നിങ്ങൾക്കെപ്പോൾ എങ്കിലും ഒരു സിനിമ സീൻ കണ്ട് ത്രിൽ അടിച്ചു ഇപ്പോൾ മരിച്ചു പോവും എന്നു തോന്നിയിട്ടുണ്ടോ?

ചിലപ്പോൾ ഉണ്ടാവും അല്ലെ!

എന്നാൽ ഇത്തരം രണ്ടോ മൂന്നോ സീനുകൾ ഒരേ ചിത്രത്തിൽ തന്നെ കണ്ടിട്ടുണ്ടോ?

നിങ്ങൾ ഒരു ത്രില്ലർ സിനിമ പ്രേമി ആണേൽ ഈ ചോദ്യത്തിന്റെയും ഉത്തരം "ഉണ്ട്" എന്നുതന്നെ ആവും.

എന്നാൽ 90 ശതമാനം സീനുകളും മേൽപറഞ്ഞ പോലെ ത്രില്ലിങ് ആയിട്ടുള്ള ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ?

ഇല്ലെന്നാണ് ഉത്തരം എങ്കിൽ ഉടൻ തന്നെ അടുത്തുള്ള തീയേറ്ററിൽ പോയി രാക്ഷസൻ കാണുക.


തമിഴിൽ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ത്രില്ലർ എന്ന റീവ്യൂവും കേട്ടാണ് സിനിമ കാണാൻ പോയത്. കേട്ടത് ഒന്നും ഒട്ടും കുറവല്ലെന്നു തിരിച്ചറിഞ്ഞ മൂന്നു മണിക്കൂറിനു ഒടുവിൽ ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നു കണ്ട സന്തോഷത്തിലാണ് ഞാൻ തിയേറ്റർ വിട്ടത്.

കൊട്ടിഘോഷിക്കപ്പെട്ട ഒരുപാട് ത്രില്ലറുകൾ കണ്ടു നിരാശ തോന്നിയിട്ടുള്ള ആളാണ് ഞാൻ. നല്ല തുടക്കവും ആദ്യം നല്ല ത്രില്ലിങ്ങും പകർന്നു നൽകിയ പല ചിത്രങ്ങളും അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ നനഞ്ഞ പടക്കമാവുന്നത് കണ്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ഇമൈക്ക നോടികൾ ഒരു ഉദാഹരണം മാത്രം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി 160 മിനുട്ടോളം ദൈർഘ്യം വരുന്ന ഈ തമിഴ് ചിത്രം അതിന്റെ ഭൂരിഭാഗം സമയത്തും പ്രേക്ഷകനെ ത്രിൽ അടിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിൽ പൂർണമായും വിജയിക്കുന്നുണ്ട്. അതിൽ തന്നെ മിക്ക സീനുകളിലും ടെൻഷൻ കാരണം ഇപ്പോൾ ശ്വാസം നിലക്കും എന്ന നിലയിൽ ആവും പ്രേക്ഷകന്റെ അവസ്ഥ.

ഒരു കോമഡി ചിത്രം ചെയ്തു തന്റെ കരിയർ തുടങ്ങിയ ആളാണ് രാംകുമാർ. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കാൻ വേണ്ടി അടുത്തത് ഒരു സീരിയസ് സിനിമ ചെയ്യണം എന്ന ആഗ്രഹത്താൽ ഒരു വർഷത്തോളം എടുത്താണ് രാക്ഷസന് തിരക്കഥ ഒരുക്കിയതെന്നു കേട്ടിട്ടുണ്ട്. സമയം എടുത്തു ഒരുക്കിയ ഈ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ബലം. 160 മിനുറ്റ് എന്ന സിനിമയുടെ മൊത്തം ദൈർഘ്യത്തിനെ ശരിയായി വിഭജിച്ചു ഏതെല്ലാം സമയത്തു ഏതെല്ലാം കാര്യങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കണം എന്ന വ്യക്തമായ ധാരണയിൽ തയ്യാർ ചെയ്തിരിക്കുന്നു തിരക്കഥ. ഒരു സമയത്തും "ഈ ഒരു സീൻ വേണ്ടായിരുന്നു" എന്നു പ്രേക്ഷകനെ കൊണ്ടു തോന്നിപ്പിക്കാത്ത തരത്തിൽ പൂർണമായ ഒരു തിരക്കഥ. കൊമേർഷ്യൽ ചേരുവകൾക്കു വളരെ അധികം സാധ്യത ഉണ്ടായിട്ടും തീരനിൽ ഒക്കെ സംഭവിച്ച പോലെ കൊമേർഷ്യൽ ഏലമെന്റുകൾ കുത്തി കയറ്റി വികൃതമാക്കാതെ നല്ലൊരു ത്രില്ലർ ആയി തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ ചിത്രത്തിന്റെ സഞ്ചാരം.

സിനിമ സംവിധായകൻ ആവാൻ നടക്കുന്ന അരുണിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പോലീസ് ജോലി സ്വീകരിക്കേണ്ടി വരുന്നു. നല്ലൊരു സൈക്കോ ത്രില്ലർ സിനിമ എടുക്കാൻ വേണ്ടി വർഷങ്ങളായി ഒരുപാട് സൈക്കോ കില്ലർ വാർത്തകൾ സൂക്ഷിച്ചു വെച്ചു പഠിക്കുന്ന ആളാണ് അരുൺ. അതേ സമയത്തു നഗരത്തെ വിറപ്പിച്ചുകൊണ്ടു ഒരു സൈക്കോ കില്ലർ രംഗത്തു വരുകയും ഈ കേസ് അരുണിന് അന്വേഷിക്കണ്ടതായും വരുന്നു. പറഞ്ഞു വരുമ്പോൾ വലിയ സംഭവം ഒന്നും ഇല്ലെന്നു തോന്നുന്ന ഈ കഥയെ ആണ് ഷാർപ്പ് ആയ തിരക്കഥയും അതിന്റെ കിടിലൻ അവതരണവും കൊണ്ടു ഒരു എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം ആക്കി സംവിധായകൻ മാറ്റിയത്. ഞാൻ ഇത്രയും ടെൻഷൻ അടിച്ചു ഒരു പടം കാണുന്നത് ജീവിതത്തിൽ ആദ്യാമാണെന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല. ലാപ്പ് ടോപ്പിലോ മൊബൈൽ ഫോണിലോ ഇരുന്നു കാണുന്നവർ തീർച്ചയായും പല സീനുകളിലും ഒന്നു ഫോർവെഡ് ചെയ്‌തു നോക്കാൻ സാധ്യത ഉണ്ട്. എന്താണ് സംഭവിച്ചത് എന്നു അറിയാൻ ഉള്ള ടെൻഷൻ കൊണ്ടു.

വിഷ്ണു വിശാൽ, അമല പോൾ തുടങ്ങി അഭിനയിച്ചവർ എല്ലാം തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. വില്ലനായി അഭിനയിച്ച ആളുടെ പേരു അറിയില്ലെങ്കിലും അങ്ങേരുടെ അഭിനയവും ഇഷ്ടപ്പെട്ടു. വില്ലന് ഇത്തിരി വ്യത്യസ്തമായ ഒരു ബാക്ക് സ്റ്റോറി കൊടുത്തത് ഇഷ്ടമായി. പശ്ചാത്തല സംഗീതം സിനിമാട്ടോഗ്രാഫി തുടങ്ങി സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ചൊരു ചിത്രമാണ് രാക്ഷസൻ. പടം കണ്ടു കഴിഞ്ഞും കുറച്ചു സമയത്തേക്ക് വില്ലന്റെ പശ്ചാത്തല സംഗീതം നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരിക്കും.

ഇത്രയും ത്രില്ലിങ് ആയ ഈ ചിത്രം അതിന്റെ എല്ലാ പൂര്ണതയോടും കൂടി ആസ്വാധിക്കാൻ തീയേറ്ററിൽ തന്നെയാണ് പറ്റിയ സ്ഥലം. ഒരുപാട് പ്രതീക്ഷ മനസിൽ വെച്ചു തന്നെ ടിക്കറ്റ് എടുത്തോളൂ എത്രമാത്രം പ്രതീക്ഷ നിങ്ങൾക്കുണ്ടോ അതിൽ കുറച്ചു പോലും കുറവ് വരാതെ അത്രമാത്രം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കും ഈ കൊച്ചു ചിത്രം.

വേർഡിക്ട്: അതിഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo