ഒരുമാതിരിപ്പെട്ട എല്ലാ തരം ചിത്രങ്ങളെയും ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രത്യേക കഴിവ് എനിക്കുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഒരുപാട് നെഗേറ്റിവ് റീവ്യൂ കണ്ടു കയറിയത് കൊണ്ടാവണം സാമി 2 എനിക്കിഷ്ടപ്പെട്ടു. പിന്നെ കാണാൻ പോയത് ദൈവതിരുമകൾ രണ്ടാഭാഗം ഒന്നുമല്ലല്ലോ! സാമിയുടെ രണ്ടാം ഭാഗം അല്ലെ?

വീട്ടിൽ CD പ്ലെയർ വാങ്ങിച്ച സമയത്തു ആദ്യം കണ്ട ചിത്രങ്ങളിൽ ഒന്നായിരുന്നു സാമി. വിക്രമിനെ എനിക്കത് വരെ പരിചയം മലയാള സിനിമയിലെ സഹനടൻ വേഷങ്ങളിൽ മാത്രമായിരുന്നു. ഇഡ്ഡലിയിൽ ബിയർ ഒഴിച്ചു കഴിക്കുമ്പോൾ തുടങ്ങി അവസാന സീനിൽ വില്ലനെ കൊളുത്തുന്നത് വരെ കണ്ടതെല്ലാം മാസ് ആയിരുന്നു. ഒരുപാടിഷ്ടമുള്ള സിനിമകളിൽ ഒന്നാണ് സാമി. ഇന്നും ഹാർഡ് ഡിസ്കിൽ ഒരിടത്തു കളയാതെ വെച്ചിരിക്കുന്ന സിനിമകളിൽ ഒരെണ്ണം.

15 കൊല്ലത്തിന് ശേഷം സാമിക്ക് രണ്ടാംഭാഗം വരുമ്പോൾ ഹരിയുടെ തൊട്ടു മുന്നത്തെ സിംഗം 3 എന്ന ചെയ്ത്ത് മറന്നുകൊണ്ട് ആദ്യ ദിനം ടിക്കറ്റ് ബുക് ചെയ്യാൻ ഉള്ള ധൈര്യം കാണിച്ചതും ഈ ഇഷ്ടംകൊണ്ടു തന്നെ.

സാമി നിർത്തിയിടത്തു നിന്നുമാണ് സാമി 2 തുടങ്ങുന്നത്. ഹരി തന്റെ സിംഗം സീരീസിൽ ചെയ്ത ഒരു കാര്യമുണ്ട്. ഓരോ സിനിമയിലും ദുരൈ സിംഗത്തിന് ഓരോ മിഷൻ. ഓരോ സെറ്റ് പുതിയ വില്ലന്മാർ. ഇവിടെ ആ ഒരു ഫോർമാറ്റിൽ നിന്നും മാറി സാമിയെ ഇത്തിരി കൂടി "പുതുമ" വെച്ചവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വില്ലന്മാർ മാത്രമല്ല ഇവിടെ സാമിയും പുതിയ ഒരാളാണ്. അതേ ആറുചാമിയെ ഹരി അങ്ങു കൊന്നു കളഞ്ഞു. എന്നിട്ടു ഫോട്ടോസ്റ്റാറ്റ് കോപ്പി ആയ മകൻ രാമസാമിയെ ആ സ്ഥാനത്തു നായക സ്ഥാനത്തു പ്രതിര്ഷ്ടിച്ചു. വില്ലന്മാരുടെ സ്ഥാനത്ത് പഴയ വില്ലൻ പെരുമാൾ പിച്ചയുടെ മക്കളും. ഫലത്തിൽ സിംഗം സീരീസുമായി പ്രഥമ ദൃഷ്ട്യാ വലിയ സാമ്യം തോന്നുന്നില്ലെങ്കിലും ഒരുമാതിരി പെട്ട മറ്റെല്ലാ ക്ളീഷേകളാലും സമ്പന്നമായ ഒരു ചിത്രം റിസൾട്ട് ആയി കിട്ടി.

ഒരു മുറുക്കം സൃഷ്ടിക്കാൻ കഴിയാത്ത തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ദോഷം. ചില ഇടങ്ങളിൽ ത്രിൽ അടിപ്പിക്കുമ്പോളും മിക്ക സ്ഥലത്തും നനഞ്ഞ പടക്കം മാത്രമായി പോവുന്നു തിരക്കഥ. കണ്ടു മറന്ന എല്ലാ തരം ക്ളീഷേകളും ഒരുപാട് കുത്തി നിറച്ചിട്ടുമുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിട്ടീവ് ഏലമെന്റ് വിക്രം തന്നെയാണ്. നീണ്ട പതിനഞ്ചു വർഷത്തിന് ശേഷം സാമി വേഷം വീണ്ടുമെടുത്തു അണിയുമ്പോളും ആ പഴയ എനർജി ഒന്നും എവിടെയും പോയിട്ടിലെന്നു തോന്നും. രാമസാമിക്ക് ഇപ്പോൾ 28 വയസ്സെന്നു പറയുമ്പോളും പ്രേക്ഷകന് വലിയൊരു തമാശ ആയി അതുതോന്നാത്തതും വിക്രമിന്റെ യങ് ലുക്‌സ് കൊണ്ടു തന്നെയാണ്. "ഏജ് ഇൻ റിവേഴ്‌സ് ഗിയർ ഡാ" എന്നൊക്കെ ധൈര്യമായി പറയാം. ബോബി സിംഹ അവതരിപ്പിച്ച രാവണ പിച്ചൈ എന്ന വില്ലൻ കഥാപാത്രം നന്നായിരുന്നു. ഹരിയുടെ എല്ലാ വില്ലന്മാരുടെയും ഒരു മിക്സ് ആയി തോന്നുമെങ്കിലും ബോബി ആ വേഷം മാന്യമായി ചെയ്തിട്ടുണ്ട്. നായികക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലായിരുന്നു ചിത്രത്തിൽ.

ചുരുക്കത്തിൽ വേണേൽ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് സാമി 2. പഴയ സാമിയുമായുള്ള താരതമ്യത്തിൽ വീണു പോവുന്നുണ്ടെങ്കിലും ഒറ്റക്കെടുത്തു പരിശോധിച്ചാൽ വലിയ കുഴപ്പമില്ലെന്നു തോന്നാവുന്ന സൃഷ്ടി. സിംഗം 3 യേക്കാൾ എന്തുകൊണ്ടും മെച്ചം. പുലിമുരുകനും മാസ്റ്റര്പീസുമെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിച്ച മലയാളിക്ക് ഇത്രകണ്ട് തേച്ചൊട്ടിക്കാൻ മാത്രമൊന്നും മോശമായി തോന്നിയില്ല ഈ സാമി 2. പടം കണ്ടിറങ്ങുമ്പോൾ ഞാൻ ചുമ്മാ ആലോചിച്ച ഒരു കാര്യമുണ്ട്. 2004ൽ എങ്ങാനുമാണ് ഈ ചിത്രം റിലീസ് ആയിരുന്നത് എങ്കിൽ വലിയ വിജയമായേനെ എന്നു.

തമിഴ് മാസ് മസാല ചിത്രങ്ങളുടെ വലിയ ആരാധകനാണ് നിങ്ങൾ എങ്കിൽ, അത്തരത്തിൽ ഉള്ളൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനാണ് പോവുന്നതെന്ന വ്യക്തമായ ബോധത്തോട് കൂടി മാത്രം ടിക്കറ്റ് എടുക്കുക. ഇഷ്ടപ്പെടുമോ എന്നു നോക്കാം. 😊

വേർഡിക്ട്: ഒരുതവണ വേണേൽ കാണാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo