Blood | Brotherhood | Betrayal

ഈ ടാഗ് ലൈൻ ചിലപ്പോൾ ലൂസിഫറിനെക്കാൾ ചേരുക ഈ ചിത്രത്തിന് ആവും. ചതിയും വഞ്ചനയും അതിലൂടെ സഹോദരന്മാർക്കിടയിൽ ഒഴുകിയ രക്തത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് ഇതിൽ കൂടുതൽ ചേർച്ചയുള്ള ടാഗ് ലൈൻ വേറെ കിട്ടുമോ?

ലോകത്തു ഇറങ്ങുന്ന എല്ലാ ഗാങ്സ്റ്റർ സിനിമകളും പ്രചോദനം ഉൾകൊണ്ടിരിക്കുന്നത് മൂന്നു സിനിമകളിൽ നിന്നാണെന്നു കേട്ടിട്ടുണ്ട്. അച്ഛൻ-മക്കൾ ഗാങ്സ്റ്റർ സിനിമകൾ എല്ലാം ഗോഡ്ഫാതെറിൽ നിന്നും. കൂട്ടുകൂടി ഗാങ്സ്റ്റർ ആവുന്നത് ഗുഡ്ഫെല്ലാസിൽ നിന്നും, ഒന്നും അല്ലാതിരുന്നവൻ പടിപടി ആയി ഉയർന്നു വരുന്നത് സ്‌കാർ ഫേസിൽ നിന്നും.

ഇതിൽ ഗോഡ്ഫാദർ സിനിമകൾ എല്ലാം പിന്തുടരുന്ന ഒരു പൊതുവായ രീതി ഉണ്ട്. ഗാങ്സ്റ്റർ ആയ അച്ഛൻ. അങ്ങേർക്ക് നാലു മക്കൾ. പെട്ടെന്ന് ദേഷ്യം വരുന്ന മൂത്തമകനും ഒന്നിനും കൊള്ളാത്ത രണ്ടാമത്തെ മകനും. അച്ഛന് വലിയ താല്പര്യം ഇല്ലാത്ത ഇളയമകനും. ഇവർക്കെല്ലാം കൂടി ഒരു സഹോദരിയും. അച്ഛൻ ഗാങ്സ്റ്റർക്ക് ഒരു അപകടം പറ്റുമ്പോൾ നേതൃത്വം ഏറ്റെടുക്കേണ്ടി വരുന്ന ഇളയ മകൻ. അച്ഛന് ഈ ഗതി വരുത്തിയവർക്ക് എതിരെ പോരാടി വിജയം കാണുന്ന അവനാണ് ഈ ചിത്രങ്ങളിൽ എല്ലാം നായകൻ. വെറും "തൈര് സാദം" ആയിരുന്നവന്റെ "മട്ടൻ ബിരിയാണി" ആയുള്ള ട്രാൻസ്ഫെര്മേഷനോട് കൂടി ചിത്രം അവസാനിക്കുന്നു.

ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങൾക്കും പല ഭാഷകളിൽ ആയി ഒരുപാട് ഇന്ത്യൻ ചിത്രങ്ങൾക്കും കാരണമായ ഈ കഥയുടെ മറ്റൊരു അവതരണമാണ് ചെക്ക ചിവന്ത വാനത്തിന്റെ ആദ്യ ട്രൈലർ കണ്ട ആരും പ്രതീക്ഷിക്കുക. പലരും പല തവണ പറഞ്ഞ ഈ കഥയിൽ മണിരത്നത്തിന് എന്താണ് പുതിയതായി പറയാൻ ഉള്ളതെന്ന ചിന്ത സ്വാഭാവികമായും പലർക്കും തോന്നിയേക്കാം. പക്ഷെ ക്ലാസിക് ഗോഡ്ഫാദർ സ്റ്റോറിക്ക് പുതിയൊരു ട്വിസ്റ്റ് ഇട്ടിരിക്കുകയാണ് മണി രത്നം ഇതിൽ.

അതായത് ഉത്തമാ!! അച്ഛനെ കൊല്ലാൻ നോക്കിയവനെ കണ്ടുപിടിക്കുക എന്നതിൽ ഉപരിയായി മൂന്ന് ആണ്മക്കളും തങ്ങളിൽ ആര് അച്ഛന് ശേഷം ഡോൺ ആവുമെന്ന് ചിന്തിച്ചാലോ? ഓരോരുത്തരും അതിനു വേണ്ടി കോപ്പ് കൂട്ടിയാലോ?

സ്റ്റാർ കാസ്റ്റ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആവണം. മൾട്ടി സ്റ്റാർ എന്ന ടാഗ് ലൈനിനോട് പൂർണമായി നീതി പുലർത്തിയ ചിത്രം. ഓരോ കഥാപാത്രത്തിനും സമയമെടുത്തു ക്യാരക്ടർ ഡെവലപ്മെന്റ് നടത്തിയിരിക്കുന്നു മണിരത്നം. നാലു കഥാപാത്രങ്ങളുടെയും ക്യാരക്ടർ ഡെവലപ്‌മെന്റും പറയാൻ പോവുന്ന കഥയുടെ ഇൻട്രോയും നടക്കുന്ന ആദ്യപകുതി കുറച്ചു വേഗത കുറഞ്ഞതായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ അതൊരു യുദ്ധത്തിന് മുന്നേയുള്ള ശാന്തതയായി കണ്ടാൽ മതി. അടുത്തത് എന്ത് എന്നു പലപ്പോളും ഊഹിക്കാൻ പറ്റുന്നുണ്ടെങ്കിലും സ്ക്രീനിൽ നിന്നും കണ്ണ് എടുക്കാതെ കണ്ടിരിക്കാൻ ആവുന്നുണ്ട് രണ്ടാം പകുതി. രണ്ടാം പകുതിയിൽ ചിത്രം മുന്നോട്ട് പോവുമ്പോൾ കണ്ടിരിക്കുന്നു പ്രേക്ഷകന് തോന്നാൻ ഇടയുള്ള ഒരു കാര്യമുണ്ട് "ഇതിവർ എങ്ങനെ കൊണ്ടുപോയി അവസാനിപ്പിക്കും" എന്ന്. പക്ഷെ ക്ളൈമാക്‌സ് സീനുകൾ ആണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. പല ട്വിസ്റ്റുകളും ഊഹിക്കാൻ പറ്റിയേക്കുമെങ്കിലും ക്ളൈമാക്‌സ് അവശേഷിപ്പിക്കുന്ന ആഘാതം വളരെ വലുതു തന്നെ ആവും. എനിക്ക് ചിത്രം ഒത്തിരി ഇഷ്ടപ്പെടാൻ കാരണവും ആ ക്ളൈമാക്‌സ് തന്നെ.

നായകൻ, വില്ലൻ വേർതിരിവ് ഒന്നുമില്ലാതെ ഒരുപറ്റം ഡാർക് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളെ മുന്നിലേക്ക് ഇട്ടു തന്നിരിക്കുകയാണ് മണിരത്നം. അഭിനേതാക്കൾ നാലു പേരും തങ്ങളുടെ റോൾസ് മനോഹരമാക്കി. നാലു പേർക്കും ഏതാണ്ട് ഒരേ സ്‌ക്രീൻ സ്‌പേസ് ആണെങ്കിലും ചിമ്പുവിന്റെ ഏതിക്ക് കുറച്ചു കൂടുതൽ പരിഗണന സ്ക്രീനിൽ ലഭിച്ചിട്ടുണ്ട് എന്നു തോന്നി. എല്ലാം തീർന്നു, കരിയർ തന്നെ തീർന്നു എന്നു വിധിയെഴുതിയവർക്കുള്ള ചിമ്പുവിന്റെ മികച്ചൊരു തിരിച്ചുവരവ് ആണ് ചിത്രം. അതുപോലെ തന്നെ മടങ്ങി വരവിൽ ജ്യോതികയ്ക്ക് ലഭിച്ച ഏറ്റവും മികച്ച വേഷവും ഈ ചിത്രത്തിൽ തന്നെ. ആണത്ത ആഘോഷങ്ങളുടെ അരങ്ങിൽ കുറച്ചു പെർഫോം ചെയ്യാൻ കഴിഞ്ഞ സ്ത്രീ കഥാപാത്രവും ജ്യോതികയുടെ ചിത്ര തന്നെ. ഒരു ക്രൈം ഫാമിലിയിൽ വളർന്ന അവളുടെ ചിന്തകളും പ്രവർത്തികളും എല്ലാം കുറച്ചു കൂടി ഷാർപ്പ് ആവുക സ്വാഭാവികം. ചിത്രയും അവൾക്ക് വരധനോട് ഉള്ള കറ കളഞ്ഞ സ്നേഹവും അതിന്റെ ആത്മാർത്ഥതയും എല്ലാം മികച്ച രീതിയിൽ എടുത്തിട്ടുണ്ട് ചിത്രത്തിൽ.

AR റഹ്മാൻ ഒരുക്കിയ പാട്ടുകൾ എല്ലാം നന്നായിരുന്നെങ്കിലും ചിത്രത്തിൽ അവ വേണ്ട വിധം ഉപയോഗിച്ചില്ലെന്ന തോന്നൽ ഇപ്പോളും ബാക്കി നിൽക്കുന്നു. ചിലപ്പോൾ അനാവശ്യമായി സിനിമയുടെ ദൈർഘ്യം വര്ധിപ്പിക്കേണ്ടെന്നു കരുതി കാണും. ഒരു പാട്ട് പോലും ചിത്രത്തിൽ പൂർണമായി കാണിക്കുന്നില്ല. പശ്ചാത്തല സംഗീതവും സന്തോഷ് ശിവൻ ഒരുക്കിയ ക്യാമറയും മികച്ചു നിന്നു.

ചെക്ക ചിവന്ത വാനം മൂന്നു രാജാക്കന്മാരുടെ കഥയാണ്. ചക്രവർത്തിയാവാൻ മോഹിച്ച മൂന്നു രാജാക്കന്മാരുടെ കഥ. അതിനുവേണ്ടി അവർ ചെയ്ത ചതികളുടെ കഥ. ഈ ചതി കാരണം ഒഴുകിയ രക്തത്തിന്റെ കഥ. പല ഭാഷകളിലായി പലരാൽ പല തവണ അവതരിപ്പിക്കപ്പെട്ട ഗോഡ്ഫാദർ ഗാങ്സ്റ്റർ കഥയുടെ പുതിയൊരു മണിരത്നം വായനയാണ് ചിത്രം മുന്നോട്ടു വെക്കുന്നത്. തുടക്കത്തിൽ ഗോഡ്ഫാതറിനെ ഓർമിപ്പിക്കുകയും അവസനത്തോട് അടുക്കുമ്പോൾ മറ്റൊരു തലത്തിലേക്ക് എത്തുകയും ചെയുന്നു ചിത്രം. മൊത്തത്തിൽ രാവണന് ശേഷം എന്നെ പൂർണമായി തൃപ്തിപ്പെടുത്തിയ മറ്റൊരു മണിരത്നം ചിത്രം.

വേർഡിക്ട്: മികച്ച കാഴ്ചാനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo