"ഈ മരിച്ചു പോയവർ ഒക്കെ എവിടെയാ മുത്തച്ഛ ജീവിക്കുന്നത്?"

പത്ത് വയസ്സ് മാത്രമുള്ള വൈശാഖൻ മുത്തച്ഛനോട് ചോദിക്കുന്ന ഈ ചോദ്യം പ്രേക്ഷകരിൽ ചിലർക്കെങ്കിലും ഒരുപക്ഷേ ഒരു നൊസ്റ്റാൾജിയ സമ്മാനിച്ചിട്ടുണ്ടാവണം. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യം ചോദിക്കാത്തവർ കുറവായിരിക്കും. വ്യക്തമായ ഒരു മറുപടി ആരിൽ നിന്നും ലഭിക്കാത്ത ചോദ്യമായത്കൊണ്ട് തന്നെ എന്നെപോലെ പലരും സ്വയം ഒരു ഉത്തരവും ഇതിനു കണ്ടെത്തി കാണണം.

"നമുക്ക് കാണാനും കേൾക്കാനും കഴിയാതെ അവർ എല്ലാം ഇവിടെ തന്നെ ഉണ്ടെങ്കിലോ ?"

* * * * * * * * * * * * * * *

ഇബിലിസ് എന്നാൽ ശൈത്താൻ.. പതിവിൽ നിന്നും വിരുദ്ധമായി കളർഫുൾ ആയ ഒരു ടൈറ്റിൽ ഫോണ്ടിൽ ഇബിലിസ് എന്നെഴുതിയത് കണ്ടപ്പോൾ തന്നെ കരുതിയതാണ് കാണാൻ പോവുന്നത് ഒരു സാധാരണ ശൈത്താനെ ആവില്ലെന്ന്. പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ലെന്നു മാത്രമല്ല ഈ വർഷം കണ്ടിഷ്ടപ്പെട്ട ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ നിൽക്കുന്നു ഇബിലിസ്.

മരണത്തിന്റെ പൊളിച്ചെഴുതാണ് ഇബിലിസ്. പറയാൻ പോവുന്ന കഥ യഥാർത്ഥ ലോകത്ത് വെച്ചു പറഞ്ഞാലുണ്ടാവുന്ന ചോദ്യങ്ങളെ കഥക്ക് അനുയോജ്യമായ ഒരു സാങ്കൽപിക ചുറ്റുപാട് ഉണ്ടാക്കിയതാണ് ഇബിലിസ് നേരിടുന്നത്. നമുക്ക് പരിചിതമായ യഥാർത്ഥ ലോകത്തെ നിയമങ്ങളെയും കാഴ്ചകളെയും പുഴക്കപ്പുറത്തെ "അക്കര" ലോകത്തെ കാഴ്ചകളായി മാറ്റി നിർത്തി കൊണ്ട് തന്റേതായ നിയമങ്ങളും കാഴ്ചകളും നിറഞ്ഞ ഒരു സാങ്കൽപിക ലോകം ഉണ്ടാക്കി തന്നിരിക്കുന്നു സംവിധായകൻ.

മരണത്തെ ആഘോഷമായി കൊണ്ടാടുന്ന നാട്ടിൽ മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ഇടയിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെത്. ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ മരണം പ്രധാന കഥാപാത്രമായി വരുന്ന രണ്ടാമത്തെ ചിത്രമാണ് ഇബിലിസ്. ആദ്യ ചിത്രം ഈ. മാ. യൗ മരണത്തിന്റെ യാഥാർഥ്യങ്ങളെ ബ്ളാക്ക് ഹ്യുമറിനോട് ചേർത്ത് അവതരിപ്പിച്ചപ്പോൾ ഫാന്റസിയുടെ മേമ്പൊടിയോടെ മരണം എന്ന അവസ്ഥയുടെ പുനർവായന നടത്തുകയാണ് ഇബിലിസ്.

ഒരുപാട് തമാശകൾക്കു സ്കോപ് ഉള്ള പ്ലോട്ട് ആയതുകൊണ്ട് തന്നെ രസിച്ചിരുന്നു കാണാൻ പറ്റുന്ന രീതിയിൽ ആണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്. രണ്ടു മണിക്കൂർ മറ്റൊരു ലോകത്ത് ജീവിച്ചു വന്ന പ്രതീതി. ചിരിക്കൊപ്പം തന്നെ അല്പം ചിന്തക്കും വഴിമരുന്നിടുന്നുണ്ട് ചിത്രം. തീയേറ്ററിൽ നിന്നും ഇറങ്ങിയാലും ചിത്രം കോറിയിട്ട ചിന്തകൾ പ്രേക്ഷകന്റെ മനസിൽ ബാക്കി കിടക്കും.

അവതരണത്തിൽ കൊണ്ട് വന്ന പുതുമ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. പല ഇടത്തും കണ്ടിരിക്കുന്ന പ്രേക്ഷകനെ കൊണ്ടു "വൗ" എന്നു പറയിക്കാൻ സംവിധായകന് ആയിട്ടുണ്ട്. മുൻമാതൃകകളിൽ ആമേനോട് മാത്രം സാമ്യം തോന്നിപ്പിക്കുന്നതും എന്നാൽ തന്റേതു മാത്രമായ കാഴ്ചകളിലൂടെ തനതായ നില നില്പുള്ളതുമായ സിനിമയാണ് ഇബിലിസ്. മലയാളത്തിൽ വല്ലപ്പോഴും മാത്രം വന്നു സംഭവിക്കുന്ന കാമ്പുള്ള ഫാന്റസിയുടെ മികവുറ്റ അവതരണം.

തന്റെ ആദ്യ സിനിമക്ക് കെഞ്ചി കേണു തീയേറ്ററിലേക്ക് ആളെ കയറ്റേണ്ടി വന്ന ഒരു സംവിധായകന്റെ രണ്ടാം വരവാണ് ഇബിലിസ്. ഒരു തരം മധുര പ്രതികാരം എന്നൊക്കെ വേണേൽ പറയാം. എന്തായാലും അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന സംവിധായകരുടെ ലിസ്റ്റിലേക്ക് ഒരാൾ കൂടെ കയറി വന്നിരിക്കുന്നു.

എല്ലാവരുടെയും "കപ് ഓഫ് ടീ" അല്ലാത്തത് കൊണ്ടു തന്നെ പോയി കാണാൻ ആരെയും നിര്ബന്ധിക്കുന്നില്ല. പക്ഷെ പോയി കണ്ടു ഇഷ്ടപെട്ടാൽ അതൊരു വല്ലാത്ത ഇഷ്ടപെടൽ ആവും. ഇങ്ങനെ ഒക്കെ ആണെങ്കിൽ ഒന്നു മരിച്ചാൽ കൊള്ളാം എന്നുവരെ തോന്നിയേക്കാവുന്ന തരം ഇഷ്ടപെടൽ 😍

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo