"ഞാൻ മദ്യപാനി ആണ്... മയക്കുമരുന്നിന് അടിമയാണ്... സ്ത്രീലമ്പടൻ ആണ്.. പക്ഷെ തീവ്രവാദി അല്ല"

ഹിന്ദി സിനിമയുടെ ഒരു വലിയ ആരാധകൻ അല്ലാത്ത എനിക്ക് സഞ്ജയ് ദത്ത് എന്ന മനുഷ്യനെ അധികവും പരിചയം പത്രമാധ്യമങ്ങളിലൂടെ ആണ്. എനിക്ക് ഓർമ ഉള്ള കാലം മുതൽ നിശ്ചിത ഇടവേളകളിൽ സഞ്ജയ് ദത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ഒരു ആരോപണമാണ് സഞ്ജയ് ദത്ത് എന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ഒരു തീവ്രവാദി ആണെന്നത്. മുംബൈ സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട ആളെ തീവ്രവാദി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

സഞ്ചു ബാബ എന്ന വിളിപ്പേരുള്ള ബോളിവുഡ് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്തിന്റെ ബയോപിക് അല്ല സഞ്ചു. മറിച്ചു സഞ്ജയ് ദത്ത് എന്ന മകന്റെയും കാമുകനെയും സുഹൃത്തിന്റെയും പിതാവിന്റെയും കഥയാണ് സിനിമ പറയുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും തെമ്മാടി ആയ സൂപ്പർ സ്റ്റാർ ശരിക്കും ആരായിരുന്നെന്നും എന്തായിരുന്നെന്നും ഉള്ള വിളിച്ചു പറയൽ. സഞ്ജയ് ദത്ത് എന്ന വ്യക്തി തീവ്രവാദി അല്ലെന്നു പറയുമ്പോളും യഥാർത്ഥത്തിൽ അങ്ങേർക്കു ഉണ്ടായിരുന്ന മോശം സ്വഭാവങ്ങളെ ഒന്നും വെള്ള പൂശാൻ ചിത്രം ശ്രമിച്ചിട്ടില്ലെന്നത് എടുത്തു പറയണം.

മഹനടിയെ കുറിച്ചു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്ന ഒരു കാര്യമാണ് ഇന്ത്യൻ സിനിമയിൽ ബയോപിക് വരുമ്പോൾ അണിയറപ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ചു. സിനിമയിൽ എത്രത്തോളം മസാല ചേർക്കണം എന്നതാണ് ആ വെല്ലുവിളി. കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് മടുപ്പുളവാക്കാതെ ഇരിക്കാൻ സിനിമക്ക് എന്റർടൈന്മെന്റ് ഘടകങ്ങൾ വേണം. എന്നാൽ പറയാൻ പോവുന്ന ജീവചരിത്രത്തോട് പരമാവധി നീതി പുലർത്തുകയും വേണം. 58 വർഷം ഭൂമിയിൽ ജീവിച്ച ഒരാളുടെ കഥയാണ് 161 മിനുട്ടുകൊണ്ട് പറയേണ്ടത്. അതും സഞ്ജയ് ദത്തിനെ പൊലെ സംഭവബഹുലമായ ജീവിതം നയിച്ച ഒരാളുടെ ബയോപിക് ആവുമ്പോൾ വെല്ലുവിളി ഏറുകയെ ഉള്ളു. ഈ ഒരു വെല്ലുവിളിയെ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് സഞ്ചു. മഹാനടിക്കു ശേഷം ഈ വർഷം ഞാൻ കണ്ട വളരെ മികച്ച ഒരു ബയോപിക്.

എടുത്തു പറയേണ്ട രണ്ടു പേരുകൾ രണ്ബീര് കപൂറിന്റേതും രാജ്കുമാർ ഹിറാണിയുടേതും ആണ്. വെറും ഒരു അനുകരണം ആക്കാതെ സഞ്ജയ് ദത്ത് എന്ന വ്യക്തിയെ പൂർണമായി ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പ്രകടനം കാഴ്ച വെച്ചതിനു രണ്ബീറിന് ആവട്ടെ ആദ്യ കയ്യടി. രൂപം കൊണ്ടും ഭാവം കൊണ്ടും സഞ്ജയ് ദത്ത് ആയി ജീവിക്കുകയായിരുന്നു രണ്ബീര് കപൂർ. അടുത്തതായി പ്രശംശ അർഹിക്കുന്നത് രാജ്കുമാർ ഹിറാനി എന്ന സംവിധായകൻ ആണ്. ഒരു ജീവചരിത്രം എങ്ങനെ ഏറ്റവും എന്റർടൈന്മെന്റ് വാല്യുവോട് കൂടി എടുക്കാം എന്നത് മറ്റുള്ളവർ ഇദ്ദേഹത്തെ കണ്ടു പഠിക്കണം. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ആണ് കഥ പറഞ്ഞിരിക്കുന്നത്. ഭൂരിപക്ഷം ആളുകൾക്കും അറിയാവുന്ന കഥ ആയിട്ടുകൂടി ഉദ്യോഗപൂർവം കണ്ടിരിക്കാവുന്ന ഒരു ത്രില്ലറിന്റെ രീതിയിലേക്ക് ചിത്രം പലപ്പോഴും കടക്കുന്നുണ്ട്. കൂടെ ഹിറാനിയുടെ സിഗ്നേച്ചർ ഐറ്റെം ആയ തമാശകൾ കൂടെ കടന്നുവരുമ്പോൾ കണ്ടിരുന്നവർക്കു ഒരു നിമിഷം പോലും ബോറടിക്കാത്ത ഉഗ്രൻ സിനിമ അനുഭവം ആവുന്നു ചിത്രം.

ചുരുക്കത്തിൽ ഒരു ബയോപിക് എന്ന നിലയിലും ഒരു സിനിമ എന്ന നിലയിലും മികച്ചു നിൽക്കുന്നൊരു സൃഷ്ടിയാണ് സഞ്ചു. രാജ്കുമാർ ഹിറാനി എന്ന സംവിധായകന് തന്റെ പ്രിയപ്പെട്ട നായകന് കൊടുക്കാവുന്ന ഏറ്റവും മികച്ച ഗിഫ്റ്റ്. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ മൂന്നോ നാലോ ചാപ്റ്ററുകളിൽ കൂടെ കഥ പറഞ്ഞ ചിത്രം ഓരോ ചാപ്റ്റർ കഴിയുമ്പോളും കണ്ടിരിക്കുന്ന പ്രേക്ഷരുടെ കണ്ണ് നിറച്ചിരുന്നു. അവസാനം പ്രേക്ഷരുടെ മനസ്സു കൂടി നിറച്ച ഒരു ക്ളൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോൾ സഞ്ജയ് ദത്ത് എന്ന വ്യക്തിക്ക് ഒരു കയ്യടി കൊടുക്കാൻ നമുക്ക് തോന്നും. ക്ളൈമാക്സിൽ സഞ്ജയ് ദത്തിന്റെ ഒപ്പം നമ്മളും ആ വരികൾ മനസ്സിൽ മൂളും.

"കുച് തോ ലോഗ് കഹേങേ
ലോഗോൻ കാ കാം ഹേയ് കഹേന.."

ആരെന്തു വേണം വെച്ചാൽ പറഞ്ഞോട്ടെ.. തള്ളേണ്ടത് തള്ളി കളഞ്ഞു.. നമ്മുടെ ജീവിതം നമ്മൾ ജീവിക്കുക.. ❤️

വേർഡിക്ട്: വളരെ മികച്ച അനുഭവം

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo