വർഷം 2011 തുടക്കം.

ഞാൻ ഒരു കനത്ത മമ്മൂക്ക ഫാൻ ആയിരുന്ന കാലം.

ഒറ്റക്ക് സിനിമക്ക് പോവുന്നത് ഒന്നും തുടങ്ങീട്ടില്ല. നല്ല പടം ആണെന്നു കേട്ടാൽ പട്ടാമ്പി തീയറ്ററിൽ വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ഒപ്പം പോയി കാണും. പട്ടാമ്പി അന്ന് റിലീസ് ഇല്ല. ഒരു സിനിമ ഇറങ്ങി മാസങ്ങൾ കഴിഞ്ഞാവും ഇവിടെ വരുന്നത്. അതും ഞങ്ങൾ സ്ഥിരം എടുക്കാറുള്ളത് ബാൽക്കണി ടിക്കറ്റ് ആണ്. അധികവും കുടുംബപ്രേക്ഷകരാൽ നിറഞ്ഞിരുന്ന ബാൽക്കണിയിൽ ഇരുന്നു റിലീസ് ചെയ്തു മാസങ്ങൾക്ക് ശേഷം സിനിമ കാണുന്നത് കൊണ്ടു തന്നെ സിനിമടെ ഇടക്ക് എഴുന്നേറ്റു നിന്നുള്ള കയ്യടിയും ആർപ്പു വിളികളും ഒന്നും എനിക്കത്ര പരിചിതമല്ലായിരിന്നു.

ആ ഇടക്കാണ് ജില്ലാതല ഗണിതമേളയിൽ നിന്നും രണ്ടാം സ്ഥാനം കൈവരിച്ചു സംസ്ഥാന ഗണിത മേളയിൽ പങ്കെടുക്കാൻ എനിക്ക് അവസരം വന്നത്. ആലുവ വെച്ചാണ് പരിപാടി. തൃശ്ശൂരിന് അപ്പുറത്തേക്ക് അച്ഛനും അമ്മയും ഇല്ലാതെ പോയിട്ടില്ലാത്ത എനിക്ക് ആലുവ എന്നത് കേട്ടുപരിചയം മാത്രമുള്ള ഒരു സ്ഥലം ആയിരുന്നു. എന്റെ സ്കൂളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ മൂന്നു പേർ ഉണ്ടായിരുന്നു. ആലുവ കൊണ്ടുപോയി ആക്കാൻ ഒരു മാഷ് കൂടെ വരും എന്നും പക്ഷെ തിരിച്ചു ഞങ്ങൾ ഒറ്റക്ക് വരണം എന്നുമായിരുന്നു തീരുമാനം.

അങ്ങനെ ആലുവ എത്തി. രജിസ്ട്രേഷൻ കാര്യങ്ങൾ ഒക്കെ ശരിയാക്കി മാഷ് തിരിച്ചു പോയി. ഇനി രണ്ടു ദിവസത്തെ പരിപാടിയിൽ ഞങ്ങൾ മാത്രം. അവിടെ ഉള്ള ഒരു സ്കൂളിൽ ആയിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ വന്ന ബോയ്സിനെല്ലാം താമസ സൗകര്യം ഒരുക്കിയിരുന്നത്. ആദ്യ ദിവസത്തെ പരിപാടി കഴിഞ്ഞു തിരിച്ചു താമസ സ്ഥലത്തു എത്തി. ഭക്ഷണവും കഴിഞ്ഞു കോമണ് റൂമിൽ ഇരിക്കുന്ന നേരം ഞങ്ങളിൽ ആരോ ഒരു കാര്യം മുന്നോട്ടു വെച്ചു "നമുക്ക് സിനിമക്ക് പോയാലോ?" എന്ന്.

ആദ്യം ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞ ഞാൻ സിനിമ "ബെസ്റ്റ് ആക്ടർ" ആണെന്ന് കേട്ടപ്പോൾ സമ്മതം മൂളി. അന്നത്തെ കാലത്തു ഒരു ഭീകര മമ്മൂട്ടി ഫാൻ ആയിരുന്നു ഞാൻ. മമ്മൂട്ടിയുടെ പടം ആണെന്ന് കേട്ടപ്പോൾ മനസ്സിൽ ലഡു പൊട്ടി ഒകെ പറഞ്ഞതും അതുകൊണ്ട് തന്നെ. അങ്ങനെ ഞാൻ വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു സമ്മതവും വാങ്ങി സിനിമക്ക് പോവാൻ തയ്യാറായി. ഓർമയിൽ എന്റെ ആദ്യത്തെ സെക്കൻഡ് ഷോ അനുഭവം ആണത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം അല്ലാതെ സുഹൃത്തുക്കളുടെ ഒപ്പം സിനിമക്ക് പോവുന്നതും ആദ്യം.

അങ്ങനെ സിനിമ തുടങ്ങി. അല്ലറ ചില്ലറ കൊമടികളും സെന്റി സീനുകളും ഒക്കെ ആയി പുരോഗമിച്ചു. TVയിൽ ഒക്കെ കാണിച്ച ഗുണ്ട ലുക്ക് ഉള്ള മമ്മൂട്ടിയെ മാത്രം കാണാൻ സാധിച്ചില്ല. അങ്ങനെ പടം തുടങ്ങി ഒരു മണിക്കൂറിനു ശേഷം ഈ ഇന്റർവെൽ സീൻ എത്തി. സലീം കുമാർ നെടുമുടിയോട് ഞാൻ കൊണ്ടുവന്ന ആളെ കാണാൻ പറഞ്ഞ ശേഷം ഉള്ള സീൻ. ഓട്ടോയിൽ നിന്നും സ്റ്റൈലിഷ് ആയി പുറത്തിറങ്ങുന്ന മമ്മൂക്ക. ശേഷം സ്ലോ മോഷനിൽ ഉള്ള നടന്നു വരവും, കൂടെ ആ അഡാറ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. ഹോ! തൊട്ടു മുന്നിൽ ഇരുന്ന നാലു പേർ ചാടി എഴുന്നേറ്റു കയ്യിൽ കരുതിയിരുന്ന പേപ്പർ കഷ്ണങ്ങൾ ഒക്കെ ചീന്തി മുകളിലേക്ക് എറിഞ്ഞു. കനത്ത ആർപ്പു വിളികൾക്കും കയ്യടികൾക്കും ഇടയിൽ തീയേറ്റർ ആകെ കിടന്നു കുലുങ്ങുന്ന അവസ്ഥ.

ബാൽക്കണിയിൽ ഫാമിലി പ്രേക്ഷകർക്ക് കൂടെ ഇരുന്നു മാത്രം പടം കണ്ടു ശീലിച്ചവന് അതൊരു പുതിയ അനുഭവം ആയിരുന്നു.

കനത്ത ഇക്ക ഫാൻ ആയിരുന്ന എന്റെ ഞെരമ്പിലും ചോരയോട്ടം കൂടി. ആർപ്പു വിളിച്ചും കയ്യടിച്ചും ഞാനും അവർക്കൊപ്പം കൂടി. ആ സീനിലെ മമ്മൂക്കയുടെ ഓരോ ഡയലോഗിനും കയ്യടി ആയിരുന്നു. പല ഡയലോഗുകളും ജനങ്ങളുടെ ആർപ്പു വിളി കാരണം ഞങ്ങൾക്ക് കേൾക്കാൻ പറ്റാത്ത അവസ്ഥ.

" സീനൊക്കെ ഇനി മാറും.
ഇതുവരെ നിങ്ങൾ കണ്ടത് കഥ പടം. ഇനി.. ഹ..
പിക്ചർ അബി ബി ബാക്കി ഹേ ഭായ്.. "

ഈ ഡയലോഗോട് കൂടി ആ സീൻ അവസാനിക്കുമ്പോൾ തുടർച്ചയായ ആർപ്പു വിളികൾ കാരണം ഞങ്ങളിൽ പലരുടെയും തൊണ്ട അടഞ്ഞിരുന്നു. ആ സിനിമയിൽ ഞാൻ ഏറ്റവും ആസ്വദിച്ച ഒരു രംഗം ആണിത്. 17 കൊല്ലത്തിനിടക്കു ഞാൻ ഏറ്റവും കൂടുതൽ ആഘോഷിച്ചു കണ്ട സിനിമാ രംഗവും അതു തന്നെ. ഒച്ചവെച്ചും കയ്യടിച്ചും, ഇങ്ങനെയും സിനിമ ആസ്വദിക്കാം എന്നു എനിക്ക് മനസ്സിലാക്കി തന്ന സീൻ. പിന്നീട് ഒരുപാട് നാളത്തേക്ക് മാസ് എന്നാൽ എന്ത് എന്നതിന് എനിക്ക് ആകെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു ഈ സീൻ മാത്രം. ഇന്നും, ഇത്രയും വര്ഷങ്ങൾക്കിപ്പുറവും കണ്ടാൽ രോമാഞ്ചം വരുന്ന ഒരു സീൻ. എനിക്കേറ്റവും പ്രിയപ്പെട്ട ഇന്റർവെൽ ബ്ലോക്കുകളിൽ ഒന്ന്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo