അറനൂറോളം കൊല്ലങ്ങൾ ആയി ഭൂമിയിൽ അതിജീവിച്ചു പോന്ന കൊള്ളസംഘം. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ ബഹുമതിയും അവർക്ക് തന്നെ. ആശയവിനിമയം നടത്താൻ അവർക്ക് സ്വന്തമായി ഒരു ഭാഷ. ആരാധിക്കാൻ അവരുടേതായ ഒരു ദൈവം. ആചരിക്കാൻ അവർക്ക് മാത്രമായുള്ള ആചാരനുഷ്ഠാനങ്ങൾ. വായിച്ചും കേട്ടും അറിഞ്ഞ തഗ്സ് എന്ന ഇന്ത്യൻ കൊള്ളക്കാരെ കുറിച്ചുള്ള കഥകൾ പലപ്പോളും ഒരു മുത്തശ്ശി കഥയെക്കാൾ ദുരൂഹത നിറഞ്ഞതായിരുന്നു. ആമിർ ഖാനെ പോലൊരാൾ ഈ കൊള്ളസംഘത്തിന്റെ കഥയുമായി തിരശീലയിൽ എത്തുന്നെന്നു കേട്ടപ്പോൾ പ്രതീക്ഷ ഏറിയതും അതുകൊണ്ട് തന്നെ.

ആദ്യമേ തന്നെ പറയട്ടെ വായിച്ചു കേട്ട തഗ്സിന്റെ കഥകളോട് യാതൊരു വിധത്തിലും നീതി പുലർത്തുന്നില്ല ചിത്രം. കൊള്ളക്കാരൊക്കെ ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ പോരാടിയ രാജ്യസ്നേഹികൾ ആണ് ഇതിൽ. ധൂം ത്രീ പോലുള്ള ഒരു പക്കാ വാണിജ്യ സിനിമ ഒരുക്കിയ ആളാണ് സംവിധായകൻ എന്നതുകൊണ്ട് തന്നെ ചരിത്രപരമായ വ്യകതതയോ കാലഘടത്തിനൊടുള്ള ശരിയായ നീതി പുലർത്തലോ ഒരു പരിധിവരെ ഈ ചിത്രത്തിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിട്ടുമില്ല. തഗ്സ്നെ കുറിച്ചുള്ള ഒരു റിയലിസ്റ്റിക് ഡോകയുമെന്ററി ചിത്രം എന്നതിനപ്പുറം ഒരു പിരിയോടിക് മാസ് മസാല മൂവി കാണാൻ തന്നെയാണ് തിയേറ്ററിൽ കയറിയതും. എന്നിട്ടും എന്നെ പൂർണമായി സംതൃപ്തിപ്പെടുത്താൻ ചിത്രത്തിന് ആയില്ല.

ബേധപെട്ട ഒരു കഥ ഉണ്ടായിട്ടു കൂടി തിരക്കഥയിലും അവതരണത്തിലും വന്ന പാളിച്ചകൾ സിനിമയെ പിന്നോട്ടടിക്കുന്നു. ധാരാളം മാസ് രംഗങ്ങൾക്ക് സാധ്യത ഉണ്ടായിട്ടു കൂടി അതിനൊന്നും ശ്രമിക്കാതെ ആദ്യാവസാനം വെറും നനഞ്ഞ പടക്കം മാത്രമാവുന്നുണ്ട് തിരക്കഥ. ഇതിന്റെ ഫലമോ ഒരു വാണിജ്യ ചിത്രം എന്ന നിലയിൽ പോലും തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ഒരു പരാജയമാണെന്ന് സമ്മതിക്കേണ്ടി വരുന്നു. പാത്രസൃഷ്ടികളിൽ അമീര്ഖാന്റെ ഫിറങ്ങി മല്ല മാത്രമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ടു നിൽക്കുന്നത്. ആ കഥാപത്രം പോലും പല ഇടങ്ങളിലും ജാക്ക് സ്പാരോയുടെ വികലമായ അനുകരണം മാത്രമായി ചുരുങ്ങി പോവുന്നത് കാണാം. എന്നിരുന്നാലും ചിത്രത്തിൽ ആകെ ഇഷ്ടപ്പെട്ട ഒരേ ഒരു കാര്യം ഈ കഥാപാത്രമാണ്. പ്രവചനാതീതമായ പ്രവർത്തികളും കുസൃതി നിറഞ്ഞ ഭാവങ്ങളും തമാശ കലർന്ന സംഭാഷണങ്ങളും കൊണ്ടു ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും ഈ കഥാപാത്രം തന്നെ.

അമിതാഭ് ബച്ചൻ അവതരിപ്പിച്ച കുദാബക്ഷ്‌ എന്ന കഥാപാത്രവും നന്നായിരുന്നു. ഈ ഒരു പ്രായത്തിലും നല്ല എനര്ജിയോടെ ബച്ചനെ സ്ക്രീനിൽ കാണാൻ സാധിച്ചത് സന്തോഷം ഉണ്ടാക്കി. പക്ഷെ ഇത്തിരി കൂടി ആഴത്തിൽ ഉള്ളൊരു പാത്രസൃഷ്ടി ആ കഥാപത്രം ആർഹിച്ചിരുന്നെന്നു തോന്നി. സാധ്യത ഉണ്ടായിട്ടു കൂടി പ്രേക്ഷകനുമായി വൈകാരികമായ ഒരു തലത്തിലേക്ക് ഇറങ്ങി സംവദിക്കാൻ ആ കഥാപാത്രത്തിന് ആവുന്നില്ല. ഫാത്തിമ സനയും തനിക്ക്‌ ലഭിച്ച കഥാപാത്രത്തെ ഭംഗിയാക്കി. കത്രീന കൈഫ് ഐറ്റം ഡാൻസിൽ മാത്രമായി ഒതുങ്ങി.

സാങ്കേതികമായി ഉയർന്നു നിൽക്കുമ്പോളും ബാക്കി മിക്ക കാര്യങ്ങൾ എടുത്തു പരിശോധിച്ചാലും ശരാശരിയോ അതിനു താഴെയോ മാത്രമേ എത്തുന്നുള്ളൂ എന്നതാണ് ഈ ചിത്രം നേരിടുന്ന പ്രധാന പ്രശ്നം. ഓർത്തിരിക്കാൻ കഴിയുന്ന ഒരു രംഗം പോലും ചിത്രത്തിൽ ഇല്ല. അടുത്തത് എന്തെന്ന് വ്യകതമായി ഊഹിച്ചെടുക്കാവുന്ന തിരക്കഥയും, തൃപ്തി തരാത്ത അവതരണവും, യാതൊരു വിധ പുതുമയും ഇല്ലാത്ത സംഘട്ടന രംഗങ്ങളും, ആവശ്യമേ ഇല്ലാത്ത രണ്ടു ഐറ്റം ഡാൻസുകളും എല്ലാം കൂടി ചേർന്നു പൂർണമായ നിരാശ മാത്രമാണ് ചിത്രം അവസാനിക്കുമ്പോൾ പ്രേക്ഷകരിൽ ബാക്കിയാവുന്നത്.

വേർഡിക്ട് : അമീര്ഖാന് വേണ്ടി മാത്രം വേണേൽ ഒരുതവണ കാണാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo