"ഭക്തർക്ക് വേദനിച്ചെന്നു അറിഞ്ഞാൽ ദൈവത്തിനു പ്രത്യക്ഷപെടാതിരിക്കാനാവിലല്ലോ!! "

ഒരു കള്ളനെ പറ്റിയാണ് ഈ ഡയലോഗ്. കായംകുളം കൊച്ചുണ്ണി എന്ന കള്ളനെ പറ്റി. ചിലപ്പോൾ ഒരു കൂട്ടം ജനത അമ്പലം കെട്ടി ഇന്നും ആരാധിക്കുന്ന ലോകത്തെ ഒരേ ഒരു കള്ളനാവും കൊച്ചുണ്ണി. അത്രകണ്ട് ജന മനസ്സുകളിൽ വീരനായക പദവി കൈകൊണ്ടിട്ടുണ്ട് അദ്ദേഹം. നിവിൻ പോളിക്ക് താങ്ങാവുന്നതിലും അപ്പുറം ആണ് ഈ കഥാപാത്രം എന്ന തോന്നലിന് മുകളിലും ഐതീഹ്യമാലയിലും ബാലഭൂമിയിലും വായിച്ചറിഞ്ഞ കള്ളന്റെ കഥയെ വെള്ളിത്തിരയിൽ കാണാൻ ഞാൻ കാത്തിരുന്നതിനുള്ള പ്രധാന കാരണം റോഷൻ ആൻഡ്രൂസ് എന്ന സവിധായകനിലും ബോബി സഞ്ജയ് എന്നീ എഴുത്തുകാരിലും ഉള്ള പ്രതീക്ഷ തന്നെയായിരുന്നു. കണ്ടും കേട്ടും അറിഞ്ഞ കൊച്ചുണ്ണിയുടെ കഥയിൽ നിന്നും സാരമായ വ്യത്യാസങ്ങളോടെ ആണ് റോഷൻ ആൻഡ്രൂസ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. നാട്ടുകാർക്ക് വേണ്ടി ജീവിച്ചു മരിച്ച കള്ളന്റെ കഥയെ ആ ഒരു മൂല കഥയിൽ നിന്നുകൊണ്ട് തന്നെ ഒരു മാസ് സിനിമക്ക് വേണ്ട ചേരുവകൾ എല്ലാം ചേർത്താണ് കൊച്ചുണ്ണിയുടെ ഈ പുതിയ വരവ്.

AD 1800 ആം ആണ്ടിൽ കേരളത്തിൽ നടക്കുന്ന കഥക്ക് വേണ്ടി അന്നത്തെ കാലത്തെ പുനർസൃഷ്ടിച്ചതിൽ സിനിമ വിജയിച്ചിട്ടുണ്ട്. കളറിങ്, ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങി മിക്കവാറും ടെക്നിക്കൽ മേഖലകളിൽ എല്ലാം മികവ് പൂര്ണമായിരുന്നു. ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അതിൽ തന്നെ കൊച്ചുണ്ണിയുടെയും പക്കിയുടെയും തീം മ്യൂസിക് വളരെ നന്നായിരുന്നു. VFX രംഗങ്ങൾ എല്ലാം മികച്ചതെന്ന് അഭിപ്രായം ഇല്ലെങ്കിലും തരക്കേടില്ലാതെ ചെയ്തു എന്ന് സമ്മതിക്കേണ്ടി വരും. പ്രത്യേകിച്ചു ഇതൊരു മലയാളം സിനിമ ആണെന്നത് കൂടി കണക്കിൽ എടുക്കുമ്പോൾ.

നിവിൻ പോളി സാമാന്യം നന്നായി തന്നെ കൊച്ചുണ്ണിയെ അവതരിപ്പിച്ചു. ക്ളൈമാക്സിലേ ആക്ഷൻ രംഗങ്ങൾ ഒക്കെ വളരെ നന്നായിരുന്നു. മോഹൻലാലിന്റെ ഇതിക്കര പക്കി 20 മിനുട്ടിൽ വന്നു കയ്യടി മൊത്തം കൊണ്ടുപോയി. എന്തിന് വേണ്ടിയാണോ മോഹൻലാലിനെ ചിത്രത്തിൽ കൊണ്ടു വന്നത് ആ ലക്ഷ്യം അണിയറപ്രവർത്തകർ പൂർണമായി സാധിച്ചു എടുത്തു എന്നതിന് ആ 20 മിനുറ്റ് തീയേറ്ററിൽ ഉണ്ടായ ഇളകിമറച്ചിൽ തന്നെ തെളിവ്. കുറെ കാലത്തിനു ശേഷം ബാബു ആന്റണിയെ അങ്ങേർക്ക് പറ്റിയ ഒരു വേഷത്തിൽ കാണാൻ കഴിഞ്ഞു അവസാനത്തെ ആക്ഷൻ രംഗങ്ങൾ അദ്ദേഹം മികച്ചതാക്കി. നായികമാരിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.

തിരക്കഥ തന്നെയാണ് ചിത്രത്തിലെ വലിയൊരു പോരായ്മ. പല ഇടങ്ങളിലും ലേസി റൈറ്റിങ് പ്രകടമായിരുന്നു. കഥാപാത്രങ്ങളിൽ ആരും തന്നെ പ്രേക്ഷകനുമായി വൈകാരികമായി അടുപ്പം സൃഷ്ടിക്കുന്നില്ല എന്നത് വലിയൊരു പോരായ്മ ആയി തോന്നി. ചിലപ്പോൾ 160 മിനുറ്റിൽ മാത്രം പടത്തെ ചുരുക്കിയത് കൊണ്ടാവണം ക്യരാകടർ ഡെവലപ്മെന്റിന് ഉള്ള ഒരു സ്‌പേസ് തിരക്കഥയിൽ എവിടെയും ഉണ്ടായിരുന്നില്ല. പ്രേക്ഷകനുമായി വൈകാരികമായി അടുപ്പം സൃഷ്ടിക്കാത്തത് കൊണ്ടു തന്നെ ഇറങ്ങി ചെന്നുള്ള ഒരു ആസ്വാദനം ചിത്രത്തിന് സാധ്യമാവുന്നില്ല. ഒരുപാട് കഥയും കഥാപാത്രങ്ങളും ഉണ്ടെങ്കിലും ഒരുതവണ കണ്ടു മറക്കാം എന്നതിൽ ഉപരിയായി ഒന്നും തന്നെ പ്രേക്ഷകന്റെ മനസ്സിലേക്ക് ഇട്ടു കൊടുക്കാൻ ചിത്രത്തിന് കഴിയുന്നില്ല.

ജാനകി എന്ന നായിക വേഷം പ്രിയ ആനന്ദിന് പകരം മറ്റാരെങ്കിലും ചെയ്തിരുന്നേൽ നന്നായിരുന്നെന്നു തോന്നി. ശൂദ്ര പെണ്ണുങ്ങളിൽ ബാക്കി എല്ലാവരെയും കറുത്ത നിറമുള്ളവർ ആയി കാണിച്ചപ്പോൾ നായികയെ മാത്രം വെളുത്ത് തുടുത്ത ഒരാളായി കാണേണ്ടി വന്നത് അരോചകമായി തോന്നി. നായകന് കൂടെ ചേർന്നഭിനയിക്കാൻ ആണല്ലോ ഈ തൊലിവെളുപ്പുള്ള ആളെ കൊണ്ടുവന്നതെന്ന് ചിന്തിച്ചപ്പോൾ ആ കാസ്റ്റിംഗ് തന്നെ വെറുത്തു പോയി എന്നതാണ് സത്യം. മലയാള സിനിമ എന്നാണാവോ ഇത്തരം ക്ളീഷേകളിൽ നിന്നും ഒന്നു മാറി ചിന്തിക്കുക?

ചുരുക്കത്തിൽ വായിച്ചും കണ്ടും അറിഞ്ഞ കൊച്ചുണ്ണിയുടെ കഥ പ്രതീക്ഷിക്കാതെ നല്ലൊരു സിനിമാറ്റിക് എക്‌സ്പീരിയൻസ് മാത്രം പ്രതീക്ഷിച്ചു തീയേറ്ററിൽ പോയാൽ ഇഷ്ടപെടാവുന്ന ഒന്നാണ് ഈ ചിത്രം. തിരക്കഥയിൽ കടന്നു കൂടിയ പോരായ്മകളെ സാങ്കേതിക തികവുകൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ഒരുതവണ കണ്ടു മറക്കാം എന്നതിൽ ഉപരിയായി മനസ്സിൽ കിടക്കുന്ന കഥാപാത്രങ്ങളോ സീനുകളോ ഒന്നും തന്നെയില്ല. മലയാളത്തിൽ ക്ലാസിൽ പദവിയിൽ ഇരിക്കുന്ന മറ്റു പിരിയോഡിക് ചിത്രങ്ങളുമായി താരതമ്യം ചെയ്യാതെ കണ്ടാൽ നിങ്ങൾക്കും ഇഷ്ടപ്പെട്ടേക്കാം.

വേർഡിക്ട്: ശരാശരിക്ക് മുകളിൽ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo