സിനിമകൾ ഒരുപാട് കാണുന്ന പതിവുണ്ടേലും താരതമ്യേനെ ഒഴിവാക്കി വിടുന്ന ഒന്നാണ് ഷോർട്ട് ഫിലിംസ്.

ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞാണ് പാർവതി എന്ന ഷോർട്ട് ഫിലിമിനെ കുറിച്ചു കേൾക്കുന്നത്. "കണ്ടു നോക്കു ചക്കരയും പഞ്ചാരയും ഒക്കെ മാറി നിൽക്കും" എന്നായിരുന്നു അവൾ ഉപയോഗിച്ച പ്രയോഗം. ഇതു പറഞ്ഞ സുഹൃത്തിൽ ഉള്ള വിശ്വാസമാണ് പാർവതിയെ ഒന്നു കണ്ടേക്കാം എന്നു തീരുമാനിക്കാൻ കാരണം.

കണ്ടു കഴിഞ്ഞപ്പോളോ? നല്ലൊരു ബുക് വായിച്ച്‌ തീർത്ത പ്രതീതി. ഒന്നുകൂടി കാണണം എന്ന് തോന്നി, വീണ്ടും കണ്ടു. ഓരോ കാഴ്ചകളിലും കൂടുതൽ കൂടുതൽ ഹൃദയത്തോട് ചേരുന്ന പോലെ. പറയാൻ ഉദേശിച്ചതെന്തോ അതു ഗംഭീരമായി പറയാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല സ്ക്രിപ്റ്റും സംഭാഷണങ്ങളും കൂടെ നല്ല രണ്ടു അഭിനേതാക്കൾ കൂടി വന്നപ്പോൾ ഫൈനൽ പ്രോഡക്ട് ഗംഭീരമാകുന്നത് സ്വാഭാവികം.

പാർവതി ഒരു പെണ്ണിന്റെ കഥയാണ്. സമൂഹം ഉണ്ടായ കാലം മുതൽ ഉള്ള പെണ്ണിന്റെ കഥ. ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ഈ വരികളോട് മാക്സിമം നീതി പുലർത്തികൊണ്ടു തന്നെ വളരെ ശക്തമായ ഒരു സ്ത്രീപക്ഷ വായന ആണ് ചിത്രം മുന്നോട്ടു വെക്കുന്നത്. ശരീരം വിറ്റു ജീവിക്കുന്നവർ ഒക്കെ പണ്ടാരായിരുന്നെന്നും അവരെ ആരൊക്കെ ചേർന്നാണ് ഇങ്ങനെ ആക്കിയതെന്നും നമ്മളെകൊണ്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ചിത്രം.

#metoo ഹാഷ് ടാഗിൽ വരെ "ചൂടൻ" കഥകൾ തപ്പുന്നവരുടെ നാടാണ് നമ്മുടെ. ഒരു പെണ്ണ് അവൾക്കു അനുഭവിക്കേണ്ടി വന്ന അവസ്ഥ തുറന്നു പറഞ്ഞാൽ അത് അധികപ്രസംഗമായി കാണുന്നവരുടെ നാട്. നാലാംകിട വെബ് സൈറ്റുകളിലെ സെക്സ് കഥകൾക്ക് പോലും അവൾ പറഞ്ഞ ജീവിതത്തെക്കാൾ വില കല്പിക്കുന്നുണ്ടിവിടെ.

പുരുഷ കേന്ദ്രികൃത സമൂഹത്തിൽ സ്ത്രീ പക്ഷ പറച്ചിലുകൾക്കു എന്തു വില.? അല്ലെ?

ഇതുകൊണ്ടൊക്കെ തന്നെ ആണ് ഈ സമൂഹത്തിൽ പാർവതി പ്രസക്തമാവുന്നതും ചർച്ച ചെയ്യപ്പെടേണ്ടതാവുന്നതും.

അഭിനന്ദനങ്ങൾ സംവിധായകാ.. ചെറുതും വലുതുമായ ഒരുപാട് നല്ല ചിത്രങ്ങൾ ഇനിയും നിങ്ങളിൽ നിന്നും ഉണ്ടാവട്ടെ എന്നു മാത്രം ആശംസിക്കുന്നു.

Link: https://youtu.be/deHLahtDdHM

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo