* സ്പോയ്ലർ ഇല്ല. ചിത്രം കാണാത്തവർക്കും ധൈര്യമായി വായിക്കാം *

"Dread it. Run from it. Destiny still arrives."

"ഭയപ്പെടു. ഓടി രക്ഷപെടു. പക്ഷെ സംഭവിക്കാൻ ഉള്ളത് സംഭവിക്കുക തന്നെ ചെയ്യും"

പത്ത് വർഷം, പതിനെട്ടു സിനിമകൾ, ഇരുപതിൽ കൂടുതൽ സൂപ്പർ ഹീറോകൾ ഇതിനെല്ലാം കൂടി രണ്ടു ചിത്രങ്ങളിലൂടെ പരിസമാപ്തി. ഒട്ടനവധി സൂപ്പർ ഹീറോകൾ ഇതിൽ മരണപ്പെടും എന്നും ഒട്ടേറെ സൂപ്പർ ഹീറോകളുടെ അവസാന ചിത്രം ആവും ഇതെന്നും കിംവദന്തികൾ. രണ്ടാമത്തെ ചിത്രത്തിന്റെ പേര് പോലും ആദ്യ ചിത്രത്തിന് സ്പോയ്ലർ ആവുമെന്ന തരത്തിൽ ഉള്ള പ്രചരണം. ഇതൊന്നും പോരാഞ്ഞു കഴിഞ്ഞ കുറച്ചു ചിത്രങ്ങളിൽ ആയി ഹൈപ്പ് കൂട്ടി കൊണ്ടു വന്ന താനോസ് എന്ന സൂപ്പർ വില്ലനും. ഒരു ശരാശരി സിനിമ പ്രേമിക്കു ഇൻഫിനിറ്റി വാറിന് വേണ്ടി കാത്തിരിക്കാൻ ഈ കാരണങ്ങൾ തന്നെ ധാരാളമായിരുന്നു.

കാത്തിരിപ്പൊന്നും വെറുതെ ആയില്ലെന്നു തന്നെയാണ് ചിത്രം കണ്ടപോളും തോന്നിയത്. എത്രത്തോളം ഹൈപ്പ് തന്നിട്ടുണ്ടോ? അത്രത്തോളം മികച്ചതാക്കിയിട്ടുണ്ട് റൂസോ ബ്രദേർസ് ചിത്രത്തെ.

സിവിൽ വാർ നിർത്തിയേടത്തു നിന്നാണ് ഇൻഫിനിറ്റി വാർ തുടങ്ങുന്നത്. ആറു ഇൻഫിനിറ്റി സ്റ്റോണുകളും കൈക്കലാക്കി ആ ശക്തി ഉപയോഗിച്ചു പ്രപഞ്ചത്തിന്റെ പകുതിയെ നശിപ്പിക്കാൻ ഉള്ള പദ്ധതിയുമായി താനോസ് വരുമ്പോൾ തങ്ങൾക്കിടയിൽ ഉള്ള വൈരാഗ്യം മറന്നു അവഞ്ചേഴ്സിന് ഒരുമിച്ചു തനോസിനെതിരെ പോരാടേണ്ടി വരുന്നു.

തിരക്കഥ തന്നെ ആണ് ഇൻഫിനിറ്റി വാറിന്റെ വലിയൊരു ബലം. ഒട്ടുമിക്ക സൂപ്പർ ഹീറോകൾക്കും വളരെ വലിയൊരു ആരാധക വൃന്ദം ഉള്ളതുകൊണ്ട് തന്നെ ഇവരെ എല്ലാം സംതൃപ്തിപെടുത്തികൊണ്ടു ഈ സൂപ്പർ ഹീറോകളെ എല്ലാം വ്യക്തമായി പ്ലെയ്‌സ് ചെയ്തു കൊണ്ട് ഒരു തിരക്കഥ ഒരുക്കുക എന്നത് വളരെ ശ്രമകരമായ ധൗത്യമാണ്. ഈ ദൗത്യത്തിൽ മാർവൽ പൂർണമായും വിജയിച്ചിട്ടുണ്ടെന്നു പറയാം. നിങ്ങൾ ഇനി ആരുടെ ഫാൻ ആണേലും നിങ്ങൾക്ക് കയ്യടിച്ചു ആർപ്പു വിളിക്കാൻ ഉള്ളത് ഈ ചിത്രത്തിൽ ഉണ്ട്.

ബ്ലാക്ക്‌ പാന്തർ ഒഴിവാക്കിയാൽ മറ്റു മാർവൽ സിനിമകൾ ഒന്നും വൈകാരികതയിൽ ഊന്നി കഥ പറയാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇൻഫിനിറ്റി വാറിലേക്കു വരുമ്പോൾ മാർവലിന്റെ ട്രേഡ് മാർക്കായ തമാശകൾക്കൊപ്പം വൈകാരികത കൂടി കഥയിൽ കടന്നു വരുന്നു. ഈ വൈകാരിക മുഹൂർത്തങ്ങൾ തന്നെയാണ് ഇൻഫിനിറ്റി വാറിനെ മികച്ചതാക്കുന്ന ഒരു ഘടകം.

മാർവൽ സിനിമകൾ സാധാരണ കേൾക്കുന്ന ഒരു പഴിയാണ് നല്ലൊരു വില്ലൻ ഇല്ല എന്നത്. (ലോകിയെയും കിൽമോഗറിനെയും മറക്കുന്നില്ല). ഇവിടെ ഇരുപതു സൂപ്പർ ഹീറോകൾക്കും കൂടി ഒരു വില്ലൻ വരുമ്പോൾ ആ വില്ലൻ അത്ര കണ്ടു മികച്ചതായിരിക്കണം. ഇൻഫിനിറ്റി വാറിന്റെ കാര്യം എടുത്തു നോക്കുകയാണെങ്കിൽ വില്ലനായ താനോസ് തന്നെയാണ് ചിത്രത്തിലെ താരം എന്നു പറയേണ്ടി വരും. കഥാപാത്ര സൃഷ്ടിയിൽ ഏതൊരു സൂപ്പർ ഹീറോക്കും മുകളിൽ നിൽക്കുന്നു താനോസ്. കൂടെ ഉള്ളവരെ സംരക്ഷിക്കുന്ന എതിരാളികൾക്ക് അവർ അർഹിക്കുന്ന പരിഗണന നൽകുന്ന തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാവുന്ന നല്ല അസ്സൽ വില്ലൻ.

ചുരുക്കത്തിൽ ഒരു മാർവൽ ഫാനിന് ആസ്വദിക്കാൻ വേണ്ടതെല്ലാം ഇൻഫിനിറ്റി വാറിൽ ഉണ്ട്. നല്ല 3D എഫക്ടുകളും ചിത്രത്തിന് മുതൽക്കൂട്ടാണ്. നല്ലൊരു തീയേറ്ററിൽ 3Dയിൽ കാണുകയാണെങ്കിൽ സമയം പോവുന്നത് കൂടി അറിയില്ല. ഇന്റർവെൽ എന്നു തീയേറ്ററിൽ എഴുതി കാണിച്ചപ്പോൾ ഇത്ര പെട്ടെന്ന് ഒരു മണിക്കൂർ കടന്നു പോയോ എന്ന ചിന്ത ആയിരുന്നു മനസിൽ. കോരിത്തരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയുന്ന ഒരുപാട് രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. ചിത്രത്തിന്റെ അവസാന പത്ത് മിനിറ്റ് തിയേറ്റർ മൊത്തം നിശ്ശബ്ദമായിരുന്നു. ഭൗതിക ശാസ്ത്രത്തിൽ പഠിച്ച ശാസ്ത്ര അറിവുകളും ലോജിക്കും മാറ്റി വെച്ചു ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രം എന്ന നിലയിൽ കണ്ടാൽ ആസ്വാധിച്ചു തീയേറ്റർ വിട്ടിറങ്ങാവുന്ന മികച്ചൊരു എന്റർടൈന്മെന്റ് ആണ് ഇൻഫിനിറ്റി വാർ.

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo