"നമ്മൾ എന്തു കാര്യം ചെയ്യുന്നതും രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്നും ഇല്ലേൽ കടമ, അല്ലേൽ സ്നേഹം. ഇതിൽ സ്നേഹം കൊണ്ടാണ് ചെയുന്നത് എങ്കിൽ എല്ലാം കാര്യങ്ങളും നല്ല എളുപ്പമാണ് ❤️"

"കൂടെ" ഇതിന്റെ റീമേക്ക് ആണെന്ന് അറിഞ്ഞിട്ടും, ആമസോണ് പ്രൈം അക്കൗണ്ട് ഉണ്ടായിട്ടും കാണാതെ വിട്ട പടമാണ് ഹാപ്പി ജേണി. ഒറിജിനൽ കാണാതെ വിട്ട് റീമേക്കിന്‌ വേണ്ടി കാത്തിരുന്നിട്ടുണ്ടെൽ അതു ഇറങ്ങാൻ പോവുന്ന ആ സിനിമയിൽ എനിക്ക് അത്രമാത്രം പ്രതീക്ഷ ഉണ്ടായിരുന്നത്കൊണ്ടാണ്. നാല് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി, അതിൽ മൂന്നു ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്ത ആളാണ് അഞ്ജലി മേനോൻ. വിരലിൽ എണ്ണാവുന്ന സിനിമകൾ കൊണ്ടു തന്നെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ സംവിധായിക. "അഞ്ജലി മേനോൻ ആണേൽ പടം നന്നാവും" എന്ന മലയാളിയുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഇന്നലെ പുറത്തിറങ്ങിയ കൂടെയും. ഫീൽ ഗുഡ് ചിത്രങ്ങൾ എടുക്കുന്നതിൽ തനിക്കുള്ള കഴിവ് അവർ ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.

ചെറുപ്പത്തിലേ വീട്ടിലെ പ്രാരാബ്ധങ്ങളും പേറി ജോലിക്കായി പുറത്തു പോവുന്ന ജോഷുവ. വീട്ടുകാരെ പിരിഞ്ഞിരിക്കേണ്ടി വന്നതും ചെറിയ പ്രായത്തിൽ തന്നെ അനുഭവിക്കേണ്ടി വന്ന സെക്ഷ്വൽ പീഡനങ്ങളും അവനെ ഒരുപാട് മാറ്റിയിരുന്നു. അച്ഛനും അമ്മയും അനിയത്തിയും ഒക്കെ വെറും കടമ ആയി മാത്രം കണ്ടിരുന്ന അവന് കടമ നിർവഹിക്കുക എന്നതിലുപരി അവരോടൊക്കെ ഉള്ള സ്നേഹം എന്താണെന്ന് മനസിലാക്കി കൊടുക്കുന്ന അനിയത്തി.

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് നസ്‌റിയ തന്നെയാണ്. കേരളത്തിലെ കുഞ്ഞു കുട്ടികൾക്ക് മുതൽ പ്രായമായവർക്കു വരെ ഇഷ്ടമുള്ള ഒരു നടിയെ അവർക്ക് അഭിനയിക്കാൻ ഏറ്റവും കംഫർടബിൾ ആയ ഒരു റോളും കൊടുത്തു വിട്ടിരിക്കുന്നു അഞ്ചലി മേനോൻ. അതിന്റെ റിസൾട്ട് നമുക്ക് സ്ക്രീനിൽ കാണാം. പടം കാണുന്ന ഏതൊരുവരും ജെന്നി എന്ന ആ കഥാപാത്രത്തെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കഴിയില്ല. ജെന്നിയേക്കാൾ മികച്ച ഒരു തിരിച്ചുവരവ് നസ്റിയക്കു ഇനി ലഭിക്കാൻ ഇല്ല. നസ്റിയയും പ്രിത്വിയും തമ്മിലുള്ള കെമിസ്ട്രി വളരെ നന്നായിരുന്നു. ഒരു അനിയത്തി-ഏട്ടൻ ബന്ധത്തിന്റെ സൗന്ദര്യം പ്രേക്ഷകരിലേക്ക് കൂടി എത്തിക്കാൻ അവർക്ക് കഴിഞ്ഞു. സിനിമ കണ്ടുകൊണ്ടിരിക്കുന്ന പലർക്കും തോന്നി കാണും ജെന്നിയെ പോലൊരു അനിയത്തി തനിക്കും ഉണ്ടായെങ്കിൽ എന്നു.

പ്രിത്വിക്കു അഭിനയിക്കാൻ അറിയില്ല, നാടക നടൻ ആണ് എന്നൊക്കെ പറയുന്നവർ കൂടെ ഒന്നു കണ്ടു നോക്കണം. 2012ൽ രവി തരകൻ ആയിരുന്നെങ്കിൽ 2018ൽ ജോഷുവ. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ച പ്രിത്വിരാജ് പ്രകടനങ്ങൾ. പാർവതിയെ കുറിച്ച് പിന്നെ ഒന്നും പറയാൻ ഇല്ല. എപ്പോളത്തെയും പോലെ തന്നെ ലഭിച്ച വേഷം ഗംഭീരമാക്കി.

ചില സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്. സ്ലോ പേസിൽ മാത്രം പറയാൻ പറ്റുന്നതാവും ആ കഥ. കാരണം ഒരു സ്ലോ പോയിസൻ പോലെ വേണം അതു കണ്ടിരിക്കുന്നവരിലേക്കു കടന്നു വരാൻ. അവർ പോലും അറിയാതെ ആ സിനിമ മനസിൽ വന്നു നിറയണം. ലാഗ് എന്ന സംഭവം ഇത്തരം കഥകൾക്ക് അനുഗ്രഹമാണ്. നല്ല സ്ലോ ആയാണ് "കൂടെ" കഥ പറഞ്ഞു പോവുന്നത്. പക്ഷെ ലാഗ് ഉണ്ടെങ്കിലും എവിടെയും ബോറടിപ്പിക്കുന്നില്ല ചിത്രം. സ്ലോ ആയി കഥ പറയുന്നതോണ്ടു തന്നെ ജോഷുവയും ജെന്നിയും സോഫിയും ഒന്നും എപ്പോൾ മുതൽ ആണ് നമ്മോടു കൂടെ കൂടുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാവില്ല. പക്ഷെ സിനിമക്കിടയിൽ എപ്പോളോ അവർ കൂടെ കൂടും സിനിമ കണ്ടു കഴിഞ്ഞാലും ഇറങ്ങി പോവാതെ അവർ അങ്ങനെ മനസിൽ കിടക്കും. കുറച്ചു കാലത്തേക്ക് എങ്കിലും.

ഇത്തിരി കൂടുതൽ നന്മ വാരി വിതറിയതും, ഇടക്ക് കടന്നുവന്ന ഒന്ന് രണ്ടു ക്ളീഷേയും ഒഴിച്ചാൽ അടുത്തിടെ കണ്ട മികച്ചൊരു ചിത്രമാണ് കൂടെ. പക്ഷെ ഈ ക്ളീഷേകൾ ഒന്നും തന്നെ പക്ഷെ സിനിമ ആസ്വധനത്തിനു വിലങ്ങു തടി ആവുന്നില്ല എന്നതാണ് സത്യം. അഞ്ജലി മേനോന്റെ തിരക്കഥയും സംവിധാനവും പ്രിത്വി, നസ്‌റിയ, പാർവതി എന്നിവരുടെ മികച്ച പ്രകടനവും കൂടെ ലിറ്റിൽ സ്വയമ്പിന്റെ കിടിലൻ ഫ്രേമുകളും കൂടി ചേരുമ്പോൾ ഗംഭീര സിനിമ അനുഭവം ആവുന്നുണ്ട് കൂടെ.

വേർഡിക്ട്: വളരെ മികച്ച അനുഭവം
For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo