"പച്ചയായ ജീവിതത്തിൽ നിന്നും ഇളക്കി എടുത്തൊരു ഏടാണ് പരിയേറും പെരുമാൾ. അരികുകളിൽ രക്തം പൊടിഞ്ഞിരിക്കിന്നു. പക്ഷെ ചുവപ്പല്ല നീലയാണ് ആ രക്തത്തിന്റെ നിറം. അതു മണത്തു നോക്കിയാൽ നൂറ്റാണ്ടുകൾ ആയി ദളിതൻ മണ്ണിൽ ഒഴുക്കിയ വിയർപ്പിന്റെ മണമാണ് നമുക്ക് ലഭിക്കുക. രുചിച്ചു നോക്കിയാൽ അവന്റെ കണ്ണീരു വീണുണ്ടായ ഉപ്പ് രസവും"

ഇന്ത്യക്കാർക്ക് മാത്രം ചെയ്യാൻ കഴിയുന്നൊരു കാര്യം ഉണ്ട്. സമൂഹത്തിൽ പുതിയൊരു പേര് ചർച്ചക്ക് വന്നാൽ ആ പേരിനു പുറകിൽ ഉള്ള ആളുടെ ജാതി തപ്പുക എന്നത്. അതിപ്പോൾ സുപ്രീം കോടതി ജഡ്ജി ആണേലും സിനിമ നടൻ ആണേലും നമുക്കോരുപോലെ ആണ്. കല്യാണം കഴിക്കാനും, വഴി നടക്കാനും തുടങ്ങി ദാഹിച്ച വെള്ളം കോരി കുടിക്കാൻ പോലും ജാതി നോക്കുന്ന പല സ്ഥലങ്ങളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മുടെ രാജ്യത്ത് ഉണ്ടെന്നതാണ് സത്യം. ഇത്രകണ്ട് ജാതീയത കൊടികുത്തി വാഴുന്ന ഈ സമൂഹത്തിനു നേരെ തുറന്നു വെച്ചൊരു കണ്ണാടിയാണ് ഈ ചിത്രം.

തന്റെ രാഷ്ട്രീയം സിനിമയിലൂടെ ആത്മാർത്ഥമായി വിളിച്ചു പറയാൻ പറ്റുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. ചിലർ രാഷ്ട്രീയം പറയാൻ വേണ്ടി മാത്രം സിനിമ എടുക്കുമ്പോൾ അതൊരു സിനിമ ആണെന്ന പ്രാഥമിക കാര്യം തന്നെ മറന്നു പോവുന്നു. മറ്റു ചിലർ ആവട്ടെ കൂടുതൽ ആയി കച്ചവട ചേരുവകൾക്കു ഊന്നൽ നൽകി പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയത്തിന്റെ തീവ്രത കൈ വിട്ടു പോവുന്നു. ഇവിടെ സംവിധായകൻ മാരി സെൽവരാജിന് താൻ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം സമർഥമായി പറയുന്നതിന്റെ ഒപ്പം തന്നെ ഒരു സിനിമ എന്ന നിലയിലും മികച്ചൊരു അനുഭവം ആക്കാൻ കഴിഞ്ഞിട്ടുണ്ട് ചിത്രത്തെ. അവസാന സീനിൽ രണ്ടു ചായ ഗ്ളാസ്‌ വെച്ചു സിനിമയുടെ മുഴുവൻ രാഷ്ട്രീയവും ഒറ്റ ഫ്രേമിൽ പറഞ്ഞതു വളരെ ഇഷ്ടപ്പെട്ടു. റാമിന്റെ ശിഷ്യനിൽ നിന്നും തമിഴ് സിനിമക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം.

ദളിത് രാഷ്ട്രീയത്തിലെ അംബേദ്കർ മൂല്യങ്ങളെ വെറുതെ അങ്ങു ഉയർത്തി കാണിക്കുന്ന ചിത്രമൊന്നുമല്ല പരിയേറും പെരുമാൾ. പ.രഞ്ജിത് പരോക്ഷമായി പറഞ്ഞ പല കാര്യങ്ങളെയും പച്ചക്ക് തുറന്നു പറയുന്നൊരു ചിത്രമാണിത്. അതുകൊണ്ട് തന്നെ പറയുന്ന രാഷ്ട്രീയത്തിന് വ്യക്തത വരുന്നതും അതിന്റെ തീവ്രത ഏറുന്നതും ഈ ചിത്രത്തിന് തന്നെ. പല സീനുകളും കണ്ണിൽ നിന്നും അത്രപെട്ടെന്നൊന്നും മായില്ല. ചില ഡയലോഗുകൾ ഒക്കെ ചിത്രം കണ്ട് കഴിഞ്ഞും ഉള്ളിൽ കിടന്നു മുഴങ്ങികൊണ്ടിരിക്കും. പ്രത്യേകിച്ചു ചിത്രത്തിലെ ക്ളൈമാക്‌സ് ഡയലോഗ്.

കുറച്ചു കാലം മുന്നേ നൂറു സിംഹാസനങ്ങൾ വായിച്ചപ്പോൾ തോന്നിയ അതേ വികാരമാണ് ഇന്നലെ ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോളും തോന്നിയത്. ധര്മപാലനെയും പരിയനെയും പോലുള്ളവർ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുള്ളപ്പോൾ സ്വയം മനുഷ്യൻ എന്നു വിളിക്കാൻ പോലും അപമാനം തോന്നുന്ന അവസ്ഥ.
ജാതി പേരു സ്വന്തം പേരിന്റെ ഒപ്പം ചേർക്കുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് നിങ്ങൾ എങ്കിൽ. തന്റെ പെങ്ങളോ മകളോ അന്യ ജാതിക്കാരനെ വിവാഹം കഴിക്കുന്നത് വലിയ അപമാനം ആയി നിങ്ങൾ കരുതുന്നുണ്ടെങ്കിൽ. നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പരിയേറും പെരുമാൾ. തമിഴ് സിനിമ ഈ വർഷം തന്നതിൽ ഏറ്റവും മികച്ചവയുടെ കണക്കെടുക്കാൻ പറഞ്ഞാൽ അതിൽ മുൻപന്തിയിൽ ഉണ്ടാവേണ്ട ചിത്രം.

വേർഡിർക്ട്: അതിഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo