"മലർന്തും മലരാക പാതി മലർ പോല, വളരും ഒളി വണ്ണമേ.."

പണ്ടെപ്പോളോ മനസ്സിൽ കയറി കൂടിയ ഒരു പഴയ തമിഴ് ഗാനം ആണിത്. ഈ പാട്ട് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആണ് ഞാൻ ആദ്യമായ്‌ അവരെ കാണുന്നത്. പിന്നീട് കുറെ കാലത്തിന് ശേഷം ഒരു ഞായറാഴ്ച മായബസാർ എന്ന പഴയ പടം സണ് TVൽ ഇരുന്നു കണ്ടു. അതിലെ നായിക ആരാ എന്നറിയാൻ ഗൂഗിൾനോട് ചോദിച്ചപ്പോൾ ആണ് ആ നടിയുടെ പേരു സാവിത്രി എന്നാണെന്ന് മനസിലായത്. അതിനു ശേഷം കഴിഞ്ഞ കൊല്ലം കീർത്തി സുരേഷിനെ നായിക ആക്കി മഹാനടി എന്ന സിനിമ അനൗണ്സ് ചെയ്തപ്പോൾ ആണ് സാവിത്രി എന്ന നടിയെ കുറിച്ച കൂടുതൽ അറിയാനും വായിക്കാനും കഴിഞ്ഞത്.

സാവിത്രിയെ കുറിച്ചു ആലോചിക്കുമ്പോൾ ഇപ്പോൾ മനസിൽ വരുന്നത് ഞാൻ ആദ്യം പറഞ്ഞ ആ സിനിമ ഗാനമാണ്. "മലർന്തും മലരാക പാതി മലർ പോല", അതേ നാല്പത്തി അഞ്ചാം വയസ്സിൽ മരണം തട്ടി എടുത്ത അവരെ "വിരിയാൻ വെമ്പുന്ന" പാതി വിരിഞ്ഞ ഒരു പൂവിനോട് താരതമ്യ പെടുത്താൻ തന്നെയാണ് എനിക്കിഷ്ടം. പൂർണമായി വിരിഞ്ഞു പരിമളം പരത്താൻ അവർക്ക് കഴിഞ്ഞിരുന്നോ എന്നു സംശയം ആണ്. കാരണം പകർന്നാടാൻ ഒരുപാട് വേഷങ്ങൾ അരങ്ങിൽ ബാക്കി വെച്ചാണ് അവർ കടന്നു പോയത്.

വായിച്ചും കേട്ടും അറിഞ്ഞ സാവിത്രിയുടെ കഥയോട് 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട് മഹാനടി. ജങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന സിനിമ നടി എന്നതിൽ കവിഞ്ഞു സാവിത്രി എന്ന വ്യക്തിയുടെ ജീവിതം കൂടി കാണിച്ചു തരുന്നുണ്ട് ചിത്രം. താൻ കണ്ടിട്ടില്ലാത്ത അച്ഛന്റെ മുഖം ഫോട്ടോയിൽ എങ്കിലും ഒരു തവണ കാണാൻ വെമ്പൽ കൊള്ളുന്ന മകളെയും വെച്ചു നീട്ടിയ പ്രണയം സ്വീകരിക്കാനോ തള്ളികളയാനോ പറ്റാതെ പ്രതിസന്ധിയിൽ അകപ്പെടുന്ന കാമുകിയെയും, പ്രണയ സാക്ഷാത്കാരത്തിനു ശേഷം ഭർത്താവിനോട് കരുതലും സ്നേഹവും ഉള്ള ഭാര്യയെയും. അവസാനം സ്വന്തം ആത്മാഭിമാനത്തിന് ക്ഷതം എൽക്കുമ്പോൾ ഭർത്താവിനെ പിരിയുകയും എന്നാൽ അയാളോടുള്ള പ്രണയം മനസിൽ ഒരു വിങ്ങൽ ആയി അവശേഷിക്കുകയും ചെയ്ത മറ്റൊരു സാവിത്രിയെയും നമുക്ക് ചിത്രത്തിൽ കാണാം.

ഇന്ത്യൻ സിനിമകളിൽ ബയോപിക് വരുമ്പോൾ സംവിധായകൻ നേരിടുന്ന വലിയ വെല്ലുവിളിയാണ് സിനിമയിൽ എത്രകണ്ട് വാണിജ്യ ചേരുവകൾ ചേർക്കണം എന്നുള്ളത്. അതും വാണിജ്യ സിനിമ അതിന്റെ എല്ലാ അർത്ഥത്തിലും കൊടികുത്തി വാഴുന്ന തെലുഗു ഭാഷയിൽ ഒരു ബയോപിക് വരുമ്പോൾ നേരത്തെ പറഞ്ഞ വെല്ലുവിളി കൂടുകയെ ഉള്ളു. അവിടെയാണ് നാഗ് അശ്വിൻ എന്ന അമരകാരന്റെ ക്രാഫ്റ്റ് തെളിയുന്നത്. സാവിത്രിയുടെ ജീവിതം നേരിട്ടു കാണിക്കാതെ സമന്തയുടെയും വിജയുടെയും അന്വേഷങ്ങളിൽ കൂടെയാണ് കാണിച്ചു തരുന്നത്. അതുകൊണ്ടു തന്നെ മുഖ്യധാര തെലുഗു പ്രേക്ഷകർക്ക് അവർക്ക് വേണ്ടത് കൊടുക്കാനും അതേ സമയത്തു സാവിത്രി എന്ന അഭിനേത്രിയുടെ യഥാർത്ഥ കഥ വാണിജ്യ ചേരുവകൾ അധികമില്ലാതെ തിരശീലയിൽ കാണിച്ചു തരാനും സംവിധായകനാവുന്നു.

സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയം എങ്ങനെ ചിത്രീകരിക്കും എന്നതായിരുന്നു സിനിമ പ്രഖ്യാപിക്കപെട്ടപ്പോൾ മുതൽ എന്റെ സംശയം. കാരണം 1950ലെ അവസ്ഥ അല്ല ഇന്ന്. ഒന്നിൽ കൂടുതൽ ഭാര്യമാർ ഒക്കെ സ്വാഭാവികമായി കണ്ടിരുന്ന അക്കാലത്തു നിന്നും പ്രണയം എന്നത് ഒരു പങ്കാളിക്ക് മാത്രം പകർന്നുകൊടുക്കേണ്ട ഒന്നാണെന്ന് കരുതുന്ന ഈ തലമുറയിലേക്ക് എത്തുമ്പോൾ രണ്ടു ഭാര്യമാർ ഉള്ള ജെമിനി ഗണേശന് സാവിത്രിയോട് തോന്നിയ വികാരത്തെ പ്രേക്ഷകർക് തൃപ്തികരമാവുന്ന തരത്തിൽ ചിത്രീകരിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. അവതരണത്തിലെ ചെറിയൊരു പാളിച്ച പോലും ചിലപ്പോൾ അവരുടെ പ്രണയത്തെ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കിയേക്കാം. പക്ഷെ ആ ഒരു കാര്യത്തിൽ സംവിധായകൻ പൂർണമായ വിജയം നേടിയിട്ടുണ്ട്. സാവിത്രി ജെമിനി ഗണേശൻ പ്രണയം തന്നെയാണ് ചിത്രത്തിന്റെ വലിയൊരു ആകർഷണം.

സിനിമ പ്രഖ്യാപിച്ചത് മുതൽ കീർത്തി സുരേഷിൽ ആയിരുന്നു എല്ലാവർക്കും പേടി. പക്ഷെ ആ പേടിയെ ഒക്കെ അസ്ഥാനത്തു ആക്കികൊണ്ടു തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ കാഴ്ച വെച്ചിട്ടുണ്ട് കീർത്തി. സാവിത്രി എന്ന നടിയേയും വ്യക്തിയെയും പൂർണമായും ഉൾക്കൊണ്ട്കൊണ്ടുള്ള പ്രകടനം. ദുൽഖർ സൽമാൻ ജെമിനി ഗണേശന്റെ റോളിൽ അടിപൊളി ആയിരുന്നു. അന്യഭാഷകളിൽ പോയി അവിടുത്തെ കയ്യടി മൊത്തം വാങ്ങികൂട്ടുന്ന മലയാളിയുടെ പതിവ് ഇപ്രവശ്യവും തെറ്റിച്ചിട്ടില്ല രണ്ടു പേരും.

തുടക്കം മുതൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ ആണ് സിനിമയുടെ സഞ്ചാരം. പഴയ തമിഴ്, തെലുഗു സിനിമകളോട് താല്പര്യം ഉള്ളവർക്ക് ഒന്നുകൂടി നന്നായി ആസ്വദിക്കാൻ കഴിഞ്ഞേക്കും. രണ്ടാം പകുതിയിലെ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾക്കും ഇത്തിരി മെലോഡ്രാമായിലേക്കു കടക്കുന്നുണ്ട് ചിത്രം. പക്ഷെ ഒരു ബയോപിക് എന്ന നിലയിൽ സാവിത്രി എന്ന വ്യക്തിയുടെ ജീവിതത്തോട് നീതി പുലർത്താൻ ആ ഭാഗങ്ങൾ അനിവാര്യമാണ് താനും.

തെലുഗു സിനിമയിലെ നവയുഗ മാറ്റത്തിന്റേതായി പുറത്തു വന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയതാണ് മഹാനടി. വാണിജ്യ സിനിമകൾ മാത്രം അരങ്ങു വാഴുന്ന ഒരു ഇൻഡസ്ട്രിയിൽ ഇത്തരം ചിത്രങ്ങൾ വരുന്നതും അത് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതും വളരെ സന്തോഷമുണ്ടാകുന്ന ഒരു കാര്യമാണ്. പിന്നെ തെന്നിന്ത്യയിലെ ആദ്യ വനിതാ സൂപ്പർ താരത്തിന് യുവ തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ട്രിബ്യുറ്റും. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷന്റെ മനസ്സിൽ കുറച്ചു കാലത്തേക്ക് എങ്കിലും സാവിത്രിയും അവരുടെ ജീവിതവും ഒരു വിങ്ങലായി അവശേഷിക്കും.

വാൽകഷ്ണം: ഇന്നലെ ഞാനും ഒരു 10 പേരും മാത്രം ആണ് അങ്കമാലി കാർണിവലിൽ സിനിമ കാണാൻ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ആദ്യം ദിനം ചിത്രം കണ്ട പലരും പറഞ്ഞു കേട്ട ഫാൻസിന്റെ വെറുപ്പിക്കൽ എനിക്കു അനുഭവിക്കേണ്ടി വന്നില്ല. എന്നിരുന്നാലും നല്ലൊരു ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്ന മോശം പ്രതികരണത്തിൽ വിഷമമുണ്ട്. തെലുഗു കലർന്ന ഒരുതരം തമിഴ് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാഷ നന്നായി അറിയാത്ത ആൾക്കാരെ സംബന്ധിച്ചടത്തോളം ആസ്വാദനം ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം.

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo