"ദൈവമേ ടോവീനോ തോമസിനെ സ്റ്റാർ ആക്കണേ"

ഈ പ്രാർത്ഥനയുമായി 3 കൊല്ലം മുന്നേ സ്റ്റൈൽ ആദ്യ ഷോ കാണാൻ കയറിയ ആളാണ് ഞാൻ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നിറഞ്ഞ സദസ്സിൽ ഇരുന്നു തീവണ്ടി കണ്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തതും ഈ പഴയ പ്രാർത്ഥന ആണ്. അതേ ടോവീനോ തോമസ് സ്റ്റാർ ആയിരിക്കുന്നു. 😍

തീവണ്ടി എന്ന പേരും, ടൈറ്റിൽ ഫോണ്ടും, ഇറങ്ങിയ പാട്ടുകളും എല്ലാം പോയിന്റ് ചെയ്തത് ഒരു കാര്യത്തിലേക്കാണ് ചെയ്‌ൻ സ്മോക്കേർ ആയ ഒരു യുവാവിന്റെ കഥന കഥ 😂. തീവണ്ടി പങ്കു വെക്കുന്ന കഥയും അതുതന്നെ ആണ്. കഥന കഥ അല്ലെന്ന വ്യത്യാസമേ ഉള്ളു. 😇 ചെറുപ്പത്തിലേ സിഗരറ്റിന് അടിമപ്പെട്ട ബിനീഷ് ദാമോദർ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മുടിഞ്ഞ വലി കാരണം നാട്ടുകാർ അവനു ചാർത്തികൊടുത്ത പേരാണ് തീവണ്ടി. അവന്റെ പ്രണയവും, വലി കാരണം നേരിടേണ്ടി വരുന്ന പ്രശനങ്ങളും ആണ് 140 മിനുട്ടോളം ദൈർഘ്യം ഉള്ള ചിത്രം പറയുന്നത്.

ചില സിനിമകൾ ഉണ്ട്. പ്രതീക്ഷ ഏതുമില്ലാതെ പോയി കണ്ടു നമ്മളെ ഞെട്ടിക്കുന്ന ചില സിനിമകൾ. അത്തരത്തിലുള്ള സിനിമകളുടെ ലിസ്റ്റിൽ എന്റെ മനസ്സിൽ പ്രഥമ സ്ഥാനം ഇനി മുതൽ തീവണ്ടിക്കാണ്. പൊളിറ്റിക്കൽ സറ്റയർ ആണെന്നൊക്കെ പലരും പറഞ്ഞു കേട്ടു. പക്ഷെ അതിനേക്കാൾ ഒരു ഫാമിലി കോമഡി മൂവി എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം. ഒരു നിമിഷം പോലും ബോറടിക്കാതെ ആദ്യാവസാനം രസിച്ചിരുന്നു കാണാൻ കഴിഞ്ഞ ഒരു ചിത്രം. 😊

സിഗരറ്റ് വലിക്കാരന്റെ കഥ എന്നൊക്കെ പറയുമ്പോൾ രണ്ടു രീതിയിൽ പറയാം അല്ലേ? ഇത്തിരി അസുഖവും ഹോസ്പിറ്റൽ കേസും ഒക്കെയായി 'ഡാർക്' ആക്കി DCയെ പോലെ പറയാം. അല്ലേൽ നുറുങ്ങു കോമടികളും ഹാപ്പി എൻഡിങ്ങും ഒക്കെയാക്കി Marvel ആക്കി പറയാം. 😄 തീവണ്ടി പിന്തുടർന്നിരിക്കുന്നത് ഈ രണ്ടാമത് പറഞ്ഞ രീതിയാണ്. നുറുങ്ങു കോമടികളും നല്ല പാട്ടുകളും ഒക്കെയായി എന്നാൽ പറയാൻ ശ്രമിച്ച വിഷയത്തിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ ഡീസന്റ് ആയി പറഞ്ഞു വെച്ചിരിക്കുന്നു ചിത്രം. തിരക്കഥകൃത്ത് വിനി വിശ്വ ലാലിനും സംവിധായകൻ ഫെലിനിക്കും അഭിമാനിക്കാം. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷരെ പിടിച്ചു ഇരുത്താൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.

ടോവീനോ, സുരാജ്, സുധീഷ്, സൈജു കുറുപ്പ് പിന്നെ സഫർ എന്ന വേഷം ചെയ്ത ചങ്ങായി തുടങ്ങി എല്ലാവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ഇമോഷണൽ രംഗങ്ങളിൽ ഒന്നു കൈവിട്ടു പോയതായി തോന്നിയത് ഒഴിച്ചാൽ നായികയുടെ പ്രകടനവും നന്നായിരുന്നു. സുധീഷിനെ ഒക്കെ അമ്മാവൻ വേഷത്തിൽ കാസ്റ്റ് ചെയ്ത ആളെ സമ്മതിക്കണം. കോളേജ് കുമാരൻ റോളിൽ മാത്രം തളച്ചിട്ടിരുന്ന സുധീഷിന് നല്ലൊരു ബ്രെക്ക് ആവട്ടെ ഈ ചിത്രം. ഇനിയും ഒരുപാട് ഇതുപോലുള്ള നല്ല റോളുകളിൽ അങ്ങേരേ കാണാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.

സിഗരറ്റ് വലി നിർത്താൻ പ്രേരിപ്പിക്കുന്ന ചിത്രമാണ് തീവവണ്ടി എങ്കിലും സിഗരറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് ഡയലോഗുകളാൽ സമ്പന്നമാണ് ചിത്രം. ഈ ഡയലോഗുകള്ക്ക് എല്ലാം തീയേറ്ററിൽ ലഭിച്ച പൊരിഞ്ഞ കയ്യടി സ്വാഭാവികമായും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നുണ്ട്, വിചാരിച്ച റിസൾട്ട് ആണോ ചിത്രം ഉണ്ടാക്കി എടുക്കുക എന്നത്. മലയാള സിനിമ ഇത്രയും പുരോഗമിച്ച ഈ കാലത്തും കുടുംബ പ്രേക്ഷരെ തീയേറ്ററിൽ എത്തിക്കാൻ ഡബിൾ മീനിങ് കോമടികൾ വേണം എന്ന സ്ഥിതിയാണല്ലോ! ഏറ്റവും കൂടുതൽ കയ്യടി കിട്ടുന്നതും സ്ത്രീവിരുദ്ധതക്കും ഡബിൾ മീനിങ് കോമടികൾക്കും തന്നെ. അത്കൊണ്ടൊക്കെ തന്നെ സിനിമയിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്ന സാമൂഹിക മാറ്റത്തിന് നമ്മുടെ പ്രേക്ഷകർ എത്രമാത്രം നിന്നുകൊടുക്കും എന്നറിയില്ല. എന്നിരുന്നാലും ഒരാൾ എങ്കിലും ഈ ചിത്രം കണ്ട് സിഗരറ്റ് വലി ഉപേക്ഷിച്ചാൽ അതു തീവണ്ടി എന്ന ചിത്രത്തിന്റെ വിജയം തന്നെയാണ്.

ടോവീനോ തോമസ് എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാവാൻ കെല്പുള്ള ചിത്രമാണിത്. തീയേറ്ററിൽ കാണുന്ന വൻ ജനാവലി ഈ ഊഹം ശരി വെക്കുന്നു. ഏതു കാലത്തും ആർക്കും ഇഷ്ടപെടവുന്ന ചിത്രങ്ങളിൽ ഒന്നാണ് തീവണ്ടി. വലിയ പ്രതീക്ഷ ഒന്നും വെക്കാതെ പോയാൽ നിങ്ങൾക്കും ഇഷ്ടപെടാം. ❤️

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo