1995 മുതൽ 2005 വരെ ഇന്ത്യയിൽ പല ഇടങ്ങളിലായി നടന്ന കൊള്ളയും കൊലയും ആധാരമാക്കി വിനോദ്‌ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ധീരൻ അധികാരം ഒൻഡ്രു. സതുരംഗ വേട്ടൈ എന്ന ഒറ്റ പടം കൊണ്ട് തന്നെ തന്റെ റെയ്ഞ്ച് വിളിച്ചറിയിച്ച സംവിധായകൻ ആണ് വിനോദ്. ത്രില്ലർ സിനിമകൾ എടുക്കാനുള്ള തന്റെ കഴിവ് ആദ്യ സിനിമ കൊണ്ടു തന്നെ മനസ്സിലാക്കി തന്ന ആളാണദ്ദേഹം. ഒന്നാമത്തെ സിനിമയിൽ നിന്നും രണ്ടാമത്തെ സിനിമയിൽ എത്തുമ്പോൾ കഴിവ് ഒട്ടും കുറഞ്ഞിട്ടില്ലെന്നു മാത്രം അല്ല
തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച ഒരു ചിത്രവുമായാണ് ഈ രണ്ടാം വരവ്.

സിറുതൈക്കു ശേഷം തനിക്കു കിട്ടിയ പോലീസ് വേഷം കാർത്തി നന്നായി തന്നെ ചെയ്തു. രാകുൽ പ്രീതും നന്നായിരുന്നു. അവർ തമ്മിലുള്ള കെമിസ്‌ട്രി ആദ്യമൊക്കെ നന്നായി തോന്നിയെങ്കിലും പോകെ പോകെ അനാവശ്യമായി തോന്നി.

എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ എടുക്കുമ്പോൾ അതിൽ റൊമാന്റിക് സീനുകൾ കുത്തി നിറക്കുന്നത് എന്തൊരു കഷ്ടമാണ്?

സിനിമയുടെ ത്രില്ലിങ് മൂഡ് ഒരിടത്തു പോലും കൈ വിട്ടു പോവുന്നില്ല എന്നിടത്താണ് സിനിമയുടെ വിജയവും. തല പെരുപ്പിക്കുന്ന ട്വിസ്റ്റുകളോ സർപ്രൈസുകളോ ഇല്ലാതിരുന്നിട്ടും ഇനി എന്തു നടക്കും? എന്നു പ്രേക്ഷകരെ ചിന്തിപ്പിച്ചു ഇരുത്താൻ സംവിധായകനായി.

എടുത്തു പറയേണ്ട മറ്റൊരു വേഷം അഭിമന്യു സിങ്ങിന്റെ വില്ലൻ വേഷമാണ്. ഏതൊരു ആക്ഷൻ ത്രില്ലർ സിനിമയും വിജയമാവുന്നത് അതിലെ വില്ലന്മാരുടെ പ്രകടനം കൂടി നന്നാവുമ്പോൾ ആണ്. വില്ലന്മാരുടെ കാരക്ടറൈസേഷനിൽ വല്ലാത്ത ഒരു മിസ്റ്ററി കൊണ്ടുവരാനും പിന്നീടു അവരുടെ ചരിത്രം പറയുന്ന ഭാഗത്തു ആ മിസ്റ്ററിയെ സാധൂകരിക്കാനും സംവിധായകനായി.

ഓരോ സീനുകളും എക്സിക്യൂട്ട്‌ ചെയ്തിരിക്കുന്ന രീതിയിൽ വിനോദ് കയ്യടി അർഹിക്കുന്നു. സിനിമ മൊത്തത്തിൽ ഒരു ഹൊറർ മൂഡ് കൊണ്ടുവരാൻ അദ്ദേഹത്തിനായി. വില്ലന്മാരുടെ വയലൻസ് എടുത്തിരിക്കുന്ന രീതിയും മറ്റും ആ ഒരു ഹൊറർ മൂഡിന് ആക്കം കൂട്ടും. ഈ ഒരു മിസ്റ്ററി ഹൊറർ മൂഡ് തന്നെ ആണ് സാധാരണ ആക്ഷൻ പോലീസ് സിനിമകളിൽ നിന്നും ധീരനെ വ്യത്യസ്തമാക്കുന്നതും.

മറ്റെല്ലാ സംസ്ഥാനങ്ങളിലെ പോലീസും പരാജയപ്പെട്ടിടത്തു തമിഴ്നാട് പോലീസ് വിജയിച്ച ഒരു മിഷൻ ആണിതെന്നാണ് പറയുന്നത്. ആ മിഷനിൽ പങ്കെടുത്ത പൊലീസുകാർക്കൊന്നും അർഹിച്ച അംഗീകാരം ലഭിച്ചില്ല എന്നിരിക്കെ ഇതുപോലെ ഒരു സിനിമ ചെയ്തു പൊതു ജനങ്ങളിലേക്ക് ഈ സംഭവം എത്തിക്കുന്നത് പ്രശംസനീയമാണ്.

ഏതൊക്കെ രീതിയിൽ നോക്കിയാലും ഞാൻ ഈ വർഷം കണ്ട മികച്ച ഒരു ചിത്രമാണ് ധീരൻ. ഒരു സ്ഥലത്തു പോലും ബോറടിപ്പിക്കുകയോ ലാഗ് തോന്നിപ്പിക്കുകയോ ചെയ്യാത്ത മികച്ച ഒരു ആക്ഷൻ ത്രില്ലർ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo