ഗാങ്‌സ് ഓഫ് വാസിപൂർ കണ്ടു കണ്ണു തള്ളി ഇരുന്ന ഒരു ദിവസം അതുവരെ ഒരു ഷോർട്ട് ഫിലിം പോലും ചെയ്തു നോക്കാത്ത ഒരു ഇരുപതുകാരൻ മനസ്സിൽ കണ്ടൊരു സ്വപ്നമുണ്ട് ഇതിനെ വെല്ലുന്ന ഒരു ഗാങ്സ്റ്റർ ചിത്രം എന്നെങ്കിലും താൻ ഉണ്ടാക്കും എന്ന്. ഇന്നലെ രാത്രി വടചെന്നൈ കാണുമ്പോൾ പഴയ ആ ഇരുപതുകാരന് വയസ് 25. കണ്ടു കഴിഞ്ഞപ്പോൾ അവനു മനസ്സിൽ തോന്നിയ ഒന്നുണ്ട്. ഗാങ്‌സ് ഓഫ്‌ വസീപൂറിന്റെയും മുകളിൽ നിൽക്കുന്ന ഒരു ചിത്രം ഇവിടെ പിറന്നിരിക്കുന്നു. ഇതിലും മുകളിൽ നിൽക്കുന്ന ഒന്നു ഇനി അസാധ്യം.


"ഒരുത്തൻ സത്താൽ മുടിയുറ സണ്ടയാ ഇത്"

രക്തവും മാംസവും പുരണ്ട ഒരു കത്തി മേശമേൽ വീഴുന്ന ഷോട്ടോടെ ആണ് വട ചെന്നൈ ആരംഭിക്കുന്നത്. കൊല്ലപ്പെട്ടത് ആരാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല. കൊല നടത്തിയവർ ഒരു മേശക്ക് ചുറ്റും ഇരുന്നു വിജയം ആഘോഷിക്കുന്നു. അവരുടെ കണ്ണിൽ അവർ ജീവിതത്തിൽ ചെയ്യാൻ പോവുന്ന അവസാന കൊലപാതകം ആണിത്. ഈ ഒരു കൊലപാതകത്തോട് കൂടി അടുത്ത കുറച്ചു വര്ഷങ്ങളിലേക്ക് എങ്കിലും മനസാമാധാനം ലഭിക്കും എന്നാണ് അവരുടെ ചിന്ത. എന്നാൽ ആ ഒരൊറ്റ കൊലപാതകം കൊണ്ടു മാറി മറിഞ്ഞ ജീവിതങ്ങളുടെ കഥയാണ് വടചെന്നൈ പറയുന്നത്.

എത്ര വെട്ടി കീറി വികൃതമാക്കിയാലും തന്റെ സിനിമക്ക് സെന്സര്ബോർഡിന്റെ U സർട്ടിഫിക്കറ്റ് വേണമെന്ന് വാശിപിടിക്കുന്നവർ ആണ് മിക്കവാറും ഫിലിം മേക്കേഴ്‌സ്. അതിൽ നിന്നും വ്യത്യസ്തമായാണ് ഒന്നോ രണ്ടോ സീനുകൾ ഒഴിവാക്കിയാൽ U കിട്ടുമെന്ന് ഇരിക്കിലും സിനിമക്ക് വേണ്ടി എടുത്ത ഒരു സീൻ പോലും വെട്ടില്ലെന്ന ദൃഢനിശ്ചയവുമായി വെട്രിമാരനും ധനുഷും വടചെന്നൈയുമായി വരുന്നത്. 80 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. എങ്ങനെ നോക്കിയാലും A സർട്ടിഫിക്കറ്റ് ചിത്രത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. മുതൽ മുടക്ക് തിരിച്ചു പിടിക്കാതെ ഇരിക്കാൻ സാധ്യതകൾ ഏറെ ആണെന്ന് മനസ്സിലായിട്ടും വെട്ടാതെയും മ്യൂട്ട് ആക്കാതെയും തങ്ങൾ ഉണ്ടാക്കിയ സിനിമ അതിന്റെ പൂർണമായ രൂപത്തിൽ തന്നെ പ്രേക്ഷകർ ആസ്വദിക്കണം എന്നു ചിന്തിച്ചു ചിത്രം പ്രദർശനത്തിന് എത്തിച്ചിട്ടുണ്ടെൽ അതു ആ ചിത്രത്തിന്റെ ഗുണമേന്മയിൽ ഉള്ള വിശ്വാസംകൊണ്ടു തന്നെയാണ്.

1980കളിൽ തുടങ്ങി 2000ന്റെ തുടക്കങ്ങളിൽ ചെന്നു നിൽക്കുന്നൊരു കഥയാണ് സിനിമക്ക് പറയാൻ ഉള്ളത്. കാരംസ് പ്ലെയർ ആയ അന്പിന്റെ ജീവിതത്തിൽ ഈ വർഷങ്ങളിൽ വന്ന മാറ്റത്തിന് ഊന്നൽ നൽകിയിരിക്കുന്ന കഥ പക്ഷെ പങ്കു വെക്കുന്നത് തമിഴ്‌നാടിന്റെ തന്നെ ജീവിതത്തിൽ വന്ന മാറ്റത്തെയാണ്. ഈ വർഷങ്ങൾക്കിടയിൽ തമിഴന്റെ ജീവിതത്തെ സ്വാധീനിച്ച പ്രധാനപെട്ട എല്ലാ സംഭവങ്ങളിലൂടെയും കഥ കടന്നു പോവുന്നു. നോൺ ലീനിയർ ആയാണ് സിനിമയുടെ അവതരണം. നേരിട്ടു കണ്ടാൽ പ്രഡിക്ടബിൾ ആയേക്കാവുന്ന കഥയെ പ്രഡിക്ടബിൾ അല്ലാതാക്കാൻ ഈ നോൺ ലീനിയർ അവതരണം സഹായിച്ചിട്ടുണ്ട്.

തിരക്കഥയിൽ കൊടുത്തിരിക്കുന്ന ഡീറ്റെയ്‌ലിംഗ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. അന്പു, ഗുണ, സെന്തിൽ, തമ്പി തുടങ്ങി ആരെ എടുത്തു പരിശോധിച്ചാലും ഒറ്റക്കൊരു സിനിമ എടുക്കാൻ വേണ്ടത് ഓരോ കഥാപാത്രത്തിൽ നിന്നും കിട്ടും. സിനിമയിൽ ഒരിടത്തു അന്പു തന്നെ പറയുന്ന പോലെ ആരാണ് നല്ലവൻ ആരാണ് കെട്ടവൻ എന്നു അവസാന സീൻ വരെയും പ്രേക്ഷകനു സംശയം തോന്നിപിക്കാൻ തിരകഥക്ക് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾ എടുത്തു തയ്യാർ ചെയ്ത തിരക്കഥ അതിന്റെ എല്ലാ അർത്ഥത്തിലും മികച്ചതായിട്ടുണ്ടെന്നു തന്നെ പറയാം.

അഭിനയത്തിന്റെ കാര്യം എടുത്താൽ നായകൻ ധനുഷ് ആണെങ്കിലും ധനുഷിനെക്കാൾ അഭിനയ സാധ്യത കിട്ടിയ മറ്റു കഥാപാത്രങ്ങൾ ഒരുപാട് വേറെ ഉണ്ടായിരുന്നു. ആന്ഡറിയയുടെ ചന്ദ്ര, സമുദ്രക്കനിയുടെ ഗുണ, കിഷോർ അവതരിപ്പിച്ച സെന്തിൽ, അമീർ അവതരിപ്പിച്ച രാജൻ ഇതെല്ലാം ഉദാഹരങ്ങൾ മാത്രം. ഓരോ കഥാപാത്രത്തിനും ഏറ്റവും യോജിച്ച ആളുകളെ തന്നെ എടുത്തു ജോലി ഏല്പിച്ചിരിക്കുന്നു. ഫലമോ കിട്ടിയ റോളുകൾ അവർക്ക് മികച്ചതാക്കി മാറ്റാനും കഴിഞ്ഞു. അടുത്തിടെ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ആയിരുന്നു ഈ ചിത്രത്തിലേത്.

പകയുടെ, പ്രതികാരത്തിന്റെ, നിലനിൽപ്പിന്റെ യുദ്ധമാണ് വട ചെന്നൈ. ഒരാളുടെ കഥയെക്കാൾ ഒരു സമൂഹത്തിന്റെ കഥ പറയുന്ന ചിത്രം. കഥയിൽ നടക്കുന്ന ചെറിയ സംഭവങ്ങൾക്ക് പോലും മറ്റൊരു സമയത്തു വലിയ മാറ്റം കഥയിൽ കൊണ്ട്വരാൻ കഴിയുന്നുണ്ട്. അടുത്ത രണ്ടു ഭാഗങ്ങൾ കൂടി കണ്ടാൽ മാത്രം പൂര്ണമാവുന്ന വലിയൊരു കഥയുടെ ആദ്യ ഭാഗമാണ് ഈ ചിത്രം. അന്പിന്റെ ഗാങ്സ്റ്റർ ജീവിതത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നെന്ന് കാണിച്ചു തന്നു സിനിമ അവസാനിക്കുന്നു. പക്ഷെ ഒരു ഇൻഡിപെൻഡന്റ് ആയൊരു സിനിമ എന്ന നിലയിൽ നല്ലൊരു ക്ളൈമാക്‌സ് ഈ ആദ്യഭാഗത്തിനു കൊടുക്കാനും സംവിധായകന് കഴിഞിട്ടുണ്ട്.

ഗാങ്സ്റ്റർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട ചിത്രമാണ് വട ചെന്നൈ. മികച്ചൊരു തിരക്കഥയെ അതിന്റെ എല്ലാ സാങ്കേതിക തികവോടും കൂടി സ്ക്രീനിൽ എത്തിച്ചിരുന്നു വെട്രിമാരൻ. സംഘട്ടന രംഗങ്ങളും പശ്ചാത്തല സംഗീതവും കൂടി നല്ല നിലവാരം പുലർത്തിയപ്പോൾ ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ഗാങ്സ്റ്റർ ഒറിജിൻ സ്റ്റോറി ആയി വടചെന്നൈ മാറി. "ഇന്ത്യൻ ഗോഡ്ഫാതറോ" "ഇന്ത്യൻ സ്‌കാർ ഫെയ്‌സോ" അല്ല ഈ ചിത്രം. ഇതു ഇന്ത്യയുടെ ആദ്യത്തെ "വട ചെന്നൈ" ആണ്. നാളെ ഒരുപാട് രാജ്യാന്തര ചിത്രങ്ങൾക്ക് പ്രചോദനം ആവാൻ പോവുന്ന ഒരു ഗാങ്സ്റ്റർ സീരീസിന് ആണ് വെട്രിമാരൻ ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

വേർഡിർക്ട്: ഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo