വെറും ഉണ്ണി മുകുന്ദനെ ആക്ഷൻ കിംഗ്‌ ഉണ്ണി മുകുന്ദൻ ആക്കുന്ന ചിത്രം ആണ് ചാണക്യതന്ത്രം. കണ്ണൻ താമരക്കുളം എന്ന പേരിൽ മലയാളത്തിലും താമര കണ്ണൻ എന്ന പേരിൽ മറ്റു ഭാഷകളിലും അറിയപ്പെടുന്ന സംവിധായകന്റെ നാലാമത് ചിത്രമാണിത്. ഈ സംവിധായകന്റെ ആദ്യ ചിത്രം ഒഴികെ മറ്റു മൂന്നും തീയേറ്ററിൽ നിന്നും കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആളുടെ ഏറ്റവും ബെസ്റ്റ് ചിത്രം ഇതാണെന്നെനിക്കു പറയാൻ പറ്റും. പക്ഷെ സംവിധായകന്റെ കരിയർ ബെസ്റ്റ് പ്രേക്ഷകർക്ക് എന്താവുന്നു എന്നാണ് സംശയം? ത്രില്ലർ ആണെന്ന് പറയുമ്പോളും പലയിടത്തും ഒട്ടും ത്രില്ലിങ് ഇല്ലാതെയാണ് ചിത്രത്തിന്റെ സഞ്ചാരം.

ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പള്ളത്ത് തന്നെയാണ് ചാണക്യ തന്ത്രത്തിനും തിരക്കഥ ഒരുക്കിയിരുന്നത്. തെഗിടി എന്ന തമിഴ് മൂവിയിൽ നിന്നും ചുരണ്ടി ഉണ്ടാക്കിയ ആദ്യ പകുതിയും സ്വന്തമായി എഴുതി ഉണ്ടാക്കിയ രണ്ടാം പകുതിയും ആണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും കണ്ട ഒരാൾക്ക് ഒരു അമച്വർ ഫീൽ തോന്നുക സ്വാഭാവികം. ഇതേ അമച്വർ ഫീൽ ചിത്രത്തിൽ ഉടനീളം അനുഭവപ്പെടുന്നുണ്ട്. സംഭാഷണങ്ങളിലും, സീനുകൾ എക്സിക്യൂട്ട്‌ ചെയ്തിരിക്കുന്ന രീതികളിലും, എന്തിനു ആഭിനേതാക്കളിൽ വരെ ഒരു അമച്വർ ഫീൽ കടന്നുവരുന്നുണ്ട്. അതു തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ദോഷവും.

ഉണ്ണി മുകുന്ദൻ വളരെ നന്നായിരുന്നു. ഓരോ സിനിമ കഴിയുമ്പോളും ഉണ്ണിയിലെ അഭിനേതാവിൽ പ്രകടമായ മാറ്റം കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ ചാണക്യതന്ത്രത്തിലേക്ക് എത്തുമ്പോളും സ്ഥിതി വ്യത്യസ്തമല്ല. അഭിനയ പ്രാധാന്യം ഉള്ള വേഷം അല്ലെങ്കിലും കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട് ഉണ്ണി. പിന്നെ പതിവ് പോലെ തന്നെ അസാമാന്യ പ്രകടനം കാഴ്ച വെച്ച ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ കഴിഞ്ഞു. ഐറിൻ എന്ന കഥാപാത്രമായി വന്ന ശിവധയും നന്നായിരുന്നു. ഒരേ പോലുള്ള വേഷങ്ങൾ ആണോ ഈ നടിക്കു ലഭിക്കുന്നതെന്ന്‌ ചിന്തിക്കേണ്ടി ഇരിക്കുന്നു. അനൂപ് മേനോൻ പിന്നെ പതിവ് പോലെ തന്നെ മസില് പിടിച്ചു അഭിനയിച്ചു.

ഫോൺ ഹാക്ക് ചെയുന്ന "ഫോൺ ഹാക്കർ" എന്നു പേരുള്ള മൊബൈൽ സോഫ്റ്വെയറിൽ തുടങ്ങി ഒരുപാട് കൾട് സീനുകളാൽ സമ്പന്നമാണ് ചിത്രം. അമച്വർ ആയുള്ള അവതരണവും കൾട്ട് സീനുകളും ഉൾപ്പടെ ഒട്ടേറെ തെറ്റുകുറ്റങ്ങൾ പറയുമ്പോളും സിനിമ കണ്ടിറങ്ങിയ എന്നിലെ പ്രേക്ഷകനു ഇതൊരു ശരാശരി ചലച്ചിത്രം ആയി തോന്നിയിട്ടുണ്ടെൽ അതിനു കാരണം സിനിമ പങ്കു വെച്ച കാലിക പ്രസക്തി ഉള്ള വിഷയം ആണ്. പക്ഷെ പറയാൻ ഉദേശിച്ച വിഷയം ഒന്നുകൂടി നന്നായി അവതരിപ്പിക്കാമായിരുന്നു എന്നു സിനിമ കാണുന്നവർക്ക് തോന്നിയേക്കാം. കാരണം നല്ലൊരു വിഷയത്തിന്റെ മോശം അവതരണം ആയിരുന്നു ചാണക്യതന്ത്രം.

ചുരുക്കത്തിൽ ഉണ്ണി മുകുന്ദനും ശിവധക്കും സിനിമ പങ്കുവെക്കുന്ന കാലിക പ്രസക്തി ഉള്ള വിഷയത്തിനും ക്ലൈമാക്സിലെ മുരുകൻ കാട്ടകടയുടെ കവിതക്കും വേണ്ടി ടിക്കറ്റ് എടുക്കാം.

വേർഡിക്ട്: ശരാശരി കാഴ്ചാനുഭവം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo