ഒരു മുരുഗദോസ് ചിത്രം എന്നതിനേക്കാൾ ഒരു വിജയ് ചിത്രം എന്നു വിളിക്കപ്പെടാൻ ആണ് സർക്കാരിന് യോഗ്യത. കാരണം ഒരു വിജയ് ചിത്രത്തിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നതെന്താണോ അതു മാത്രമാണ് സർക്കാരിന് തരാൻ ഉള്ളത്. ഒന്നും കൂടുതലും ഇല്ല ഒന്നും കുറവുമില്ല. മികച്ച എന്റർറ്റേണർ ആയതിനൊപ്പം തന്നെ ഒരു സിനിമ എന്ന നിലയിൽ നിലവാരത്തിൽ കൂടി ഉയർന്നു നിന്നത്കൊണ്ടാണ് കത്തിയും തുപ്പാക്കിയും പലരുടെയും ഇഷ്ട ചിത്രങ്ങൾ ആയത്. എന്നാൽ വിജയ് മുരുഗദോസ് കൂട്ടുകെട്ട് മൂന്നാം ചിത്രമായ സർക്കാരിലേക്ക് എത്തി നിൽക്കുമ്പോൾ നിലവാരത്തിൽ സംഭവിച്ച തകർച്ച പ്രകടമാണ്. പക്ഷെ അപ്പോളും ഒരു എന്റർറ്റേണർ എന്ന നിലയിൽ അതിന്റെ കടമ നിറവേറ്റാൻ ചിത്രത്തിന് ആവുന്നുമുണ്ട്.

തിരഞ്ഞെടുപ്പിന്റെ അന്ന് വോട്ട് ചെയ്യാൻ വേണ്ടി തന്റെ സ്വകാര്യ വിമാനത്തിൽ നാട്ടിലെത്തുന്ന സുന്ദർ രാമസ്വാമിയെ എതിരേൽക്കുന്നത് മറ്റാരോ തന്റെ വോട്ട് കള്ളവോട്ട് ചെയ്‌തെന്ന വാർത്തയാണ്. വോട്ട് ചെയ്യാൻ ഉള്ള തന്റെ അവകാശത്തിനു വേണ്ടി നിയമപരമായി മുന്നോട്ട് പോവുന്ന സുന്ദറിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ എങ്ങനെ അയാൾ മറികടക്കുന്നു എന്നുമാണ് സർക്കാർ പങ്കു വെക്കുന്ന കഥ. സമ്മതിദാനാവകാശം എന്നത് ഒരു ജനാധിപത്യ രാജ്യത്തു എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു ചിത്രം പറഞ്ഞു വെക്കുന്നു.

പ്രകടനത്തിൽ വിജയ് തന്റെ കഴിവിന്റെ പരമാവധി സുന്ദർ എന്ന കഥാപാത്രത്തെ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി എന്നു പറയാൻ കാരണം ഭയങ്കരമായ സ്ക്രീൻ പ്രസൻസ്കൊണ്ട് കാണികളെ കയ്യിൽ എടുക്കുന്നുണ്ടെങ്കിലും പല സീനുകളിലും അമിത അഭിനയം പുറത്തു വരുന്നത് പ്രകടമായി തന്നെ കാണാമായിരുന്നു. പ്രത്യേകിച്ചു ആ ക്ളൈമാക്‌സ് രംഗങ്ങളിൽ. മറിച്ച് വരലക്ഷ്മി, രാധാരവി തുടങ്ങിയ അഭിനേതാക്കൾ തങ്ങളുടെ സ്വാഭാവികമായ അഭിനയം കൊണ്ടു വിസ്മയിപ്പിച്ചിട്ടും ഉണ്ട്. നല്ലൊരു വില്ലന്റെ അഭാവം ചിത്രത്തിൽ ഉടനീളം നമുക്ക് കാണാം. മാസില്ലാമണി എന്ന വില്ലന് പകരം വരലക്ഷ്മിയുടെ കഥാപാത്രത്തിന് കുറച്ചു കൂടി സ്ക്രീൻ ടൈം ഉണ്ടായിരുന്നേൽ ഒന്നു കൂടി നന്നായേനെ.

രാം ലക്ഷ്മൻ ഒരുക്കിയ സംഘട്ടന രംഗങ്ങൾ എല്ലാം മികച്ചു നിന്നു. പക്ഷെ മികച്ചു നിന്ന സംഘട്ടന രംഗങ്ങളിൽ പോലും നല്ലൊരു പശ്ചാത്തല സംഗീതത്തിന്റെ കുറവ് തെളിഞ്ഞു കാണാമായിരുന്നു. വളരെ വിഷമത്തോടെ കൂടി തന്നെ പറയട്ടെ AR റഹ്മാൻ ഒരു സമ്പൂർണ പരാജയം ആയിരുന്നു സർക്കാറിൽ. പശ്ചാത്തല സംഗീതം ഒട്ടും മികവ് പുലർത്തിയില്ല എന്നു മാത്രമല്ല ഓർത്തിരിക്കാൻ പറ്റുന്ന ഒരൊറ്റ പാട്ടുപോലും ചിത്രത്തിൽ ഇല്ല. കൂടാതെ പാട്ടുകൾ മിക്കതും മിസ്പ്ലെസ് ചെയ്തതും നല്ല രീതിക്ക് പ്രേക്ഷകരെ മടുപ്പിക്കുന്നുണ്ട്.

സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം വാണിജ്യ ചേരുവകൾ ചേർത്തു അവതരിപ്പിക്കാൻ മിടുക്കുള്ള ഒരു സംവിധായകൻ ആണ് മുരുഗദോസ്. കത്തിയും തുപ്പാക്കിയും എന്തിനു ഏഴാം അറിവ് പോലും അതു ശരി വെക്കുന്നു. പക്ഷെ സർക്കാരിലേക്ക് എത്തുമ്പോൾ ആ കഴിവിനും കോട്ടം തട്ടിയിട്ടുണ്ടെന്നു പറയേണ്ടി വരും. രാഷ്ട്രം, രാഷ്ട്രീയം, ജനങ്ങൾ എന്നെല്ലാം പല സ്ഥലത്തും പറഞ്ഞു പോവുന്നുണ്ടെങ്കിലും തിരക്കഥയിൽ ഒന്നിനും ഒരു യഥാർത്ഥ ജീവൻ കൊണ്ടുവരാൻ കഴിയാതെ പോയി. പക്ഷെ തിരക്കഥയിൽ വന്ന ഈ പാളിച്ചകൾ പോലും കിടിലൻ സംഭാഷണങ്ങൾ കൊണ്ടു ജയമോഹൻ മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. പല സംഭാഷണങ്ങളും കേൾക്കുമ്പോൾ അറിയാതെ കയ്യടിച്ചു പോവും.

തന്റെ കരിയറിലെ ഒരു ട്രാൻസ്ഫറമേഷനിലൂടെ ആണ് വിജയ് ഇപ്പോൾ കടന്നു പോവുന്നത്. തമിഴിൽ രജനികാന്ത് ഒഴിച്ചിടാൻ പോവുന്ന സിംഹാസനം ആണ് ആത്യന്തികമായ ലക്ഷ്യം. മേർസലിൽ തുടങ്ങിയ ഇളയ ദളപതിക്ക് പകരം കിട്ടിൽ ദളപതി എന്ന വിശേഷണം ഒക്കെ ഇതിനോട് ചേർത്തു വായിക്കണം. ഈ യാത്രയിൽ തന്റെ ഫാൻസ് പവർ കൂട്ടാൻ വേണ്ടി നിർമിക്കപ്പെട്ട ഒരു ചിത്രം മാത്രമാണ് സർക്കാർ. വിജയ് എന്ന നടനെക്കാൾ വിജയ് എന്ന താരത്തിന് ഊന്നൽ നൽകിയ ചിത്രം. ഒരു "വിജയ് എന്റർറ്റേണർ" എന്ന രീതിയിൽ സമീപിച്ചാൽ മാത്രം ആസ്വാധിക്കാൻ പറ്റുന്ന ഒന്ന്. മറ്റൊരു കത്തിയോ തുപ്പാക്കിയോ പ്രതീക്ഷിക്കാതെ പോയാൽ നിങ്ങൾക്കും ഒരുപക്ഷേ ഇഷ്ടപെട്ടെക്കാം.

വേർഡിർക്ട്: ശരാശരിക്ക് മുകളിൽ.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo