സ്വതവേ ദുർബല കൂടെ ഗർഭിണിയും എന്നു പറഞ്ഞ പോലെ ആയിരിന്നു ജസ്റ്റിസ് ലീഗ് ഇറങ്ങിയ ശേഷം DCയുടെ അവസ്ഥ. 5 പടങ്ങൾ ഇറക്കിയതിൽ വണ്ടർ വുമണ് മാത്രമാണ് നല്ലൊരു അഭിപ്രായം നേടിയത് പക്ഷെ അതും ആക്ഷൻ കുറവാണെന്ന പഴി കേൾക്കേണ്ടി വന്നു. ഈ ഒരു സമയത്താണ് ക്യാരക്ടറുകൾ പോലും മര്യാദക്ക് എസ്റ്റാബ്ലിഷ് ചെയ്യാത്ത കുറച്ചു സൂപ്പർ ഹീറോകളുമായി വന്നു അവെഞ്ചേഴ്സിനെ പിടിക്കാൻ വേണ്ടി ജസ്റ്റിസ് ലീഗ് ഇറക്കി അടപടലം ആവുന്നത്. കൂതറ VFX, അതിലും കൂതറ ഡയലോഗുകൾ, മുഷിപ്പൻ സ്റ്റോറി ലൈൻ എന്നു വേണ്ട DC യുടെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കാൻ വേണ്ടതൊക്കെയും ജസ്റ്റിസ് ലീഗ് തന്നിരുന്നു.

ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് പറഞ്ഞു പലരും എഴുതി തള്ളിയ DC യൂണിവേഴ്‌സിന്റെ തിരിച്ചു വരവ് ആണ് അക്വാമാൻ. ജെയിംസ് വാൻ എന്ന സംവിധായകൻ ഒരു ശാപമോക്ഷം കൊടുത്തിരിക്കുകയാണ് DC ക്ക്. ആദ്യമായാണ് അക്വാമാൻ എന്ന കഥാപാത്രം ഒരു ഫുൾ ലെങ്ത് സിനിമയിൽ വരുന്നത്. വൈകിയാണ് വരുന്നതെങ്കിലും DC സൂപ്പർഹീറോകളിൽ ഏറ്റവും രാജകീയമായ വരവ് ലഭിച്ചിരിക്കുന്നത് അക്വാമാന് ആണെന്ന് പറയേണ്ടി വരും.

നല്ല കിടിലൻ മാസ്, സൂപ്പർ ആക്ഷൻ, അത്യാവശ്യം കോമഡി തുടങ്ങി നല്ലൊരു എന്റർടൈനറിന് വേണ്ടത് എല്ലാം ഈ ചിത്രത്തിൽ ഉണ്ട്. ജസ്റ്റിസ് ലീഗിന്റെ ഏറ്റവും വലിയ കുഴപ്പം എന്റർടൈന്മെന്റ് ഉണ്ടാക്കാൻ വേണ്ടി ഏച്ചു കൂട്ടിയ സീനുകൾ ആയിരുന്നു. ഫ്‌ലാഷും വണ്ടർ വുമണും തമ്മിൽ ഉള്ള സീനുകൾ,ബാറ്റ്മാൻ കോമഡി സീനുകൾ തുടങ്ങി ആ ക്യാരക്ടറുകളെ കുറിച്ചു അറിയുന്ന ആർക്കും ഉൾക്കൊള്ളാൻ സാധിക്കാത്ത പല സീനുകളാലും സമ്പന്നമായിരുന്നു ജസ്റ്റിസ് ലീഗ്. അക്വാമാൻ വ്യത്യസ്തമാവുന്നതും അവിടെ ആണ്. രസിപ്പിക്കാൻ വേണ്ടി കൂട്ടി ചേർത്ത സീനുകൾ ഒന്നുമില്ല പക്ഷെ അവർ ചെയുന്നത് എന്തോ അതു നമ്മെ രസിപ്പിക്കുന്നുണ്ട് താനും.

കഥയിൽ വലിയ പുതുമ ഒന്നുമില്ല. രണ്ടു ലോകങ്ങൾ അവക്കിടയിലെ കുടിപ്പക. സഹോദരങ്ങൾ തമ്മിലുള്ള മൂപ്പനോരി തർക്കം. ഒരാൾ മനുഷ്യർക്ക് എതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. സിംഹാസനത്തിൽ താല്പര്യം ഇല്ലാതിരുന്ന സഹോദരന് ലോകം രക്ഷിക്കാൻ വേണ്ടി കളത്തിൽ ഇറങ്ങേണ്ടി വരുന്നു. കേട്ടു പഴകിയ കഥയെ പക്ഷെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് ജെയിംസ് വാന്. രണ്ടര മണിക്കൂർ ദൈർഘ്യം ഉള്ള ചിത്രം ഒരു സ്ഥലത്തു പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. ഹൊറർ സിനിമ ചെയ്തുള്ള പരിചയം ജെയിംസ് വാനെ അക്വാമാൻ ചെയ്യുന്നതിൽ തുണച്ചിട്ടുണ്ടെന്നു വേണം കരുതാൻ ട്രെഞ്ചുകളും ആയുള്ള ആ കടൽ പോരാട്ടം ഒക്കെ നല്ലൊരു ഹൊറർ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ രംഗങ്ങൾ ആയി തോന്നി. ജയ്സൻ മോമൊ എന്ന നടൻ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. വല്ലാത്തൊരു എനർജി ആയിരുന്നു പഹയന്. മാർവലിന് റോബർട്ട് ഡൗണി ആരായിരുന്നോ ആ ഒരു ലെവലിൽ DC യിൽ എത്താൻ സാധ്യത ഉണ്ട് ജയ്സൻ.

DC ഇരുട്ടാണ്, ഡാർക് ആണ് എന്നോക്കെ പറയുന്നവർ അക്വാമാൻ ഒന്നു കണ്ടു നോക്കണം. ഈ ഒരു സിനിമയിൽ കാഴ്ച്ചവെച്ച നിലവാരം ഇനിയും തുടർന്നുപോയാൽ മാർവലിനെക്കാൾ നല്ലൊരു സിനിമാ യൂണിവേഴ്‌സ് ഉണ്ടാക്കി എടുക്കാം DC ക്ക്. ചുരുക്കത്തിൽ DC യുടെ ഉയിർത്തെഴുന്നേൽപ്പ് കാണാൻ തീയേറ്ററിൽ കയറാം. മികച്ചൊരു കോമിക് സിനിമ അതിന്റെ എല്ലാ മാസ് പരിവേഷങ്ങളോടും കൂടെ ആഘോഷിച്ചു തന്നെ അനുഭവിച്ചറിയാം.

DC എസ്റ്റന്ഡഡ് യൂണിവേഴ്‌സ് നാളെ അക്വമാന് മുൻപും അക്വാമാന് ശേഷവും എന്നറിയപ്പെടും.

All hail the king ❤️

Verdict: ഗംഭീരം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo