കിക്ക് ടെംപർ പോലുള്ള മെഗാഹിറ്റ് തെലുഗു ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച വംശി ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രം ആണ് എന്റെ പേര് സൂര്യ. DJ എന്ന പരാജയത്തിന് ശേഷം അല്ലു അർജുൻ നായകനാവുന്ന ചിത്രം ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുന്ന ഒരു പട്ടാളക്കാരന്റെ കഥയാണ് പറയുന്നത്. തെലുഗു സിനിമയുടെ അവിഭാജ്യ ഘടകങ്ങൾ ആയ മേനിപ്രദര്ശനത്തിനുള്ള നായിക, അനാവശ്യ സന്ദർഭങ്ങളിൽ കയറി വരുന്ന പാട്ടുകൾ, കളീഷേ വില്ലൻ, ലോജിക് ഇല്ലാത്ത ഫൈറ്റുകൾ തുടങ്ങിയവ എല്ലാം ആവശ്യത്തിനു ഉണ്ടെങ്കിലും ആകെ തുകയിൽ തരക്കേടില്ലാത്ത ചിത്രം ആണ് എന്റെ പേര് സൂര്യ.

അല്ലു അർജുൻ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പൊസിറ്റിവ്. ഒന്നൊന്നര സ്ക്രീൻ പ്രസൻസ് ആയിരുന്നു മൂപ്പരിതിൽ. ഒരു കാലത്തു മലയാളക്കരയെ ഇളക്കി മറിച്ച അല്ലു തരംഗം തിരിച്ചു വന്ന പോലെ തോന്നി ഇന്നലെ തിയേറ്റർ റെസ്പോൻസ് കണ്ടപ്പോൾ. ഫൈറ്റ് രംഗങ്ങൾ ഒക്കെ ഗംഭീരമായിരുന്നു. അല്ലു സിനിമകളിൽ ഞാൻ കണ്ട മികച്ച ഫൈറ്റ് സീനുകൾ ഇതിൽ ആയിരുന്നു. സൂര്യയുടെ അച്ഛൻ വേഷത്തിൽ വന്ന ആക്ഷൻ കിംഗ്‌ അർജുനും നല്ല പ്രകടനം ആയിരുന്നു. അല്ലുവും അർജുനും കൂടിയുള്ള കോമ്പിനേഷൻ സീനുകൾ ഇഷ്ടപ്പെട്ടു! വേദത്തിനു ശേഷം അല്ലുവിന്റെ നല്ല ഇമോഷണൽ സീനുകൾ കാണാൻ കഴിഞ്ഞതും ഈ ചിത്രത്തിൽ ആണ്. അഭിനേതാവ് എന്ന നിലയിൽ വളരെ അധികം മെച്ചപ്പെട്ടിരിക്കുന്നു അയാൾ.

ശരത്കുമാറിന്റെ വില്ലൻ വേഷം അത്ര നന്നായി തോന്നിയില്ല. കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ. ഇന്ററോ സീനിലെ ടേബിൾ ഫൈറ്റ് മാത്രം നന്നായിരുന്നു. അർജ്ജുനും ശരത്കുമാറും അച്ഛന്റെയും വില്ലന്റെയും വേഷം പരസ്പരം വെച്ചു മാറി ഇരുന്നേൽ എന്നു ചുമ്മാ തോന്നി പോയി. ആക്ഷൻ കിംഗ്‌ വില്ലൻ റോളിൽ തകർതത്തേനെ! അനു ഇമ്മാനുവേൽ അവതരിപ്പിച്ച വർഷ എന്ന നായിക കഥാപാത്രത്തിന്റെ യാതൊരു വിധ ആവശ്യവും ചിത്രത്തിൽ ഇല്ലായിരുന്നു. ഗ്ലാമർ പ്രദർശനത്തിന് മാത്രം ഉള്ള നായിക സങ്കല്പങ്ങളിൽ നിന്നും തെലുഗു സിനിമക്കൊരു മോചനം ഇനി എന്നാണോ ആവോ?

എപ്പോളത്തെയും പോലെ തന്നെ തീപ്പൊരി ഡയലോഗുകളാൽ നല്ലൊരു തിരക്കഥ ഒരുക്കിയപ്പോളും ആദ്യ സംവിധാന സംരംഭം എന്നത് വംശിക്കു പലയിടത്തും ചില്ലറ കല്ലു കടികൾ സമ്മാനിച്ചിരുന്നു. സാധാരണ തെലുഗു ചിത്രങ്ങൾ പോലെ അടി, ഇടി ക്ളൈമാക്സിനു പകരം ഇതൊന്നുമില്ലാത്ത വൃത്തിയായ ഒരു ക്ളൈമാക്‌സ് ഒരുക്കിയത് ഇഷ്ടപ്പെട്ടു.

ചുരുക്കത്തിൽ തെലുഗു സിനിമ പ്രേമികൾക്ക് ഒരു വിരുന്നാണ് ചിത്രം. മാസും, ക്ലാസും, റൊമാൻസും, ആക്ഷനും, സെന്റിമെൻസും, രാജ്യ സ്നേഹവും എല്ലാം കൃത്യമായ അളവിൽ ചേർന്ന ഒരു മസാല എന്റർടൈനർ. കാണുന്നത് അല്ലു അർജുൻ നായകൻ ആയ ഒരു തെലുഗു ചിത്രം ആണെന്ന ബോധത്തിൽ ഇരുന്നു കണ്ടാൽ പൂർണമായി ആസ്വദിച്ചു തിയേറ്റർ വിടാവുന്ന ചിത്രം.

വേർഡിക്ട്: ഗുഡ്.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo