സബ്ടൈറ്റിൽ ഉണ്ടേലും ഇല്ലേലും തീയേറ്ററിൽ തന്നെ പോയി കാണുമെന്നു ഉറപ്പിച്ചിരുന്നു പടമാണ് ഗീത ഗോവിന്ദം. പക്ഷെ പടം റിലീസ് ആയ ആഗസ്റ്റ് 15 നു കേരളത്തെ മുക്കിയ പേമാരി വീട്ടിൽ നിന്നിറങ്ങാൻ പറ്റാതെ എന്നെ തളച്ചിട്ടത് കാരണം ആദ്യ ദിനം കാണാൻ പോവാൻ കഴിഞ്ഞില്ല. പേമാരിക്കും പ്രളയത്തിനും അവസാനം ഒരാഴ്ച വൈകി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ കാണാൻ കഴിഞ്ഞത്.

ചില സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്. ഓരോ നിമിഷവും ക്ളീഷേകളാലാൽ സമ്പന്നമാണെങ്കിലും ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്താൻ കഴിയും അവയ്ക്ക്. ഗീത ഗോവിന്ദം അത്തരത്തിലുള്ളൊരു ചിത്രമാണ്. അതി ഭീകരമായ കഥക്കൊ മനസ്സിനെ കണ്ഫ്യുസ് ചെയ്യിക്കുന്ന ട്വിസ്റ്റുകൾക്കോ ഇടം നൽകാതെ ആദ്യാവസാനം ഫീൽ ഗുഡ് ആയി കഥ പറഞ്ഞു പോവുന്ന ഒരു കൊച്ചു ചിത്രം.

തെലുഗു സിനിമ ആണേലും മുൻ മാതൃകകളിൽ സന്തോഷ് സുബ്രഹ്മണ്യം, സംതിങ് സംതിങ് പോലുള്ള തമിഴ് ഫീൽ ഗുഡ് ചിത്രങ്ങളോടാണ് ഗീത ഗോവിന്ദത്തിനു സാമ്യം. തെലുഗു മുഖ്യധാരാ ചിത്രങ്ങളിൽ സാധാരണ കാണുന്ന മസാല ചേരുവകൾ ഒന്നുമില്ലാത്തൊരു ചിത്രം. ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നതിൽ വിജയ് ദേവരകൊണ്ടയെ അഭിനന്ദിക്കണം. തനിക്ക് വരാൻ പോവുന്ന ഭാര്യയെ കുറിച്ചുള്ള സങ്കല്പങ്ങളുമായി നടക്കുന്ന ഗോവിന്ദ് എന്ന ചെറുപ്പകാരനിലൂടെയാണ് കഥ മുന്നേറുന്നത്. ഒരു ദിവസം അവിചാരിതമായി ആ സങ്കൽപ്പങ്ങൾ ഒക്കെ ഒത്തിണങ്ങിയ ഗീതയെ ഗോവിന്ദ് കണ്ടുമുട്ടുന്നതും അവർ തമ്മിലുള്ള തെറ്റിധാരണയും ഇണക്കവും പിണകവും എല്ലാം ഭംഗിയായി കാണിച്ചിരിക്കുന്നു ചിത്രം.

നാടൊട്ടുക്ക് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ഉള്ള പ്രധാന കാരണം വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള കെമിസ്ട്രി കാണാൻ വേണ്ടിയാണ്. സിനിമയുടെ ഏറ്റവും വലിയ പൊസിറ്റിവും ഇവർ രണ്ടു പേരും തന്നെയാണെന്ന് പറയേണ്ടി വരും. എന്തു രസമായിട്ടാണ് രണ്ടു പേരും അഭിനയിച്ചിരിക്കുന്നത്! ചുമ്മാ അങ്ങു നോക്കിയിരിക്കാൻ തോന്നും. അതിൽ തന്നെ ഒരുപടി മുന്നിട്ട് നിന്നത് വിജയ് തന്നെയാണെന്ന്. വല്ലാത്തൊരു സ്ക്രീൻ പ്രസൻസ് തന്നെയായിരുന്നു ആൾക്കിതിൽ. പവൻ കല്യാണിന് ശേഷം ഇത്രയും സ്ക്രീൻ പ്രസൻസ് ഒരു തെലുഗു ആക്ടർക്ക് തോന്നുന്നത് ആദ്യമാണ് (തെലുഗു സിനിമയെ കുറിച്ചുള്ള എന്റെ പരിമിതമായ അറിവ് വെച്ചു പറഞ്ഞതാണ്)

അനായാസ്യമായി അഭിനയിക്കുന്ന ഗംഭീര സ്ക്രീൻ പ്രസൻസ് ഉള്ള ഒരാൾ. തെലുഗു സിനിമയുടെ ഭാവി കാല സൂപ്പർ താരത്തെ അന്വേഷിച്ചു വേറെ എവിടെയും പോവേണ്ടെന്നു തോന്നുന്നു.

സിനിമയുടെ മറ്റൊരു പൊസിറ്റിവ് ഘടകം ഗോപി സുന്ദർ ഒരുക്കിയ സംഗീതമാണ്. പ്രേക്ഷകരെ കൂടി ആ ഒരു മൂഡിലേക്കു കൊണ്ടു പോവാൻ മ്യൂസിക്കിന്‌ കഴിഞ്ഞിട്ടുണ്ട്. സിനിമക്ക് 20 മിനിറ്റ് വൈകി വന്ന് അപ്പുറത്തെ സീറ്റിൽ ഇരുന്ന ചേട്ടൻ "ഇൻകെ ഇൻകെ" പാട്ടു കഴിഞ്ഞിട്ടില്ലല്ലോ എന്നാണ് എന്നൊടു ആദ്യം ചോദിച്ചത്. പടം 20 മിനുറ്റ് നഷ്ടമായതോന്നും ആൾക്കൊരു കുഴപ്പമേ അല്ലായിരുന്നു പാട്ടു നഷ്ടപെട്ടോ എന്നത് മാത്രമായിരുന്നു പേടി. ആർത്ഥമൊന്നും അറിയാഞ്ഞിട്ടുകൂടി ഇത്രകണ്ട് മലയാളി മനസ്സുകളിൽ ചേക്കേറിയിട്ടുണ്ട് ഇതിലെ ഓരോ ഗാനങ്ങളും.

ചുരുക്കത്തിൽ ആദ്യാവസാനം ഒരു ചെറു ചിരിയോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ഗീത ഗോവിന്ദം. സംഗീതവും പ്രധാന താരങ്ങളുടെ പ്രകടനവും ചിത്രത്തിന് മികവ് കൂട്ടുന്നു. അമിത പ്രതീക്ഷ ഒന്നും വെക്കാതെ പോയാൽ നന്നായി ആസ്വദിക്കാം 😊

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo