"പിതാവ്‌ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല"

ഇത്രമാത്രം കാത്തിരുന്ന മറ്റൊരു മമ്മൂട്ടി ചിത്രവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഗ്രെറ്റ് ഫാദർ എന്ന സ്റ്റൈലിഷ് ചിത്രത്തിന് ശേഷം അനീഫ് അദ്ദേനി തിരക്കഥ എഴുതുന്ന ചിത്രം എന്ന നിലയിലും വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സഹസംവിധായകൻ ഷാജി പടൂർ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രം എന്ന നിലയിലും പ്രതീക്ഷകളും ഏറെ ആയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രൈലറുകളും ഈ പ്രതീക്ഷ കൂട്ടുകയാണുണ്ടായത്.

അവസാനം ഇന്ന് തിയേറ്റർ ദർശനം.

എന്റെ പ്രതീക്ഷകളെ ഒക്കെ ചിത്രം തൃപ്തിപ്പെടുത്തിയോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. എന്നാലും ഒട്ടും നിരാശനാക്കിയിട്ടും ഇല്ല. ഡെറിക് അബ്രഹാം, ഫിലിപ് അബ്രഹാം എന്നീ സഹോദരങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇമോഷണൽ ത്രില്ലർ എന്നു വ്യക്തമായി പറയാവുന്ന ചിത്രം സ്റ്റൈലിഷ് മേക്കിങ്ങിലൂടെ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ സ്റ്റൈലിഷ് മേകിങ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിറ്റിവും.

മമ്മൂട്ടി പ്രായത്തിനൊത്ത പോലീസ് വേഷത്തിൽ കാഴ്ചക്കാരെ ത്രസിപിച്ചു. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ പറഞ്ഞുകേട്ട ആക്ഷൻ രംഗങ്ങളിലെ ഏച്ചു കെട്ടൽ ഈ ചിത്രത്തിൽ ഉള്ളതായി തോന്നിയില്ല. കഴിവുണ്ടായിട്ടും അധികം അവസരങ്ങൾ കിട്ടാത്ത ആന്സണ് പോൾ മമ്മൂട്ടിയുടെ അനിയൻ ആയി മുഴുനീള വേഷം ചെയ്തു. രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രി വളരെ നന്നായിരുന്നു. ആക്ഷൻ ആയാലും സ്റ്റൈൽ ആയാലും അഭിനയം ആയാലും മലയാളിക്ക് പുതിയൊരു യുവതാരത്തെ കൂടി കിട്ടിയെന്നു പ്രതീക്ഷിക്കാം.

ചിത്രത്തിലെ ഏറ്റവും വലിയ നെഗേറ്റിവ് പഴയ വീഞ്ഞു പുതിയ കുപ്പിയിൽ എന്ന പോലെ ഒരുക്കിയ കഥയാണ്. പലയിടത്തും കണ്ടു മറന്ന കഥകളെ ഇത്തിരി സ്റ്റൈലിഷ് മേകിങ് ചേർത്തു അവതരിപ്പിച്ച പോലെ തോന്നി. ഒരുപാട് ട്വിസ്റ്റുകൾ ഉള്ള പടമായിട്ടും അതിലെ പല ട്വിസ്റ്റുകളും വളരെ മുന്നേ തന്നെ ഊഹിച്ചെടുക്കാൻ പറ്റിയതും എന്റെ ആസ്വാധനത്തിനു വിനയായി കാണണം. അടുത്തത് എന്തു എന്നു വ്യക്തമായി ഊഹിക്കാൻ പറ്റുന്ന രീതിയിൽ ആണ് പലയിടത്തും ചിത്രം സഞ്ചരിക്കുന്നത്. എനിക്ക് ഏറ്റവും അധികം നിരാശ സമ്മാനിച്ചതും അതു തന്നെ ആണ്. പക്ഷെ പ്രടിക്റ്റബിൽ ആയ ഭാഗങ്ങളിൽ വരെ മേകിങ് കൊണ്ടു പിടിച്ചു നിൽക്കുന്നുണ്ട് ചിത്രം.

ചുരുക്കത്തിൽ അമിതപ്രതീക്ഷ ഏതും ഇല്ലാതെ പോയാൽ ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു ഇമോഷണൽ ത്രില്ലർ ആണ് ചിത്രം. മമ്മൂക്കയുടെ ഉഗ്രൻ സ്ക്രീൻ പ്രസന്സും സ്റ്റൈലും കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാം, അല്ലാതെ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ഒക്കെ പ്രതീക്ഷിച്ചാണ് പോവുന്നതെങ്കിൽ നിരാശപ്പെട്ടേക്കാം.

വേർഡിക്ട്: ശരാശരിക്കു മുകളിൽ.
For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo