"രാമനെ ജയിച്ച രാവണന്റെ കഥ."

രാവണനെ ജയിച്ച രാമന്റെ കഥ അല്ലാട്ടോ. രാമനെ ജയിച്ച രാവണന്റെ കഥ.

ആരൊക്കെ എത്ര കുറ്റം പറഞ്ഞാലും എനിക്ക് വ്യക്തിപരമായി വല്ലാതെ ഇഷ്ടമായ ചിത്രമാണ് കബാലി. റിയലിസ്റ്റിക് സിനിമകൾ എടുക്കുന്ന സംവിധായകനും കഥാപാത്രം മരിച്ചാൽ തീയേറ്റർ കത്തിക്കുന്ന ഫാൻസ്‌ ഉള്ള നടനും ഒരുമിക്കുമ്പോൾ എന്ത് സംഭവിക്കും? അതിനുള്ള ഉത്തരം ആയിരുന്നു കബാലി. കബാലി കണ്ടു കൊണ്ടിരുന്നപ്പോൾ മനസ്സിൽ വന്നത് ഉത്തമ വില്ലൻ എന്ന കമൽ ഹാസൻ ചിത്രമാണ്. പ്രായമായി വരുന്ന സൂപ്പർ സ്റ്റാറിന് താൻ ഇപ്പോൾ ചെയുന്ന ചിത്രങ്ങളിൽ മനം മടുക്കുകയും ഫാന്സിന് വേണ്ടി അല്ലാതെ അവസാന കാലത്ത് നല്ലൊരു ചിത്രം ചെയ്യണം എന്നും തോന്നുന്നു. കാലയിലേക്കു എത്തുമ്പോളും സ്ഥിതി വ്യത്യസ്തമല്ല.

കബാലി എങ്ങനെ പരാജയപ്പെട്ടു എന്നു വ്യക്തമായി മനസ്സിലാക്കിയുള്ള അവതരണം ആണ് കാലക്കുള്ളത്. തെറ്റിദ്ധരിപ്പിക്കപ്പെട്ട കബാലി ടീസറിൽ നിന്നും വ്യത്യസ്തമായി തങ്ങൾ പറയാൻ പോവുന്ന കഥ എന്താണെന്ന വ്യക്തമായ സൂചനകൾ ഇട്ടു തന്നാണ് കാല ടീസർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അതുകൊണ്ടു തന്നെ അടുത്തിടെ ഒരു രജനി ചിത്രത്തിന് ലഭിച്ച ഏറ്റവും കുറഞ്ഞ ഹൈപ്പിൽ പുറത്തിറങ്ങാൻ ആയിരുന്നു കാലയുടെ വിധി.

എത്ര പേർസെന്റേജ് രജനി ഫാക്ടർ വേണം? എത്ര പേർസെന്റേജ് രഞ്ജിത് ഫാക്ടർ വേണം? എന്ന കണക്കു കൂട്ടലിൽ തെറ്റുപറ്റിയപ്പോൾ ആണ് കബാലി പരാജയമായത്. അതിൽ നിന്നും വ്യത്യസ്തമായി ഈ രണ്ടു ഘടകങ്ങൾക്കും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് കാല ഒരുക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാസിലും ക്ലാസ്സിലും കബാലിയെ കവച്ചു വെക്കും കാല.

പ്രായം കോട്ടം തട്ടിക്കാത്ത രജനികാന്ത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പൊസിറ്റിവ്. 65 വയസ്സൊന്നും ആ മനുഷ്യന് ഒന്നുമല്ലെന്നു തോന്നും ചിത്രം കണ്ടാൽ. 60 വയസ്സുള്ള കരികാലൻ എന്ന ധാരാവി ഡോണിന്റെ വേഷം അത്രകണ്ട് മികച്ചതാക്കിയിട്ടുണ്ട് രജനി. മഴയത്തുള്ള ആ ഫൈറ്റിൽ ഒക്കെ എന്തൊരു എനർജി ആയിരുന്നു. കാലയുടെ ഭാര്യ ആയി വന്ന ഈശ്വരി റാവുവിന്റെ വേഷവും നന്നായിരുന്നു. ഇരുപതും മുപ്പതും വയസ്സുള്ള വെളുത്തു തുടുത്ത നായികമാർക്ക് പകരം ഇവരെ ഒക്കെ രജനിയുടെ ഓപ്പോസിറ്റ് കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഭംഗി വരുന്നുണ്ട് ചിത്രത്തിന്. ഹുമ ഗുറേഷി അവതരിപ്പിച്ച സെറീന എന്ന കഥാപാത്രവും നന്നായിരിന്നു. സെറീനയും കാലയും തമ്മിൽ ഉള്ള മേച്ചുവെർഡ് ലൗ കണ്ടിരിക്കാൻ നല്ല രസമായിരുന്നു.

നാനാ പടേക്കർ അവതരിപ്പിച്ച ഹരി ദാദ എന്ന വില്ലൻ വേഷം രജനി സിനിമകളിലെ വില്ലന്മാരിൽ മുന്നിട്ടു നിൽക്കുന്നു. ശാന്ത സ്വരൂപനായ വില്ലൻ. കാലയും ഹരിദാദയും തമ്മിൽ ഉള്ള കോമ്പിനേഷൻ സീനുകൾ എല്ലാം നന്നായിരുന്നു. നാനാ പടേക്കർനെ പോലുള്ള ഒരു മികച്ച നടൻ ഓപ്പോസിറ്റ് വരുമ്പോൾ രജനിയുടെ പെർഫോമൻസിലും അതു സ്വാധീനം ചെലുത്തുക സ്വാഭാവികം.

ഓരോ ഫ്രേമിലും പാ രഞ്ജിത് എന്ന സംവിധായകന്റെ രാഷ്ട്രീയം വിളിച്ചോതുന്നുണ്ട് ചിത്രം. ജീപ്പിന്റെ നമ്പറിൽ ഉള്ള അംബേദ്ക്കർ റഫറൻസിൽ തുടങ്ങി, കറുപ്പിന്റെയും ദളിതന്റേയും രാഷ്ട്രീയതെയാണ് കാല മുന്നോട്ടു വെക്കുന്നത്. നായകനെ കറുപ്പണിയിച്ചു അസുര പ്രകൃതി കൊടുത്ത്, വെളുപ്പണിഞ്ഞ ശാന്തസ്വരൂപൻ ആയ ഒരു വില്ലനെ അപ്പുറത്ത് പ്രതിഷ്ഠിച്ചുകൊണ്ടു നന്മയുടെയും തിന്മയുടെയും കാല കാലങ്ങളായുള്ള വാർപ്പ് മാതൃകകളെ തകർത്തു എറിയുന്നുണ്ട് സംവിധായകൻ. രജനി എന്ന നടനെയും രജനി എന്ന താരത്തെയും ഏറ്റവും നന്നായി ഒരുമിച്ചുപയോഗിച്ച സംവിധായകൻ എന്നു വരും കാലങ്ങളിൽ രഞ്ജിത് അറിയപ്പെടും.

അടുത്തത് എന്തു എന്നു വ്യക്തമായി ഊഹിക്കാൻ പറ്റാവുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ ഒരു പ്രശ്നം. അതുപോലെ തന്നെ സിംപോളിക് ആയി കാണിച്ച ക്ളൈമാക്‌സ് പലർക്കും മനസ്സിലായെന്നു വരില്ല. ഈ രണ്ടു കാര്യങ്ങളിലും ഇത്തിരി കൂടി ശ്രദ്ധിച്ചിരുന്നേൽ ഒരുപക്ഷേ ഒന്നു കൂടി വിജയമായേനെ കാല.

ചുരുക്കത്തിൽ രജനി എന്ന മാസ് ഹീറോയുടെയും രജനി എന്ന നടന്റെയും സിനിമയാണ് കാല. 60 വയസ്സുള്ള ഡോണിന്റെ കഥ വലിയ തോതിൽ മസാല ചേർക്കാതെ പറഞ്ഞു വെച്ചിരിക്കുന്നു. അമിതമായ സൂപ്പർ സ്റ്റാർ ഫാക്ടർ പ്രതീക്ഷിക്കാതെ പ്രായത്തിന് ചേർന്ന ഒരു റോളിൽ പ്രായം ക്ഷീണിപ്പിക്കാത്ത രജനി പെർഫോമൻസ് കാണാൻ വേണ്ടി ആണേൽ ടിക്കറ്റ് എടുക്കാം.

വാൽകഷ്ണം : "നിലം നിനക്കു അധികാരം ആണെങ്കിൽ ഞങ്ങൾക്ക് അതു ജീവിതമാണ്" എന്നു സിനിമയിലെ രജനികാന്ത് പറയുമ്പോൾ ഇതേ ആവശ്യവുമായി സമരം ചെയ്ത ജനങ്ങളെ കുറ്റം പറഞ്ഞുകൊണ്ടു വിമർശനം നേരിടുകയാണ് റിയൽ ലൈഫിലെ രജനികാന്ത്. തൂത്തുക്കുടി പരാമർശവും രജനിയുടെ രാഷ്ട്രീയ പ്രവേശനവും ചർച്ചയാവുന്ന ഈ സമയത്ത്, കാല മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും രാജനികാത്തിന്റെ രാഷ്ട്രീയവും തമ്മിലുള്ള അന്തരം ജനങ്ങൾ മനസ്സിലാക്കട്ടെ എന്നു ആഗ്രഹിക്കുന്നു.

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo