"Sorry guys, No plans to change. No plans to impress 😊"

കൊട്ടിഘോഷിക്കപ്പെട്ട ഡബിൾ ബാരൽ പരാജയപ്പെട്ടപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ആണിവ. നാലു സിനിമകൾ മാത്രം സംവിധാനം ചെയ്തു അതിൽ മൂന്നും പരാജയമായ ഒരാളാണിത് പറയുന്നതെന്ന് ഓർക്കണം. എന്നാൽ മൂന്നു കൊല്ലങ്ങൾക്കു മുന്നേ അയാൾ പറഞ്ഞ വാക്കുകൾ ഇന്നും അയാൾ പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നു എന്നതാണ് സത്യം. പ്രേക്ഷകർക്കോ ആരാധകർക്കോ നിർമാതാവിനോ വേണ്ടി സിനിമ എടുക്കാതെ തനിക്കു വേണ്ടി അയാൾ സിനിമ എടുക്കുന്നു.

തന്റെ ആറാമത് ചിത്രമായ ഈ. മാ. യൗ ലേക്ക് എത്തുമ്പോളും സ്ഥിതി വ്യത്യസ്തമല്ല. മരണവീട്ടിലെ ഇരുപത്തി നാലു മണിക്കൂറുകളുടെ തന്മയത്വത്തോടെ ഉള്ള അവതരണം ആണ് ഈ. മാ. യൗ. ദേശീയ അവാർഡ് നേടിയ എഴുത്തുകാരൻ പി. എഫ്. മാത്യൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ഒരു ക്രിസ്ത്യൻ മരണവീട്ടിൽ നേരിട്ടു കയറി ചെന്ന പ്രതീതി ആയിരുന്നു മൊത്തം. ബ്ലാക്ക് ഹ്യുമറിൽ ഊന്നിക്കൊണ്ടാണ് ആണ് ചിത്രം കഥ പറയുന്നത്. മരണത്തിലും മരണ വീട്ടിലും കണ്ടെത്തുന്ന തമാശകൾക്ക് പലരുടെയും കണ്ണീരിന്റെ വിലയാണുള്ളത്. പക്ഷെ അതൊന്നും ഓർക്കാതെ ആ തമാശകൾക്കെല്ലാം ആസ്വദിച്ച്‌ ചിരിക്കാൻ പ്രേക്ഷകരെ സംവിധായകനും എഴുത്തുകാരനും കൂടി നിർബന്ധിതരാകുന്നു. അവസാനം ഒരു നൊമ്പരപ്പെടുത്തലോടെ ചിത്രം അവസാനിക്കുമ്പോൾ ഒരിക്കൽ ചിരിച്ച രംഗങ്ങൾ വീണ്ടും ആലോചിക്കുമ്പോൾ ഒരു വിങ്ങൽ മാത്രം ആവും പ്രേക്ഷകന്റെ മനസ്സിൽ ശേഷിക്കുന്നത്. അതാണേൽ കുറെ കാലത്തേക്ക് അവിടെ തന്നെ കിടക്കുകയും ചെയ്യും.

നായകൻ നായിക എന്നീ ഭാരമേതുമില്ലാതെ ഒരുപറ്റം മനുഷ്യരെ മുന്നിലേക്കിട്ടു തന്നിരിക്കയാണ് ലിജോ. ചെമ്പനെയും വിനായകനെയും പോളി വിൽസനെയും ഒന്നും നമുക്ക് സ്ക്രീനിൽ കാണാൻ കഴിയില്ല പകരം കാണാൻ കഴിയുന്നത് ഈശിയെയും, അയ്യപ്പനേയും, പെണ്ണമ്മയേയും മാത്രം. ചെമ്പൻ വിനോദ് ഒക്കെ എത്ര നല്ല നാടൻ ആണെന്ന് മനസിലാക്കാൻ ആ ക്ലൈമാക്സ് സീൻ മാത്രം എടുത്തു നോക്കിയാൽ മതി.

സിനിമയുടെ തുടക്കത്തിലെയും അവസാനത്തിലെയും മ്യൂസിക് മാത്രം ഉള്ള കുറച്ചു നേരം സ്റ്റാൻലി കുബ്രിക്കിന്റെ വിഖ്യാത ചിത്രം 2001 എ സ്‌പേസ് ഓഡിസിയെ ഓർമിപ്പിച്ചു. സഭാഷണങ്ങൾക്കു മീതെ സംഗീതം നമ്മോടു നേരിട്ടു സംസാരിച്ച ഒരു അനുഭൂതി. സിനിമ കഴിയുമ്പോളും ആ മ്യൂസിക് മനസ്സിൽ ഇങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും. സിനിമ എപ്പോളും ഒരു ദൃശ്യ മാധ്യമമാണ്. ഒരു നോവലിനോ കഥക്കോ ഇല്ലാത്ത ദൃശ്യ ഭാഷയുടെ ആനുകൂല്യം എപ്പോളും സിനിമക്കുണ്ട്. ദൃശ്യങ്ങളും ശബ്ദങ്ങളും ഒരു നിശ്ചിത അനുപാതത്തിൽ ചേരുമ്പോൾ മാത്രം സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് സിനിമ. ഇവിടെ ഈ. മാ. യൗവിൽ ചില സമയങ്ങളിൽ നമ്മൾ പശ്ചാത്തലത്തിൽ കേൾക്കുന്നത് കടലിന്റെയും മഴയുടെയും ഇരമ്പം മാത്രമാണ്. ചില സമയങ്ങളിൽ അതു ബാൻഡ് മേളവും മരണ വീട്ടിലെ കരച്ചിലും ആണ്. പക്ഷെ ആയിരം സംഭാഷണങ്ങളെക്കാൾ ഫീൽ തരാൻ കഴിയുന്നുണ്ട് ഇതിനൊക്കെ.

ഒന്നല്ല. ഒരായിരം ലെയറുകളിൽ നിന്നും വീണ്ടും വീണ്ടും വായന ആവശ്യപ്പെടുന്നുണ്ട്‌ ഈ. മാ. യൗ. ലോക സിനിമക്ക് മുൻപിൽ മലയാളത്തിന് അഭിമാനപൂർവം വെക്കാവുന്ന ഒന്ന്. വരുംകാലങ്ങളിൽ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ ശ്രേണിയിൽ പ്രഥമ സ്ഥാനം അലങ്കരിക്കാൻ പോന്നത്. നെഞ്ചിൽ കയറ്റി വെച്ച വലിയൊരു കല്ലിന്റെ ഭാരവും പേറി തിയേറ്റർ വിടുമ്പോളും മനസ്സിൽ മുഴങ്ങിയത് പണ്ട് ലിജോ പറഞ്ഞ വാക്കുകൾ ആണ്. "No plans to change", അതേ ലിജോ ജോസ് മാറിയിട്ടില്ല. പക്ഷെ സ്വയം മാറാതെ തന്നെ പ്രേക്ഷകരെ ഇമ്പ്രെസ് ചെയ്യിക്കാൻ ഉള്ള എന്തോ മാന്ത്രിക വിദ്യ കരസ്ഥമാക്കിയിരിക്കുന്നു അയാൾ 😊

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.


For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo