നായക നടന്റെ പേരു കൂടി അറിയാത്ത കാലത്ത് ഞാൻ tv ൽ കണ്ടു ത്രിൽ അടിച്ച ചിത്രമാണ്‌ സണ്ടകോഴി. തമിഴ് നാട് മൊത്തം വിശാലിന് ആരാധകരെ സൃഷ്ടിച്ചു കൊടുത്ത ചിത്രം. നായകനേക്കാൾ മാസ് ആയ നായകന്റെ അച്ഛൻ വേഷത്തിൽ രാജ്കിരനും, വില്ലൻ ആയി മലയാളത്തിന്റെ സ്വന്തം ലാലും തിമർത്തഭിനയിച്ച ചിത്രം. ഒരു പെര്ഫക്റ്റ് മാസ് ഫിലിം എങ്ങനെ വേണെന്നുള്ളതിന്റെ മികച്ചൊരു ഉദാഹരണം ആയിരുന്നു സണ്ടകോഴി. എല്ലാ തരം കച്ചവട ചേരുവകളും ക്രമത്തിൽ അടങ്ങിയതുകൊണ്ടു തന്നെ മിക്കവാറും എല്ലാ ആളുകൾക്കും ഇഷ്ടപ്പെടുന്ന ഒരു എന്റർട്ടണർ ആയിരുന്നു ഈ ചിത്രം. അത്തരത്തിൽ ഉള്ളൊരു പെര്ഫെകട് മാസ് ചിത്രത്തിന് 13 കൊല്ലത്തിന് ശേഷം ഒരു തുടർച്ച വരുമ്പോൾ പ്രതീക്ഷ ഉണ്ടാവുന്നത് സ്വാഭാവികം. അതും തുടരെ തുടരെ ഹിറ്റുകൾ മാത്രം തന്ന വിശാലിന്റെ നിർമാണത്തിൽ ആവുമ്പോൾ പ്രതീക്ഷ ഏറും.

മാസ് സീനുകൾ ഒക്കെ അത്യാവശ്യത്തിനു ഉണ്ടെങ്കിലും പഴയ സണ്ടകോഴിയും ആയുള്ള താരതമ്യത്തിൽ പൂർണമായി വീണു പോവുന്നുണ്ട് ഈ രണ്ടാം ഭാഗം. ആദ്യഭാഗത്തിന്റെ കഥ കഴിഞ്ഞു 7 കൊല്ലത്തിന് ശേഷം നടക്കുന്ന കഥയാണ് ഈ ചിത്രത്തിൽ ഉള്ളത്. 7 കൊല്ലങ്ങൾക്കു മുന്നേ നാട്ടിൽ നടന്ന ഉത്സവത്തിൽ വെച്ചുണ്ടാവുന്ന ഒരു പ്രശ്‌നത്തിൽ കുറച്ചു പേർ മരണപ്പെടുന്നു. മരിച്ചതിൽ ഒരാൾ വരലക്ഷ്മിയുടെ ഭർത്താവാണ്. അതേ ഉത്സവത്തിൽ വെച്ചു തന്നെ ആ കൊലചെയ്തവന്റെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുമെന്ന് വരലക്ഷ്മി പ്രതിജ്ഞ ചെയുന്നു. ആ കുടുംബത്തിലെ അവസാനത്തെ ആണ്തരിയെ രക്ഷിക്കാമെന്നു രാജ്കിരൻ അവതരിപ്പിക്കുന്ന "ധ്വര അയ്യ" വാക്കു കൊടുക്കുന്നു. ഉത്സവം കൂടാൻ 7 വർഷത്തെ വിദേശ വാസത്തിനു ശേഷം മകൻ ബാലു കൂടി എത്തുന്നതോടെ കഥ മുറുകുന്നു.

രാജ്കിരൻ ആയിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പൊസിട്ടീവ്. എത്ര വയസായാലും മൂപ്പരുടെ മാസ് ഒന്നും എവിടെയും പോവില്ല എന്നു തോന്നിപ്പോയി. ഇന്റർവെൽ ഫൈറ്റ് ഒക്കെ വളരെ നന്നായിരുന്നു. വിശാലും നന്നായി തന്നെ ചെയ്തു. തമിഴിൽ ഏറ്റവും നന്നായി ഫൈറ്റ് ചെയുന്ന നടന്മാരിൽ ഒരാളാണ് വിശാൽ. അതു ഈ ചിത്രത്തിലും കാണാം. രാജ്കിരനും വിശാലും തമ്മിലുള്ള കെമിസ്ട്രി ആദ്യ ചിത്രത്തിൽ തന്നെ ഇഷ്ടപെട്ടതാണ്.

സിനിമയുടെ ഏറ്റവും വലിയ നെഗട്ടീവ് തിരക്കഥയാണ്. ഓരോ നിമിഷവും അടുത്തത് എന്തെന്ന് ഊഹിക്കാവുന്ന തരത്തിൽ ആണ് തിരക്കഥയുടെ പോക്ക്. അത്യാവശ്യം നന്നായി തന്നെ തുടങ്ങുന്ന ചിത്രം പക്ഷെ പോവുന്ന പോക്കിൽ ആ മുറുക്കം കൈ വിട്ടു പോവുന്നു. കഥ മുന്നോട്ടു കൊണ്ടു പോവുന്ന "കോണ്ഫളിക്റ്റുകളിൽ" പലതും വളരെ ദുർബലമായിരുന്നു. നല്ലൊരു കിടിലൻ ഫൈറ്റോടെ ഇന്റർവെല്ലിനോട് അടുത്തു ട്രാക്കിലേക്ക് തിരിച്ചു വരുന്ന ചിത്രം പക്ഷെ രണ്ടാം പകുതിയിൽ ബെല്ലും ബ്രെക്കും ഇല്ലാത്തൊരു പോക്കാണ്. പല രംഗങ്ങളും വളരെ അധികം അമേച്വർ ആയി അനുഭവപ്പെട്ടു.

വരലക്ഷ്മി അവതരിപ്പിച്ച വില്ലത്തി കഥാപാത്രം ആക്രോശങ്ങളിൽ മാത്രം ഒതുങ്ങി. നല്ല രീതിക്ക് നീലാംബരി ബാധ കയറിയ പോലെ ആയിരുന്നു പ്രകടനം. എന്നാൽ ആ ഒരു ലെവലിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. കീർത്തി സുരേഷിനെ കുറിച്ചു പിന്നെ ഒന്നും പറയാൻ ഇല്ല. ഇവർ തന്നെയാണോ "മഹനടി" ചെയ്തതെന്ന് തോന്നി പോയി. അത്രക്ക് ബോറടിപ്പിക്കുന്ന പ്രകടനം. ആദ്യ ഭാഗത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി. ലാൽ അവതരിപ്പിച്ച ആദ്യ ഭാഗത്തിലെ മാസ് വില്ലനെ ഈ ചിത്രത്തിൽ ഒരു കോമഡി പീസ് ആക്കി കൊണ്ടുവന്നതും ഒട്ടും ഇഷ്ടമായില്ല.

സണ്ടകോഴിയുടെ തുടർച്ച എന്ന നിലയിൽ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു ആസ്വാദനം കൂടി പ്രദാനം ചെയ്യാൻ കഴിയുന്നില്ല ഈ രണ്ടാം ഭാഗത്തിന്. ആദ്യ ഭാഗം കഴിഞ്ഞു 7 കൊല്ലത്തിന് ശേഷം നടക്കുന്ന ഈ കഥ 2012ൽ ഇറക്കിയിരുന്നേൽ പോലും ചിലപ്പോൾ പ്രേക്ഷർക്ക് ഇഷ്ടപെടില്ലായിരിന്നു. തന്റെ തന്നെ മാസ് ചിത്രങ്ങളുടെ വിജയ ഫോർമുല ലിങ്കുസാമി ഒന്നു പുനഃപരിശോധിക്കുന്നത് നന്നായിരിക്കും. ആദ്യഭാഗത്തിന്റെ പ്രതാപത്തിന്റെ തുടർച്ചയായി ഈ ചിത്രം ഒരു പക്ഷെ സാമ്പത്തിക വിജയം നേടിയേക്കാം. പക്ഷെ തമിഴ് പ്രേക്ഷകർ നന്നായി മാറിയിട്ടുണ്ട്. അരുവിയും, 96ഉം, വട ചെന്നൈയുമൊക്കെ കയ്യും നീട്ടി സ്വീകരിക്കുന്ന ഇൻഡസ്ട്രിയിൽ ഇനിയും എത്ര കാലം ഈ കാലഹരണപ്പെട്ട കച്ചവട ചേരുവകൾ വിജയിക്കും എന്നു കണ്ടു തന്നെ അറിയണം.

വേർഡിർക്ട്: വേണേൽ ഒരു തവണ കാണാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo