രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്തവൻ മുഘ്യമന്ത്രി ആവുന്നതും, പിന്നീട് നാട് ഭരിച്ചു നന്നാക്കുന്നതും ആയ കഥ നമുക്ക് പുത്തരിയല്ല. ന്യൂസ് പേപ്പർ ബോയ്, ലയൺ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും. മുതലവൻ എന്ന ശങ്കർ ചിത്രത്തിൽ കൂടെ തമിഴ്ലും ഭരത് എന്ന നേനു എന്ന മഹേഷ് ബാബു ചിത്രത്തിലൂടെ അടുത്തിടെ തെലുഗിലും നമ്മൾ കണ്ട അതേ കഥ തന്നെയാണ് നോട്ടക്കും പറയാൻ ഉള്ളത്.

ആനന്ദ് ശങ്കർ എന്ന സംവിധായകനോട് എനിക്ക് വലിയ മതിപ്പ് ഒന്നുമില്ല. ശരാശരിക്ക് മുകളിൽ നിൽക്കുന്ന അരിമാ നമ്പിയും ശരാശരിയിലും വളരെ താഴ്ന്നു നിൽക്കുന്ന ഇരുമുഖനും സംവിധാനം ചെയ്ത ആൾ. ഹാഫ് ഡെയ് ലീവ് എടുത്തു കണ്ട ഇരുമുഖൻ എനിക്ക് തന്ന പണി ഇപ്പോളും മനസ്സിൽ ഉണ്ട്. ഇതുകൊണ്ടോക്കെ തന്നെ വിജയ് ദേവരകൊണ്ട എന്ന ഒരൊറ്റ പേരായിരുന്നു നോട്ടക്ക് ടിക്കറ്റ് എടുക്കാൻ ഉള്ള ഒരേയൊരു കാരണം. എന്തോ വിജയുടെ സ്ക്രിപ്റ്റ് സെലക്ഷൻ മോശം ആവില്ലെന്നൊരു തോന്നൽ. സിനിമക്ക് ആദ്യം കേട്ട റീവ്യൂകളും വളരെ മോശമായിരുന്നു. പക്ഷെ കുറച്ചു നെഗട്ടീവ് റീവ്യൂ ഒക്കെ കേട്ടു വലിയ പ്രതീക്ഷ ഇല്ലാതെ പോയത് കൊണ്ടാവണം ചിത്രമെനിക്കു ഇഷ്ടപ്പെട്ടു.

മുഖ്യമന്തി ആയ വിനോദൻ താൻ ഒരു കേസിൽ പെടുമ്പോൾ തന്റെ മകൻ വരുണിനെ താൽക്കാലികമായി തനിക്ക് പകരം മുഖ്യമന്ത്രി ആക്കുന്നു. പക്ഷെ അവിചാരിതമായി കയറിയ വരുന്ന ചില പ്രശ്നങ്ങൾ കാരണം വരുണിനു കുറച്ചു കാലം കൂടി ആ പദവിയിൽ തടരേണ്ടി വരുന്നു. രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്ത വരുണ് എങ്ങനെ ഈ പ്രശനങ്ങളെ പരിഹരിച്ചു ജനങ്ങൾക്ക് ഒരു നല്ല മുഖ്യമന്ത്രി ആവുന്നു എന്നതാണ് ചിത്രം പങ്കു വെക്കുന്ന കഥ.

പണ്ടൊക്കെ തമിഴ് ചിത്രങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു ഫോർമുല ഉണ്ട്. പ്രധാന കഥ ഒരു സൈഡിൽ കൂടി നടക്കുമ്പോൾ അതിനു പാരലൽ ആയി കോമഡിക്ക് മാത്രമായി വേറൊരു കഥ ഒടുന്നുണ്ടാവും. മിക്ക ചിത്രങ്ങളിലും ഈ കഥക്ക് പ്രധാന കഥയുമായി വലിയ ബന്ധം ഒന്നും ഉണ്ടാവില്ല താനും. ഇപ്പോളത്തെ ചില തമിഴ്/തെലുഗു ചിത്രങ്ങളിലെ പ്രണയ രംഗങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ വരാറുള്ളത് പണ്ടത്തെ ഈ കോമഡിക്ക് മാത്രമുള്ള പാരലൽ കഥകളെ ആണ്. പ്രണയത്തിന് മാത്രമായി കുത്തി കയറ്റിയ സീനുകളാൽ സമ്പന്നമാണ് ഇപ്പോളത്തെ പല ചിത്രങ്ങളും. എന്നാൽ ഈ ഒരു ക്ളീഷേയെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട് നോട്ട. ഇതിലെ രണ്ടു നായികമാരും പാട്ടു പാടാനോ നായകന് പ്രണയം തോന്നാനോ മാത്രമുള്ള ഉപകരണങ്ങൾ ആക്കി മാറ്റാത്തത് നന്നായി തോന്നി.

അതുപോലെ തന്നെ നായകൻ ഇനി മുഖ്യമന്ത്രി അല്ല പ്രധാന മന്ത്രി ആയാലും ഗുണ്ടകളോട് അയാൾ നേരിട്ടു തല്ലി തീർക്കണം എന്നാണ് സിനിമയിലെ ഒരു അലിഖിത നിയമം. ആ ഒരു നിയമത്തെയും കാറ്റിൽ പറത്തുന്നുണ്ട് നോട്ട. നായകന്റേത് ആയ ഒരു സംഘട്ടന രംഗമോ ലവ് സോങ്ങോ ചിത്രത്തിൽ ഇല്ല. ഇതുപോലുള്ള കുറച്ചു ക്ളീഷേകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയ ചിത്രം പല ഇടങ്ങളിലും ത്രിൽ അടിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് ഒരു പോരായ്മ ആയി തോന്നി. ഒരുപാട് തവണ കണ്ട കഥ ആയതുകൊണ്ട് തന്നെ പല രംഗങ്ങളും "ഇതു നമ്മൾ മുന്നേ കണ്ടതാണല്ലോ" എന്നു പ്രേക്ഷകനെ കൊണ്ടു തോന്നിപ്പിച്ചതും സിനിമക്ക് ദോഷം ചെയ്തു. ചില ഇടങ്ങളിൽ ഒക്കെ മാസ് എലമെന്റുകൾ നന്നായി വർക്ക് ഔട്ട് ആയെങ്കിൽ ചില ഇടങ്ങളിൽ വെറും നനഞ്ഞ പടക്കം മാത്രമാവുന്നുണ്ട് ചിത്രം.

വിജയ് ദേവരകൊണ്ട, നാസർ,സത്യരാജ് ഈ മൂന്നുപേർ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിട്ടീവ്. ഇവർ മൂന്നുപേരും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക് ഔട്ട് ആയിട്ടുണ്ട് ചിത്രത്തിൽ. ഇതിൽ തന്നെ വിജയുടെ സ്‌ക്രീൻ പ്രസൻസ് എടുത്തു പറയണം. ചിത്രത്തെ ഒരു എബോവ് ആവറേജ് ആയി നിലനിർത്തി ബോറടിപ്പിക്കാതെ കൊണ്ടു പോയതിൽ വിജയുടെ സ്ക്രീൻ പ്രസൻസിന് വലിയൊരു പങ്കുണ്ട്. ഒരു ബൈലിംഗ്വൽ ആയിട്ടു കൂടി എവിടെയും ഭാഷ കല്ലു കടി ആയിട്ടില്ല എന്നത് മറ്റൊരു പോസിട്ടീവ് ആണ്. (ബൈലിംഗ്വൽ ചിത്രങ്ങളിൽ എങ്ങനെ സംഭാഷണം ഒരുക്കണം എന്നു ബിജോയ് നമ്പ്യാർ ആനന്ദ് ശങ്കറെ കണ്ടു പഠിക്കേണ്ടി ഇരിക്കുന്നു). കഷ്ടപ്പെട്ട് സ്വന്തം ശബ്ദത്തിൽ തന്നെ തമിഴിൽ ഡബ്ബ് ചെയ്‌ത വിജയ് ഒരു പ്രത്യേക കയ്യടി അർഹിക്കുന്നു.

ചുരുക്കത്തിൽ ഒരുപാട് തവണ പല ഭാഷകളിൽ കണ്ട മുഘ്യമന്ത്രി കഥയുടെ ബോറടിപ്പിക്കാത്ത മറ്റൊരു ആഖ്യാനമാണ് നോട്ട. തമിഴ് മാസ് സിനിമകളുടെ ബഹളമോ കഥയുമായി ബന്ധമില്ലാത്ത ലവ് സീനുകളോ ഇല്ലാതെ വൃത്തിക്കു എടുത്തിരിക്കുന്ന ഒരു സാദാ ചിത്രം.ഒരുപാടൊന്നും ത്രിൽ അടിപ്പിക്കുന്നില്ലെങ്കിലും ഒരു നിമിഷം പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്നൊരു ചിത്രം. വലിയ പ്രതീക്ഷ ഒന്നും കൂടാതെ പോയാൽ ഇഷ്ടപെടാം.

വേർഡിക്ട്: ശരാശരിക്ക് മുകളിൽ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo