ടിയ തീം മ്യൂസിക്കുകൾ മികച്ചു നിന്നു.

നിങ്ങൾ എല്ലാവരും ട്രെയ്‌ലർ ഒക്കെ കണ്ടു മനസിൽ കരുതി വെച്ച ചിത്രം ആവില്ല കമ്മാരസംഭവം. എല്ലാ കഥാപാത്രങ്ങൾക്കും രണ്ടു കഥകൾ ഉണ്ട് ഇതിൽ. ചരിത്രവും പിന്നെ ചതിത്രവും. യഥാർത്ഥത്തിൽ നടന്ന കഥയും ചരിത്രമായി കൊണ്ടാടപെട്ട മറ്റൊരു കഥയും. അതുകൊണ്ടു തന്നെ ഒരു കഥയിൽ നായക സ്ഥാനത്തു കണ്ടവരെ അടുത്ത കഥയിൽ പ്രതിനായകസ്ഥാനത്തു കണ്ടേക്കാം. അതു മാത്രമല്ല ഇതൊരു ആക്ഷേപഹാസ്യ ചിത്രം ആയതുകൊണ്ട് തന്നെ അതും ഇടക്കിടെ പ്രതീക്ഷിക്കാം. ഇതുകൊണ്ടൊക്കെ തന്നെ ഒരിക്കലും എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു ചിത്രം അല്ല കമ്മാരസംഭവം. ഈ കാര്യങ്ങൾ ഒക്കെ മനസ്സിൽ വെച്ചു കാണാൻ കയറിയാൽ എനിക്കിഷ്ടപെട്ട പോലെ നിങ്ങൾക്കും കമ്മാരനെ ഇഷ്ടപ്പെട്ടേക്കാം. നല്ലൊരു ചിത്രം കാണുക എന്നതിലുപരി കൊട്ടിഘോഷിക്കപ്പെട്ട ജനപ്രിയനായകന്റെ ലുക്കും മാസ് പരിവേഷവും മാത്രം പ്രതീക്ഷിച്ചണേൽ ടിക്കറ്റ് എടുക്കേണ്ടതില്ല.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo