"പുരുഷൻ Hero ആണെങ്കിൽ സ്ത്രീ(she)യുടെ S കൂടി ചേർത്ത് നിങ്ങൾ 'S'hero ആണ്. അതാണ് നിങ്ങൾക്കനുയോജ്യമായ പേര്."

തിങ്ങി നിറഞ്ഞ തീയേറ്ററിൽ ഇരുന്നു മായനദി കണ്ട ആളാണ് ഞാൻ. സിനിമയിൽ മേക്കപ്പ് മാൻ ആയി ഒരു ട്രാൻസജന്ഡറിനെ കാണിച്ചപ്പോൾ തീയേറ്ററിൽ ഉണ്ടായ കൂട്ടചിരി ഇപ്പോളും ഓർമ ഉണ്ട്. കണ്ടിരിക്കുന്നവരിൽ ചിരി പടർത്താൻ പോന്ന ഒന്നും ആ ക്യാരക്ടർ കാണിച്ചില്ല എന്നിരിക്കിൽ തീയേറ്ററിൽ മുഴങ്ങി കേട്ട ആ ചിരികൾ എന്തിന്റെ ആയിരുന്നു?

ട്രാൻസ്ജെന്ഡറുകളെയും ട്രാൻസ്സെക്ഷ്വലുകളയും കോമഡിക്കുമാത്രമായി ഉപയോഗിക്കുന്ന ഒന്നാണ് മലയാള സിനിമ. വിരലിൽ എണ്ണാവുന്ന ചില ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ ലൈംഗീക ന്യൂനപക്ഷങ്ങളെ അവർ അർഹിക്കുന്ന പരിഗണയോടെ കാണാത്ത ഒരു ഇൻഡസ്ട്രിയിൽ നിന്നാണ് ഒരു ട്രാൻസ്സെക്ഷ്വൽ പ്രധാന കഥാപാത്രം ആയി ഞാൻ മേരിക്കുട്ടി എന്ന ചിത്രം പുറത്തുവരുന്നത്.

ജയസൂര്യ രഞ്ജിത് ശങ്കർ ചിത്രത്തിൽ നിന്നും എന്താണോ നമ്മൾ പ്രതീക്ഷിക്കുന്നത് അതുതന്നെ ആണ് ചിത്രം നമുക്ക് തരുന്നതും. ആദ്യാവസാനം പൊസിറ്റിവ് ഫീൽ തരുന്ന ഒരു ഫീൽ ഗുഡ് ചിത്രം. ഇത്തരത്തിൽ ഉള്ള ഒരു വിഷയം എടുത്തു, അതിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം ഒട്ടും മടുപ്പുളവാക്കാത്ത രീതിയിൽ പറഞ്ഞു വെച്ചിരിക്കുന്ന രഞ്ജിത്തിന് കൊടുക്കാം ഒരു നല്ല കയ്യടി.

രഞ്ജിത് ശങ്കറിനോട് ഒപ്പം തന്നെ അഭിനന്ദനം അർഹിക്കുന്നുണ്ട് ജയസൂര്യയും. ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തമാശ ആയി പ്രേക്ഷകർ കണ്ടേക്കാവുന്ന ഒരു റോൾ അത്രകണ്ട് മനോഹരമായി അഭിനയിച്ചു വെച്ചിട്ടുണ്ട് ജയസൂര്യ. ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമായി ജീവിക്കേണ്ടി വരുന്നവന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അവന്റെ അതിജീവനവും ഇതിലും നന്നായി ആർക്കേലും വെള്ളിത്തിരയിൽ കാണിച്ചു തരാൻ പറ്റും എന്നു ഞാൻ വിശ്വസിക്കുന്നില്ല.

സിനിമക്ക് തോന്നിയ ഒരേ ഒരു നെഗേറ്റിവ് പ്രഡിക്ടബിൾ ആയ തിരക്കഥ ആണ്. രഞ്ജിത് ശങ്കറിന്റെ മുൻകാല ചിത്രങ്ങൾ പോലെ. പ്രധാന കഥാപാത്രം ചെന്നു പെടുന്ന ഒരു പ്രശനവും അതിൽ നാട്ടുകാരും സോഷ്യൽ മീഡിയയും സിസ്റ്റവും എങ്ങനെ ഇടപെടുന്നു എന്നും, അവസാനം ആ പ്രശനത്തെ പ്രധാന കഥാപാത്രം എങ്ങനെ മറികടക്കുന്നു എന്നുമാണ് ചിത്രം പറയുന്നത്. രഞ്ജിത് ശങ്കറിന്റെ മുൻകാല ചിത്രങ്ങൾ കണ്ട ഏതൊരാൾക്കും അടുത്തത് എന്തു എന്നു വ്യക്തമായി ഊഹിച്ചു എടുക്കാം സിനിമ കാണുമ്പോൾ. പക്ഷെ സിനിമയുടെ ആസ്വാദനത്തിനു ഇതൊരു വലിയ കുറവായി തോന്നിയില്ല.

ചുരുക്കത്തിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ഞാൻ മേരിക്കുട്ടി. ഇന്നത്തെ ഈ സമൂഹത്തിൽ കാണേണ്ടതും കാണിക്കപ്പെടേണ്ടതുമായ ചിത്രം. ചാന്തുപോട്ട് എന്ന പേരു ട്രാൻസ്ജെന്ഡര് കമ്മ്യൂണിറ്റിയെ കളിയാക്കി വിളിക്കുന്ന പേരായി മാറാൻ കാരണമായത് ആ പേരിൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ്. ഇന്നിവിടെ 'S'hero എന്ന മറ്റൊരു പേരു ആ കമ്മ്യൂണിറ്റിക്ക് സംഭാവന ചെയ്തുകൊണ്ട് മലയാള സിനിമ ഒരു കടം വീട്ടുകയാണ്. ഇനിയൊരുമൊരു നൂറു സിംഹാസനങ്ങൾ കൂടി മതിയാവില്ലെന്നു ജയമോഹൻ പറയുന്ന പോലെ ഇനിയൊരു നൂറു മേരികുട്ടികൾ കൂടി മതിയാവില്ല മലയാള സിനിമ ആ കമ്മ്യൂണിറ്റിയോട് ചെയ്‌ത ദ്രോഹങ്ങൾ മായ്ച്ചു കളയാൻ. എന്നിരുന്നാലും ഇതൊരു നല്ല തുടക്കം ആവട്ടെ എന്നു ആശംസിക്കുന്നു. ഞാൻ മേരിക്കുട്ടി വിജയിക്കട്ടെ, Shero ഒരു ചരിത്രമാവട്ടെ, മലയാള സിനിമക്കും അതു കാണുന്നതിലൂടെ പ്രേക്ഷകർക്കും ട്രാൻസ്ജെന്ഡര് കമ്മ്യൂണിറ്റിയോടുള്ള മനോഭാവം മാറട്ടെ.

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo