To make a great film you need three things – the script, the script and the script.

Alfred Hitchcock

"VFX ഉം 3D യും മാത്രമിട്ടു പുഴുങ്ങിയാൽ സിനിമ ആവില്ല ശങ്കർ സർ, അതിനു കഥ, തിരക്കഥ തുടങ്ങി കുറച്ചു കാര്യങ്ങൾ കൂടി നന്നാവണം.."

2010ൽ ഞാൻ പ്ലസ് oneൽ പഠിക്കുമ്പോൾ ആണ് എന്തിരൻ റിലീസ് ആവുന്നത്. സണ് പിക്ചേഴ്സ് ആയിരുന്നു നിർമ്മാണം എന്നതുകൊണ്ട് തന്നെ സൂര്യ TV യിലും സണ് TV യിലും ഒക്കെ ആയി ഭയങ്കര പ്രമോഷൻ ആയിരുന്നു ചിത്രത്തിന്. പ്രമോഷൻ, മേകിങ് വീഡിയോ ഒക്കെ കണ്ടു ഈ ചിത്രം തിയേറ്ററിൽ കണ്ടില്ലേൽ മരിച്ചുപോവും എന്നതായിരുന്നു എന്റെ അവസ്ഥ. ചെർപ്പുളശ്ശേരി പ്ലാസ, ഗ്രാന്റ്, ദേവി എന്നീ മൂന്നു തിയേറ്ററുകളിൽ ആയാണ് ചിത്രം റിലീസ് ആയത്. ഒരു സ്ഥലത്തെ 3 തിയേറ്ററിലും ഒരു സിനിമ റിലീസ് ആവുന്നത് എനിക്കന്ന് പുതിയ കാര്യമാണ്. എന്തായാലും ആദ്യ ദിനം തന്നെ ചിത്രം കണ്ടു. ഹോളിവുഡ് സിനിമകൾ ഒന്നും അത്ര അധികം കണ്ടു തുടങ്ങിയിട്ടില്ലാത്ത കാലം ആയത് കൊണ്ട് തന്നെ അന്ന് ആ തിയേറ്ററിൽ കണ്ടത് ഒക്കെയും എനിക്ക് പുതിയ കാഴ്ചകൾ ആയിരുന്നു. പിന്നീട് ഒരുപാട് നാളത്തേക്ക് എന്റെ ചിന്തയിലും സംസാരത്തിലും ഭാവനകളിലും നിറഞ്ഞു നിന്നിരുന്നത് ആ ഒരു ചിത്രം തന്നെ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി ബ്രഹ്മാണ്ടം എന്നു തികച്ചും വിളിക്കാൻ തോന്നിയ ആദ്യ ചിത്രം.

7 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അതിനൊരു രണ്ടാം ഭാഗം വരുമ്പോൾ അന്ന് പ്ലാസ തിയേറ്ററിലെ ബാൽക്കണിയിൽ കണ്ണും തള്ളി ഇരുന്നു ഓരോ രംഗവും കയ്യടിച്ചു കണ്ടിരുന്ന ആളിൽ നിന്നും ഒട്ടേറെ വ്യത്യാസം വന്നിട്ടുണ്ട് എനിക്ക്. പക്ഷെ എന്തിരന്റെ ആദ്യ ഭാഗം എനിക്ക് ഇന്നും ആസ്വാധിക്കാൻ പറ്റുന്ന ഒരു ചിത്രമായത്കൊണ്ട് തന്നെ ഈ രണ്ടാം വരവിനെ ചൊല്ലിയും പ്രതീക്ഷകൾ ഉണ്ടായിരുന്നെന്നതാണ് സത്യം.

എന്തിരനിൽ നിന്നും 2.0യിലേക്ക് എത്തുമ്പോൾ മികച്ചു നിൽക്കുന്നത് സാങ്കേതിക മികവ് ആണെന്ന് നിസംശയം പറയാം. കാശ് മുടക്കി കാശ് വാരുന്ന ശങ്കറിൽ നിന്നും മുടക്കിയ കാശിനു അപ്പുറം ഉള്ള VFX മേന്മ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നല്ലൊരു 3D തിയേറ്ററിൽ നല്ല ശബ്ദവിന്യാസത്തോട് കൂടെ ഇരുന്നു കണ്ടാൽ ഇതൊരു ഇന്ത്യൻ ചിത്രം ആണോ എന്ന് തന്നെ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അത്രമാത്രം മികവോട് കൂടിയാണ് ആ ഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇനിയുമൊരു പത്ത് കൊല്ലം കഴിഞ്ഞാൽ പോലും ഇന്ത്യൻ സിനിമ സംവിധായകരിൽ ആരെങ്കിലും ഇതിനൊപ്പം നിൽക്കുന്ന ഒരു VFX വിസ്മയം ഒരുക്കുമെന്ന് വിചാരിക്കാൻ കൂടി വയ്യ.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞാൽ വേറെ എന്താണ് ചിത്രത്തിൽ നന്നായതെന്നു ചോദിച്ചാൽ ഒന്നുമില്ലെന്നാണ് ഉത്തരം. അതേ സാങ്കേതിക തികവ് മാറ്റി നിർത്തിയാൽ കഥ, തിരക്കഥ, സംഭാഷണം, സംഗീതം തുടങ്ങി സമസ്ത മേഖലകളിലും ശരാശരിക്കും താഴെയാണ് 2.0യുടെ സ്ഥാനം. എന്തിന്, സാധാരണ രജനി സിനിമകളിൽ മുന്നിട്ടു നില്കാറുള്ള "തലൈവറിസം" പോലും 2.0യിൽ ഇല്ലായിരുന്നു. പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെ നന്നായി ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. കുറച്ചെങ്കിലും പഴയ ആ എനർജി കാണാൻ കഴിഞ്ഞത് 2.0 എന്ന ക്യാരക്ടറിൽ മാത്രമാണ്.

ഇത്തരം സിനിമകളിൽ ലോജിക് തപ്പി പോവുന്നതിൽ അർത്ഥം ഇല്ലെന്നാണ് എന്റെ പക്ഷം. ലോജിക്ക് ഒന്നും നോക്കാതെ സയൻസ് ഫിക്ഷൻ ആണെന്ന് പോലും പരിഗണിക്കാതെ ഒരു ഫാന്റസി ചിത്രമെന്ന രീതിക്ക് സമീപിച്ചാൽ പോലും 2.0യുടെ കഥ വൻ പരാജയമായി മാറുന്നുണ്ട്. "ചക്കിക്ക് ഒത്ത ചങ്കരൻ" എന്ന പോലെയാണ് തിരക്കഥയുടെ അവസ്ഥ. ഈ ഒരു കഥക്ക് ഇത്ര ഒക്കെ മതി എന്ന പോലെ ഉഴപ്പി എഴുതിയിരിക്കുന്നു. വില്ലന് എങ്ങനെ അത്രയും ശക്തി കിട്ടി എന്ന് പറഞ്ഞു തരുന്ന ഭാഗങ്ങളിൽ ഒക്കെ നല്ലൊരു തിരക്കഥയുടെയും സംഭാഷണങ്ങളുടെയും കുറവ് നമുക്ക് തിരിച്ചറിയാൻ കഴിയും. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായ ജയമോഹൻ കൂടി പങ്കു ചേർന്ന തിരക്കഥയിൽ നിന്നും ഇതിലും ഏറെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. സുജാത എന്ന എഴുത്തുകാരന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നമ്മൾ മനസ്സിലാക്കുന്നത് 2.0 കാണുമ്പോൾ ആണ്. എന്തിരൻ ആദ്യഭാഗത്ത് ചിട്ടിയോട് "കടവുൾ ഇരിക്കാ? ഇല്ലയാ!" എന്നു ചോദിക്കുന്ന സീൻ പോലെ സുജാതക്ക് മാത്രം എഴുതാൻ കഴിയുന്ന ഒരുപാട് സീനുകൾ നമ്മൾ ഈ ചിത്രത്തിൽ വല്ലാതെ മിസ് ചെയുന്നുണ്ട്.

ഇത്ര ഒക്കെ കുറവുകൾ ഉണ്ടെങ്കിലും സിനിമ പറയാൻ ശ്രമിച്ച വിഷയം അഭിനന്ദനീയമാണ്. മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം പക്ഷികൾക്ക് ഹാനികരമാവുന്നത് എങ്ങനെ എന്നും ഈ ഭൂമി മനുഷ്യർക്ക് മാത്രം ഉള്ളതല്ലെന്നും ആണ് ആ വിഷയം. പക്ഷെ വൈകാരികമായി പ്രേക്ഷകരോട് സംവദിക്കാൻ ശേഷിയില്ലാത്ത രീതിക്ക് ആയിപ്പോയി ഈ വിഷയത്തിന്റെ അവതരണം എന്നു മാത്രം. ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആയിരുന്നിട്ടു കൂടി തിരക്കഥയിലെ പാളിച്ചകൾ മൂലം പറയാൻ ശ്രമിച്ച വിഷയത്തെ കുറിച്ചു പ്രേക്ഷകരോട് ആഴത്തിൽ സംവദിക്കാൻ കഴിയാതെ പോവുന്നുണ്ട് ചിത്രത്തിന്. അക്ഷയ് കുമാർ അവതരിപ്പിച്ച പക്ഷി രാജ എന്ന വില്ലന്റെ ഫ്ലാഷ്ബാക്ക് സീനുകളിൽ മാത്രമാണ് പറയാൻ ശ്രമിച്ച വിഷയം പ്രേക്ഷർക്ക് അനുഭവമാവുന്നത്. സിനിമയിൽ പറയുന്ന പോലെ തന്നെ കേട്ടു 5 നിമിഷത്തിന് ശേഷം പ്രേക്ഷകരും അതു മറന്നും പോവുന്നു.

ചുരുക്കത്തിൽ സാങ്കേതികമായി ഇന്ത്യക്കാർക്ക് അഭിമാനിക്കുന്ന ഒരു ചിത്രമാണ് 2.0. തിരക്കഥയിൽ വന്ന പാളിച്ചകളെ VFX വിസ്മയങ്ങൾ കൊണ്ടു മറികടക്കാൻ ശ്രമിച്ചിരിക്കുന്നു. അനാവശ്യമായ പാട്ടുകളോ പ്രണയ രംഗങ്ങളോ ഇല്ല എന്നത് ആശ്വാസമാണ്. എല്ലാവരും നല്ലൊരു തിയേറ്ററിൽ തന്നെ പോയി 3D യിൽ തന്നെ കാണേണ്ട ചിത്രമാണ് 2.0. കാരണം 12 ഇഞ്ച് സ്ക്രീനിൽ ലാപ്ടോപ്പിലോ മൊബൈലിലോ ഇരുന്നു കാണാൻ ആണേൽ ചിലപ്പോൾ 12 നിമിഷം പോലും നിങ്ങൾക്ക് ഈ ചിത്രം കണ്ടിരിക്കാൻ ആയെന്നു വരില്ല.

വേർഡിക്ട് : ഏറ്റവും മികച്ച തിയേറ്റർ എക്സ്‌പീരിൻസുകളിൽ ഒന്നിന് വേണ്ടി മാത്രം ടിക്കറ്റ് എടുക്കാം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo