കുറച്ചു നാൾ മുന്നേ ഇബ്ലീസ് കാണാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. ആദ്യ ദിനം ആയിരുന്നിട്ടും തിയേറ്ററിൽ തിരക്കില്ലായിരുന്നു.. എന്റെ മുന്നിലെ സീറ്റുകളിൽ വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആംബുലൻസിന്റെ ഒക്കെ ലൈറ്റ് പോലെ മിന്നി കത്തികൊണ്ട് ഒരു നീല ലൈറ്റ് മുന്നിൽ നിന്നും വരുന്നത് ഞാൻ ശ്രദ്ധിച്ചു.

ആദ്യം ഞാൻ കരുതി തിയേറ്ററിലെ വല്ല ബൾബിന്റയും ഇഷ്യൂ ആവുമെന്ന്.. പിന്നെ മനസിലായി രണ്ടു റോ മുന്നിൽ കൂടി ഒരു 3 വയസ്സുള്ള പയ്യൻ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്.. അവന്റെ ഷൂവിൽ നിന്നാണ് ഈ ലൈറ്റ് വരുന്നത്.. 🙁 കസേരകൾ കാരണം അവനെ കാണാൻ ഇല്ല.. പക്ഷെ ലൈറ്റ് മാത്രം ഉണ്ട്..

ഇപ്പോൾ നിർത്തും എന്നു കരുതി ഒന്നു ക്ഷമിച്ചു.. പിന്നേം ഇതു തന്നെ അവസ്ഥ. നോക്കുമ്പോൾ ആ റോ യിൽ അവന്റെ അച്ഛനും അമ്മയും എന്നുതോന്നിക്കുന്ന രണ്ടു പേർ ഇരിക്കുന്നുണ്ട്. സിനിമ കാണലിൽ അല്ല അവരുടെ ശ്രദ്ധ എന്നു വ്യക്തം. എന്തൊക്കെയോ പറഞ്ഞു അടക്കിപിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു രണ്ടാളും.

എന്റെ എല്ലാ ക്ഷമയും ആ നേരം കൊണ്ട് കൈ വിട്ടു പോയിരുന്നു. ഞാൻ ഒന്ന് മുന്നിലേക്ക് ആഞ്ഞു അയാളെ തോണ്ടി വിളിച്ചു ചോദിച്ചു.

"ചേട്ടന്റെ മോൻ ആണോ ഇത്?"

അവൻ ആണെന്ന് സമ്മതിച്ചു. അപ്പോൾ ഞാൻ പറഞ്ഞു.

"ഒന്നെടുത്തു മടിയിൽ വെക്കോ? പടം കാണാൻ വന്നത് പടം കാണാൻ ആണ് അല്ലാതെ ചേട്ടന്റെ മോന്റെ മിന്നി തിളങ്ങുന്ന ഷൂസ് കാണാൻ അല്ല."

അയാൾ ഒന്നും മിണ്ടാതെ കുട്ടിയെ വിളിച്ചു അപ്പുറത്ത് ഇരുത്തി. പിന്നീട് കുട്ടിയെ കൊണ്ടു ശല്യം ഒന്നും ഉണ്ടായില്ല. പക്ഷെ അവരുടെ അടക്കിപിടിച്ചുള്ള സംസാരവും ചിരിയും സിനിമ തീരും വരെ ഒരു തലവേദന ആയി തുടർന്നു. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ തൊട്ടടുത്തു ഇരുന്നിരുന്ന സുഹൃത്തു ഉൾപ്പടെ പലരും എന്നെ വല്ലാത്തൊരു മുഖ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു. ചെറിയ കുട്ടി അല്ലെ അങ്ങനെ ഒക്കെ ഉണ്ടാവും എന്നാണ് അവന്റെ വാദം!

കൂദാശ കാണാൻ 10.30 ന്റെ ടിക്കറ്റ് എടുത്തു കയറിയപ്പോൾ പുറകിൽ ഇരുന്ന ഫാമിലിയെ ആദ്യമേ ശ്രദ്ധിച്ചിരുന്നു. രാത്രി ട്രൈനിനോ മറ്റോ എങ്ങോട്ടേക്കോ പോവേണ്ടത് കൊണ്ടു സമയം കളയാൻ വേണ്ടി മാത്രം കയറിയ പോലെ ആയിരുന്നു ആദ്യം മുതലേ അവരുടെ പെരുമാറ്റം. നായകൻ ആരാ എന്നു കൂടി അറിയാതെ ആണ് ടിക്കറ്റ് എടുത്തു കയറി ഇരിക്കുന്നത്. പടം തുടങ്ങി ഇത്തിരി കഴിഞ്ഞപ്പോൾ തൊട്ടു ഭർത്താവ് ഊക്കൻ കൂർക്കം വലി. അവസാനം ഞാൻ തിരിഞ്ഞു ഭാര്യയോട് അയാളെ ഉണർത്താൻ പറയേണ്ടി വന്നു.

ഇതുപോലെ തന്നെ മറ്റൊരു അനുഭവം വില്ലൻ സിനിമ കാണാൻ പോയപ്പോൾ ആണ്. ഇന്റർവെല്ലിന് ശേഷം സിനിമ തുടങ്ങിയപ്പോൾ ഒരു കുഞ്ഞു കൊച്ചു ഭയങ്കര കരച്ചിൽ. കുട്ടിയുടെ അച്ഛനും അമ്മയും കുട്ടി തങ്ങളുടേത് അല്ലെന്ന മട്ടിൽ സിനിമയിൽ ശ്രദ്ധിച്ചു ഇരിക്കുന്നു. 😔 അവസാനം ഞാൻ വിളിച്ചു പറഞ്ഞു.

"ചേട്ടാ ആ കൊച്ചു കരയുന്നത് കേൾക്കുന്നില്ലേ? ഒന്നു പുറത്തേക്കു എടുത്തോണ്ട് പോയി കരച്ചിൽ മാറ്റി വരു"

ആരേലും തുടങ്ങി കിട്ടാൻ കാത്തിരുന്ന പോലെ ഞാൻ പറഞ്ഞു കഴിഞ്ഞതും തിയേറ്ററിൽ അവിടെയും ഇവിടെയും ആയി പലരും ഇതുപോലെ വിളിച്ചു പറയാൻ തുടങ്ങി. രംഗം പന്തി അല്ലെന്ന് കണ്ട ഭർത്താവ് കൊച്ചിനെയും എടുത്തു പുറത്തേക്ക് നടന്നു.

ഇതുപോലെ ഒരുപാട് അനുഭവങ്ങൾ വേറെയും ഉണ്ട്. അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ! മിക്കവാറും എല്ലാ സിനിമകൾക്കും പോവുന്നത് കൊണ്ടു തന്നെ കുഞ്ഞു കുട്ടിക്കളെയും കൊണ്ടു സിനിമക്ക് വരുന്ന ഒരുപാട് ഫാമിലികളെ കണ്ടിട്ടുണ്ട്. പലപ്പോളും കള്ളും കുടിച്ചു കൂട്ടുകാർക്കൊപ്പം വരുന്നവരെക്കാൾ ശല്യം ഇവർ ആണ് ഉണ്ടാക്കാറുള്ളത്. കിടന്നു കരച്ചിലും, ഇടയിൽ തിന്നാൻ വേണം എന്നു പറഞ്ഞൂ വാശി പിടിക്കലും അല്ലേൽ കിടന്നു ഉറങ്ങി കൂർക്കം വലിക്കലും, ഒന്നും അല്ലേൽ കൂട്ടത്തിൽ ഒരാൾക്ക് സിനിമയുടെ കഥ പറഞ്ഞു കൊടുക്കലും ഒക്കെയായി അവർ നമ്മുടെ സിനിമ ആസ്വധനത്തിനു പലപ്പോളും വലിയ തോതിൽ മങ്ങൽ ഏല്പിക്കും.. ഫാമിലി ആണ് കുഞ്ഞു കൊച്ചാണ് എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് പലരും ഇതൊക്കെ ഒന്നും മിണ്ടാതെ സഹിക്കുന്നത്. ശരിക്കും ഇതൊക്കെ സഹിക്കേണ്ട ബാധ്യത നമുക്കുണ്ടോ? അവരെ പോലെ കാശും കൊടുത്ത് തന്നെ അല്ലേ നമ്മളും പടം കാണാൻ കയറുന്നത്?

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo