"നിയമങ്ങൾ ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം"

ഇയ്യോബിന്റെ പുസ്തകത്തിലെ വാക്കുകൾ ആണിവ. ഇയ്യോബിൽ നിന്നും വരത്തനിലേക്കു എത്തുമ്പോൾ നിയമങ്ങൾക്ക് വിലയുള്ള കാലത്തും ചില ഇടങ്ങളിൽ അക്രമം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം എന്നു തിരുത്തി വായിക്കേണ്ടി ഇരിക്കുന്നു.

പതുക്കെ കൊട്ടി കയറുന്നൊരു താളമാണ് ചിത്രം സ്വീകരിച്ചിട്ടുള്ളത്. സമയം എടുത്തു പ്രേക്ഷകനെ കൂടെ കൂട്ടുന്നൊരു രീതി. ചിത്രത്തിന്റെ ഭൂരിഭാഗത്തും സംഭവങ്ങളെക്കാൾ സംഭാഷണങ്ങൾകൊണ്ടാണ് കഥ പറയാൻ ശ്രമിച്ചിട്ടുള്ളത്. സംഭാഷണങ്ങൾ കൊണ്ടു കഥ പറയാൻ ശ്രമിച്ച മിക്ക സിനിമകൾക്കും കേൾക്കേണ്ടി വരുന്നൊരു പഴിയാണ് "ഇഴച്ചിൽ ആണെന്ന്" ഉള്ളത്. ചെറിയൊരു ത്രെഡിന്റെ 130 മിനുട്ടുള്ള അവതരണമായത് കൊണ്ട് തന്നെ വരത്തനെയും പലർക്കും ലാഗ് ആയി തോന്നിയേക്കാം. പക്ഷെ ചിത്രത്തിനാവസാനം ലഭിക്കുന്ന ആ അരമണിക്കൂർ മാത്രം മതി അതുവരെ നിങ്ങളെ ലാഗ് അടിപ്പിച്ചിട്ടുണ്ടെൽ അതു നിങ്ങൾ മറക്കാൻ. അവസാനത്തെ ആ അരമണിക്കൂർ ആണ് ചിത്രത്തിന്റെ നട്ടെല്ല്. ആ നട്ടെലിന്റെ ബലത്തിലാണ് വരത്തൻ തലയുയർത്തി നിൽക്കുന്നതും.

ഒറ്റവരിയിൽ പറഞ്ഞവസാനിപ്പിക്കാവുന്ന കഥയേ തന്റെ സ്വതസിദ്ധമായ സ്റ്റൈലിഷ് അവതരത്തിലൂടെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട് അമൽ നീരദ്. പ്രധാന കഥാപാത്രങ്ങളുടെ അനായാസ്യമായ അഭിനയവും, ലിറ്റിൽ സ്വയംബിന്റെ ക്യാമറയും, സുശീൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടെ ടിപ്പിക്കൽ അമൽ നീരദ് സ്റ്റൈലും കൂടെ ചേരുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകന് മികച്ചൊരു വിരുന്നാവുന്നു ചിത്രം. അടുത്തത് എന്തെന്ന് വ്യാകതമായി ഊഹിച്ചെടുക്കാൻ കഴിഞ്ഞിട്ട് പോലും ബോറടിക്കാതെ ചിത്രത്തെ കണ്ടിരിക്കാൻ സഹായിക്കുന്നതും ഈ അമൽ നീരദ് ടച്ച് തന്നെയാണ്.

എബി, പ്രിയ എന്നീ കഥാപാത്രങ്ങൾ ഫഹദിന്റെയും ഐശ്വര്യയുടെയും കയിൽ സുരക്ഷിതമായിരുന്നു. ആക്ഷൻ സീനുകൾ എല്ലാം ഫഹദ് മികച്ചതാക്കി. അല്ലേലും ഫഹദ് ഫാസിൽ നന്നായി അഭിനയിച്ചു എന്നു പറഞ്ഞാൽ അതൊരു വലിയ ക്ളീഷേ ആയിപ്പോവും. പക്ഷെ ഞെട്ടിച്ചത് മറ്റൊരാണ്. പൂർണമായ ഒരു ഇമേജ് ബ്രെക്ക് എന്നൊക്കെ പറയാവുന്ന ശറഫുദ്ധീൻ അവതരിപ്പിച്ച കഥാപാത്രം. കോഴി കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചു നായകന്റെ വാലായി നടന്നിരുന്ന ഒരാൾ ഇത്ര നന്നായി ഒരു നെഗട്ടീവ് വേഷം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.

ഒരു ക്ലാസ് ചിത്രമൊന്നുമല്ല വരത്തൻ. ക്ലാസ് ചിത്രമാക്കാൻ എവിടെയും ശ്രമിച്ചിട്ടുമില്ല. സിനിമാറ്റിക് ആയ എല്ലാ സ്വാതന്ത്രങ്ങളെയും പൂർണമായി ഉപയോഗിച്ചു മികച്ചൊരു ആസ്വാദനം കണ്ടിരിക്കുന്ന പ്രേക്ഷന് ഉറപ്പുവരുത്താൻ ആണ് വരത്തൻ ലക്ഷ്യം വെച്ചിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് ഒരു പരിധിവരെ ചിത്രം എത്തിയിട്ടുണ്ടെന്നും പറയേണ്ടി വരും. തിയേറ്റർ പൂരപറമ്പാക്കിയ ആ അവസാന 30 മിനുറ്റ് ഇതു ശരി വെക്കുന്നു. അല്ലേലും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ നിയമം കയ്യിലെടുക്കേണ്ടി വരുന്ന ആളുകളോട് പ്രേക്ഷകർക്ക് എപ്പോളും ഒരു മമത ഉണ്ടാവുമല്ലോ! അപ്പോൾ പിന്നെ ഇത്രയും മാസ് ആയി നിയമം കയ്യിലെടുക്കുന്ന ആളോട് ആരാധന തോന്നിയാലും അത്ഭുതമില്ല.

ജീവിതത്തിൽ ഒരിക്കൽ എങ്കിലും സദാചാര വക്താക്കൾ ആവാത്ത മനുഷ്യർ കുറവാവും അല്ലെ? ഒരു ആണും പെണ്ണും ഒരുമിച്ചു ഇരിക്കുമ്പോളോ ഇത്തിരി മോഡേണ് വസ്ത്രം ധരിച്ച ഒരു പെണ്കുട്ടിയെ കാണുമ്പോളോ മാത്രം ഉള്ളിൽ നിന്നും നുരച്ചു പൊങ്ങി വരുന്ന ഒരു സദാചാരബോധം ഉണ്ടല്ലോ!? അത്തരത്തിൽ ഉള്ളൊരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ ചിത്രം പോയി കാണുക. ഇതുപോലൊരു വരാത്തന്റെ കയ്യിൽ പെട്ടാൽ തീരാവുന്ന ആയുസാണ് നിങ്ങളുടെ സദാചാര ബോധത്തിനുള്ളു എന്നു മനസ്സിലാക്കുക.

തീയറ്ററിൽ നിന്നും തന്നെ കാണേണ്ട ചില സിനിമകൾ ഉണ്ട്. തീയറ്ററിൽ നിന്നും മാത്രം ആസ്വദിക്കാൻ പറ്റുന്ന ചില സിനിമകൾ. ആറിഞ്ചു സ്ക്രീനിൽ "ക്യാമറ പ്രിന്റ്" കാണാൻ ആണേൽ ആരും വരത്തൻ കാണേണ്ടതില്ല. നിങ്ങൾക്കൊരിക്കലും ആ സിനിമയുടെ പൂർണമായ ആസ്വാദനം ലഭിക്കാൻ പോവുന്നില്ല. കഥ അറിയണം എന്നതു മാത്രമാണ് ഉദ്ദേശം എങ്കിൽ വിക്കിപീഡിയ എടുത്തു കഥ വായിക്കുക. അല്ലേൽ ചിത്രം കണ്ട ആരോടെങ്കിലും ചോദിക്കുക. നല്ല സൗണ്ട് എഫക്ട് ഉള്ള തീയേറ്ററിൽ നിറഞ്ഞു കവിഞ്ഞ ഓടിയൻസിന് മാത്രം പ്രധാനം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഈ ചിത്രത്തിന്റെ ആസ്വാദനം. അതുകൊണ്ടു തന്നെ എല്ലാവരും നല്ലൊരു തീയേറ്റർ തന്നെ തിരഞ്ഞെടുത്തു ചിത്രം കാണുക. ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.

വേർഡിക്ട്: വളരെ മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo