ഒരുപാട് നാളുകൾക്കു ശേഷം ആണ് മമ്മൂട്ടിയുടെ ഒരു സിനിമ ആദ്യ ദിനം കാണാൻ വേണ്ടി കാത്തിരിക്കുന്നത്. ജോയ് മാത്യു എന്ന എഴുത്തുകാരനിൽ ഉള്ള വിശ്വാസം തന്നെ ആയിരുന്നു ആ കാത്തിരിപ്പിന് ഒരു പ്രധാന കാരണം. അങ്കിൾ ആ വിശ്വാസത്തെ ഒട്ടും തന്നെ തെറ്റിച്ചില്ലെന്നു പറയേണ്ടി വരും. ഷട്ടർ എന്ന തന്റെ ആദ്യ ചിത്രം കപട സദാചാര ബോധത്തിന്റെ "നെഞ്ചത്തുള്ള ഒരു ചവിട്ടായിരുന്നെങ്കിൽ" കപട സദാചാരവാദികൾക്ക് "മുഖമടച്ചോരു അടി" കൊടുക്കുകയാണ് അങ്കിൾ.

നെഗേറ്റിവ് ടച്ച് ഉള്ള റോളുകളിൽ എപ്പോൾ ഒക്കെ വന്നിട്ടുണ്ടോ അപ്പോൾ ഒക്കെ വിസ്മയിപ്പിച്ച ഒരാളാണ് മമ്മൂട്ടി. അങ്കിളിലേ കൃഷ്ണകുമാറിലേക്കെത്തുമ്പോളും സ്ഥിതി മറ്റൊന്നല്ല. തീർത്തും അങ്ങു നെഗേറ്റിവ് എന്നൊന്നും വിളിക്കാൻ പറ്റില്ല കൃഷ്ണകുമാർ എന്ന കെകെയെ. ഒരു ഗ്രെ ഷെയ്ഡ് ഉള്ള കഥാപാത്രം എന്നൊക്കെ വേണേൽ പറയാം. സിനിമയിൽ തന്നെ പറയുന്ന പോലെ നമ്മൾ ആരും അത്ര നല്ലവർ ഒന്നും അല്ലല്ലോ?

സ്ത്രീ വിഷയത്തിൽ ഇത്തിരി താല്പര്യം ഒക്കെ ഉള്ള ആളാണ് കെകെ. തന്റെ സുഹൃത്തിന്റെ മകളെ അവിചാരിതമായി ഊട്ടിയിൽ വെച്ചു കാണുമ്പോൾ അവളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാം എന്നും പറഞ്ഞു കാറിൽ കയറ്റി കൊണ്ടുവരികയാണയാൾ. ഈ ഒരു റോഡ് ട്രിപ്പിലൂടെ ആണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതും. കെകെയുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടു തന്നെ കുട്ടിയുടെ അച്ഛന് ടെൻഷൻ ആണ്. പക്ഷെ അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ആയതുകൊണ്ട് തന്നെ തന്റെ ടെൻഷൻ നേരിട്ടു അങ്ങു അവതരിപ്പിക്കാനും ആവുന്നില്ല.

ചിത്രത്തിൽ ഏറ്റവും മികവ് പുലർത്തിയ രണ്ടു കാര്യങ്ങളിൽ ഒന്നു ജോയ് മാത്യുവിന്റെ തിരക്കഥ തന്നെയാണ്. ഒരു കുഞ്ഞു കഥയെ രണ്ടരമണിക്കൂർ നീളമുള്ള ഒരു തിരക്കഥ ആക്കി എഴുതാൻ നല്ലൊരു കഴിവ് തന്നെ വേണം. ഷട്ടറിൽ തന്നെ ശ്രദ്ധിച്ച ഒരുകാര്യമാണ് ജോയ് മാത്യു തിരക്കഥകളിലെ ഡീറ്റൈലിങ്. ബുക് ആയാലും സിനിമ ആയാലും ഡീറ്റൈലിംഗ് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതും സംഭവങ്ങളെക്കാൾ കൂടുതൽ സംഭാഷണങ്ങളാൽ കഥ പറയുന്ന ചിത്രം കൂടി ആണെങ്കിലോ. തിരക്കഥയിലോ സംഭാഷണങ്ങളിലോ ഉള്ള ഒറ്റ കല്ലു കടി പോലും ചിലപ്പോൾ സിനിമയെ കണ്ടിരിക്കാൻ പറ്റാതെ ആക്കിയേക്കാം. മറ്റൊന്ന് മമ്മൂട്ടിക്ക് വേണ്ടി കുത്തി കയറ്റാത്ത സീനുകൾ ആണ്. മെഗാസ്റ്റാർ ആണ് അഭിനയിക്കുന്നതെന്നു കരുതി ആവശ്യമില്ലാത്ത ഒരു ആക്ഷനോ മാസ് ഡയലോഗോ പോലും ചിത്രത്തിൽ ഇല്ല.

ചിത്രത്തിൽ രണ്ടാമത് മികവ് പുലർത്തിയത് മമ്മൂട്ടി തന്നെയാണ്. താൻ ചോദിച്ചു വാങ്ങിയ കെകെ എന്ന റോളിൽ സ്വാഭാവിക അഭിനയം കൊണ്ടു പ്രേക്ഷരെ വിസ്മയിപ്പിക്കുണ്ട് മമ്മൂട്ടി. ശ്രുതിയുമായുള്ള കെകെയുടെ കെമിസ്ട്രിയും നന്നായിരുന്നു. പക്ഷെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് മുത്തുമണി ആണ്. ക്ലൈമാക്സ് സീനുകളിലെ ഒക്കെ അഭിനയവും ഡയലോഗുകളും മികച്ചതായിരുന്നു. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന എല്ലാ സദാചാരക്കാരും കേൾക്കേണ്ട ഡയലോഗുകൾ ആണത്. ക്ളൈമാക്സിൽ ഒരുപാട് കയ്യടികളും വാരികൂട്ടിയതും അവർ തന്നെ. ആണുങ്ങൾ മിണ്ടാതെ നിന്നുപോയ സമയത്തുപോലും പറയാൻ ഉള്ളത് പറയാൻ മടി കാണിക്കാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക വഴി ശക്തമായ സ്ത്രീപക്ഷ നിലപാട് കൂടി വ്യകതമാക്കുന്നുണ്ട് ജോയ് മാത്യു.

കമ്മാര സംഭവത്തിലെ മുരളി ഗോപിയുടെ കാവി രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തൽ കണ്ടു പിടിച്ചവർ എല്ലാം അങ്കിളിലെ ജോയ് മാത്യുവിന്റെ ചുവപ്പു രാഷ്ട്രീയവും ശ്രദ്ധിക്കും എന്നു കരുതുന്നു. രാത്രി അഭയമേകുന്ന കമ്മ്യുണിസ്റ്റ്കാരനായ തോട്ടം തൊഴിലാളി യൂണിയൻ നേതാവും, ആണും പെണ്ണും ഒരുമിച്ചു ഇരിക്കുമ്പോൾ സദാചാരവും പറഞ്ഞു കയറി വരുന്ന കവി മുണ്ടുടുത്ത ഗോപി കുറി തൊട്ടവനും പങ്കു വെക്കുന്നത് മറ്റൊന്നല്ല.

ഒരുപാട് കാലങ്ങൾക്കു ശേഷം മനസ്സു നിറഞ്ഞു തീയേറ്റർ വിടാൻ കഴിഞ്ഞ മമ്മൂട്ടി ചിത്രമാണ് അങ്കിൾ. ഈ സിനിമ ഷട്ടറിനെക്കാൾ മിക്കച്ചതായില്ല എങ്കിൽ ഞാൻ ഈ പണി നിർത്തും എന്നു പറഞ്ഞ ജോയ് മാത്യുവിനു ധൈര്യമായി അടുത്ത സിനിമയ്ക്കുള്ള പണി തുടങ്ങാം. പക്ഷെ വിഷമം തോന്നുന്ന ഒരു കാര്യം ഉണ്ട്. വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് ഞാൻ ഈ സിനിമക്ക് ബുക് ചെയ്യുമ്പോൾ അതുവരെ വിറ്റു പോയ ഒരേ ഒരു ടിക്കറ്റ് എന്റെ ആയിരുന്നു. ഇന്നലെ സിനിമ കാണാൻ പോയപ്പോളും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു. ഗ്രെറ്റ് ഫാദർ 50 കോടി നേടിയ ഇൻഡസ്ട്രിയിൽ അങ്കിൾ 25 കോടി എങ്കിലും നേടിയില്ലേൽ അതിന്റെ നാണക്കേട് മലയാളിക്ക് തന്നെയാണ്.

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo