ഏതൊരു സിനിമയും പ്രേക്ഷകന് ഇഷ്ടപ്പെടുന്നത് ആ സിനിമയുടെ ജേര്ണറിന് അനുസരിച്ചാണ്. ഒരു ആക്ഷൻ ത്രില്ലർ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത് അതിലെ ആക്ഷൻ സീക്വൻസ് നന്നായോ എന്നതിനനുസരിച്ചാണ്. ഒരു കോമഡി സിനിമ ഇഷ്ടമാവുന്നത് അതിൽ ചിരിക്കാൻ ഉള്ള ഒരുപാട് കോമഡികൾ ഉണ്ടാവുമ്പോൾ ആണ്. അതുപോലെ തന്നെ ഒരു ഇമോഷണൽ ത്രില്ലർ ഇഷ്ടപെടുന്നത് സിനിമ പങ്കുവെക്കുന്ന ആ ഇമോഷൻ എത്രമാത്രം തങ്ങളിലേക്കു എത്തപ്പെട്ടിട്ടുണ്ട് എന്നതിന് അനുസരിചാണ്. "ഇമോഷണൽ ത്രില്ലർ"എന്ന വിഭാഗത്തിൽ ഇറങ്ങിയ "വില്ലന്"നഷ്ടമായതും രണത്തിനു ഒരുപരിധിവരെ സാധിച്ചെടുക്കാൻ കഴിഞ്ഞതും ഈ ഒരു ഭാഗം തന്നെ.

അമേരിക്കൻ നഗരമായ ഡിറ്റെറോയിട്ടിന്റെ ചരിത്രം പറഞ്ഞു തുടങ്ങുന്ന സിനിമ ആ ഒരു സീൻ മുതൽ തന്നെ പ്രേക്ഷരെ പിടിച്ചു ഇരുത്താൻ ശ്രമിക്കുന്നുണ്ട്. നല്ലൊരു കഥയുടെ കുറവ് ചിത്രത്തിൽ ഉടനീളം കാണാം. പറഞ്ഞു പഴകിയ കഥക്ക് പുതിയൊരു പശ്ചാത്തലം കൊടുത്തു നല്ലൊരു അവതരണ ശൈലിയിലൂടെ ടെക്‌നിക്കൽ പെര്ഫെക്ഷനോട് കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചതിൽ ആണ് രണം ശ്രദ്ധിക്കപ്പെടുന്നത്. നിർമൽ സഹദേവ് എന്ന എഴുത്തുകാരനും സംവിധായകനും ആണ് ഏറ്റവും പ്രശംസ അർഹിക്കുന്നത്. ആദ്യ സിനിമ ആണെന്ന് ഒരിടതുപോലും തോന്നിപ്പിക്കാതെ അത്രയും പെര്ഫെക്റ്റ് ആയി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട് അദ്ദേഹം ചിത്രത്തെ. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന സംവിധായകരുടെ ലിസ്റ്റിലേക്ക് ഒരാൾ കൂടി.

അന്യനാടുകളിൽ ചിത്രീകരിച്ച ഭൂരിഭാഗം മലയാള സിനിമകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭാഷ തന്നെയാണ്. മലയാളി പ്രേക്ഷന് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി എല്ലാവരെയും മലയാളം സംസാരിപ്പിച്ചാൽ അതും പറഞ്ഞു ആളുകൾ കളിയാക്കിക്കൊല്ലും. എന്നാൽ പോട്ടെ പുല്ലെന്ന് വെച്ചു അന്യഭാഷ ഡയലോഗുകള്ക്ക് മലയാളം സബ്ടൈറ്റിൽ കൊടുത്താലോ? സബ്ടൈറ്റിൽ കറക്റ്റ് അല്ല, അല്ലേൽ സബ്ടൈറ്റിൽ ഫോണ്ട് ചെറുതായി പോയി എന്നൊക്കെ പറഞ്ഞു കുറെ പേർ പരാതിയുമായി വരും.

ഇതുകൊണ്ടൊക്കെ തന്നെ പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ചിട്ടുപോലും ഒരു ഇടത്തു പോലും മലയാളം സബ്ടൈറ്റിൽ ഉപയോഗിച്ചിട്ടില്ല എന്നത് രണം എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആവുന്നുണ്ട്. "Break the fourth wall" മോഡലിൽ ഉള്ള വോയിസ് ഓവറുകൾ ഉപയോഗിച്ചാണ് സിനിമ ഇതു സാധ്യമാക്കിയത്. പ്രിത്വിയുടെ കിടിലൻ ശബ്ദത്തിൽ ആ വോയിസ് ഓവറുകൾ കേൾക്കാൻ ഒരു പ്രത്യേക രസമുണ്ടായിരുന്നു.

തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ വലിയൊരു ബലം എന്നു പറയേണ്ടി വരും. വോയിസ് ഓവറുകൾ ഒരുപാട് ഉണ്ടായിട്ടും അതൊന്നും പ്രേക്ഷകന് ആരോചകമാവാതെ ഇരുന്നത് ആ സ്ക്രീൻപ്ലെയുടെ വിജയം തന്നെയാണു.

ആക്ഷനും മ്യൂസിക്കും എടുത്തു പറയണം. സിനിമ ഇത്രയും ആസ്വദിക്കാൻ കഴിഞ്ഞത് ഇതു രണ്ടും നന്നായതുകൊണ്ടു തന്നെയാണ്. ഹാൻഡ് ടു ഹാൻഡ് ഫൈറ്റുകൾ എല്ലാം വളരെ അധികം നിലവാരം പുലർത്തി. ആകെ 3 ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളത്. പക്ഷെ അത് മൂന്നും സിനിമക്ക് കൊടുത്ത മൈലേജ് ചെറുതല്ല. ഫൈറ്റ് സീനുകളിലെ കൊറിയോഗ്രാഫിയും എടുത്തു പറഞ്ഞു അഭിനന്ദിക്കേണ്ട ഒന്നുതന്നെ. പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു. സിനിമ പങ്കുവെക്കുന്ന പിരിമുറുക്കം പ്രേക്ഷകരിലേക്ക് എത്തിക്കാൻ പശ്ചാത്തല സംഗീതം വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

മാറ്റത്തിന് വേണ്ടി അഹോരാത്രം ഒച്ചവെക്കുകയും അവസാനം ഒരു മാറ്റം കൊടുത്താൽ അതിനു നേരെ മുഖം തിരിക്കുകയും ചെയുന്ന മലയാളിയുടെ സ്ഥിരം സ്വാഭവം തന്നെ ആണെന്ന് തോന്നുന്നു രണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. സീരീസ് ആയി വന്നു കൊണ്ടിരിക്കുന്ന രണത്തിന് എതിരെ ഉള്ള നെഗേറ്റിവ് റീവ്യൂകൾ അര്ഥമാക്കുന്നതും അതു തന്നെ.

പലരും പറഞ്ഞു കേട്ട ലാഗ് ഒന്നും എനിക്ക് തോന്നിയില്ല. കയ്യടിച്ചു ആർപ്പുവിളിച്ചു കാണാൻ പറ്റുന്ന ഒരു മാസ് ചിത്രമല്ല ഇത്. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു പിരിമുറുക്കത്തോടെ മാത്രം കണ്ടുതീർക്കാൻ കഴിയുന്നൊരു ചിത്രമാണ് രണം. എല്ലാവരുടെയും കപ് ഓഫ് ടീ ആണെന്ന അവകാശവാദം ഒന്നുമില്ല. നല്ലൊരു തിരക്കഥയും അതിന്റെ മികച്ച അവതരണവും പ്രിത്വിരാജ് റഹ്മാൻ തുടങ്ങിയവരുടെ മികച്ച പ്രകടനവുംകൊണ്ടു കണ്ടിരിക്കാൻ പറ്റുന്നൊരു ചിത്രം. വേഗത്തിൽ കഥ പറഞ്ഞു പോവുന്നൊരു ആക്ഷൻ ത്രില്ലർ പ്രതീക്ഷിക്കാതെ പതിഞ്ഞതാളത്തിൽ കൊട്ടി കയറുന്നൊരു ഇമോഷണൽ ത്രില്ലർ പ്രതീക്ഷിച്ചു പോയാൽ ഇഷ്ടപെടാം.

അവസാനമായി പറയാൻ ഉള്ളത് പ്രിത്വിയുടെ ആരാധകർ എന്നു പറഞ്ഞു നടക്കുന്ന കുറച്ചു ആളുകളോട് ആണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നെഗട്ടീവ് റീവ്യൂ കണ്ടതും ഇവരിൽ ചിലരിൽ നിന്നാണ്. നിങ്ങൾക്ക് ഈ സിനിമയൊന്നും ഇഷ്ടപ്പെടുന്നില്ലേൽ ദയവു ചെയ്ത് നിങ്ങൾ അങ്ങേരുടെ ഫാൻ എന്ന നിലപാടിൽ മാറ്റം വരേണ്ടിയിരിക്കുന്നു. ഫാന്സിനെ തൃപ്തിപ്പെടുത്തുന്ന പടങ്ങൾ ഒന്നും മൂപ്പര് ഇനി ചെയ്യാൻ സാധ്യത ഇല്ല.

ഇത് പ്രിത്വിരാജ് ആണ്.. അങ്ങേരു ഇങ്ങനെയാണ്.. ❤️

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo