ഒരു പാലക്കാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്നത്കൊണ്ട് തന്നെ ചെറുപ്പം മുതൽ കേൾക്കുന്നതാണ് ഒടിയന്മാരെ കുറിച്ചുള്ള കഥകൾ. പാണരും പറയരും എല്ലാം ഒരുകാലത്ത് ഒടിമറഞ്ഞു നിന്ന് രാത്രി ആൾക്കാരെ പേടിപ്പിക്കാറുണ്ടായിരുന്നെത്രെ. കേട്ട കഥകളിലെ ഒടിയൻ പക്ഷെ ഭയങ്കര ഭീകരനായിരുന്നു. ഒരു കാലോ വാലോ ഇല്ലാത്ത പോത്തായി വന്നു ആളെ കൊന്നു പോവുന്ന ഭീകരർ. കുറച്ചു കൂടി പ്രായമായ ഒരു സമയത്തു ഞാൻ സ്വയം ആലോചിച്ചിട്ടുണ്ട് സമൂഹത്തിൽ താഴ്ന്ന ജാതിക്കാർ എന്നു വിളിക്കപ്പെട്ടിരുന്ന പാണർക്കും പറയർക്കും ചിലപ്പോൾ സമൂഹത്തിലെ പ്രമാണിമാർ എന്നു സ്വയം നടിച്ചിരുന്ന മേൽജാതിക്കാരോട് കണക്ക് തീർക്കാൻ ഉള്ളൊരു ഉപാധി ആയിരുന്നിരിക്കാം ഒടിയൻ വേഷങ്ങൾ എന്ന്.

ഒടിയന്റെ കഥ ആദ്യമായി തിരശീലയിൽ എത്തുകയാണെന്നു കേട്ടപ്പോൾ പ്രതീക്ഷകളും ഏറെ ഉണ്ടായിരുന്നു. വെറുമൊരു മാസ് പടമല്ല ഇതെന്ന് ശ്രീകുമാർ മേനോൻ പറയുമ്പോൾ ഒരു കാലഘട്ടത്തിലെ ജാതിയതയും ഉച്ചനീതത്വങ്ങളും എല്ലാം ചർച്ച ചെയ്യുന്ന ഒരു ക്ലാസ് പടം ആയിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. റിലീസിനോട് അടുപ്പിച്ചുള്ള ശ്രീകുമാറിന്റെ വീമ്പു പറച്ചിലുകൾ എല്ലാം അർഹിക്കുന്ന അവഗണനയോടെ തന്നെ തള്ളി കളഞ്ഞ ആളാണ് ഞാൻ. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ കാരണം ബുക് ചെയ്ത ഷോ മുടങ്ങിയത് കൊണ്ടു ഇത്തിരി വൈകി ഉച്ചയ്ക്കാണ് പടം കാണാൻ കഴിഞ്ഞത്. ഒരുപാട് മോശം അഭിപ്രായങ്ങൾ ആ സമയം കൊണ്ട് കെട്ടതുകൊണ്ടു തന്നെ പ്രതീക്ഷയുടെ ഭാരമേതുമില്ലാതെ ആണ് സിനിമ കണ്ടതും. ചിലപ്പോൾ അതുകൊണ്ട് ഒക്കെ ആയിരിക്കാം ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.

മുത്തശ്ശികഥകളിലെ ഒടിയനിൽ നിന്നും സാരമായ വ്യത്യാസങ്ങളോടെ ആണ് ഈ ഒടിയൻ തിരശീലയിൽ എത്തിയിരിക്കുന്നത്. അമാനുഷികതയും ഫാന്റസിയും എല്ലാം അത്യാവശ്യം കുറച്ച് ആണ് എഴുത്തുകാർ ഈ ഒടിയനെ സൃഷ്ടിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ പോത്ത് ആയും നായ ആയും രൂപം മാറുന്ന ഒടിയന് പകരം മൃഗങ്ങളുടെ വേഷം കെട്ടി പേടിപ്പിക്കുന്ന ഒടിയൻ ആണ് സിനിമയിൽ. ഗർഭിണിയുടെ നിറവയറു കുത്തി എടുക്കുന്ന മരുന്നൊന്നും സ്വപ്നത്തിൽ പോലും കേട്ടിട്ടില്ലാത്ത ഒടിയൻ. ചുരുക്കത്തിൽ നാട്ടിലെ വേണ്ടപ്പെട്ടവർക്ക് എല്ലാം കണ്ണിലുണ്ണി ആയ ഒരു "ഒടിയേട്ടൻ".

നായക കഥാപാത്രത്തെ ഒരു പരിധിവരെ വെള്ള പൂശാൻ ആയിരുന്നെങ്കിലും കേട്ടു തഴമ്പിച്ച ഒടിയൻ സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തിരി കൂടി മനുഷ്യൻ ആയ ഒരു ഒടിയനെ അവതരിപ്പിച്ചത് നന്നായി തോന്നി. ശരിക്കും ഒരുകാലത്ത് ഒടിയന്മാർ ജീവിച്ചിരുന്നേൽ അവർ ഇങ്ങനെ ഒക്കെ ആയിരിക്കാൻ ആണ് സാധ്യത. ഫാന്റസിയും റിയലിറ്റിയും തമ്മിലുള്ള ഒരു അതിർ വരമ്പ് ചിത്രം ഒരു പരിധിവരെ മാന്യമായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നു പറയാം.

കഥയെ കുറിച്ചും തിരക്കഥയെ കുറിച്ചും സംവിധാനത്തെ കുറിച്ചും പ്രത്യേകിച്ചു ഒന്നും പറയാൻ ഇല്ല. കേട്ടു തഴമ്പിച്ച കഥയുടെ യാതൊരു പുതുമയും ഇല്ലാത്ത ആഖ്യാനം. ചിത്രം ബോറടിപ്പിച്ചോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം പക്ഷെ പ്രതീക്ഷിച്ച പോലെയും ശ്രീകുമാർ മേനോൻ തള്ളി മറച്ചിട്ട പോലെയും ഒന്നും എവിടെയും വന്നില്ല എന്നതാണ് സത്യം. സിനിമ സംവിധാനത്തിലെ പരിചയകുറവ് പല ഇടത്തും വ്യകതമായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇത്തിരി കൂടി അനുഭവ സമ്പത്ത് ഉള്ളൊരു സംവിധായകന്റെ കൈകളിൽ ആയിരുന്നേൽ കുറച്ചു കൂടി നന്നായേനെ ഒടിയൻ എന്നു തോന്നി.

സംഗീതവും പശ്ചാത്തല സംഗീതവും നന്നായി തോന്നി. മഞ്ജു വാര്യരും മോഹൻലാലും പ്രായത്തെ തോൽപിച്ചു കൂടുതൽ ചെറുപ്പം ആയി കാണപ്പെട്ടു. അതിൽ തന്നെ മോഹൻലാലിന്റെ മേക്ക് ഓവർനെ എത്ര പ്രശംസിച്ചാലും മതിയാവതെ വരും. പ്രകാശ് രാജിന്റെ വില്ലൻ വേഷം വളരെ നന്നായിരുന്നു. മൂപ്പർക്ക് കൊടുത്ത ഡബ്ബിങ് ആദ്യം ചെറിയ അസ്വസ്ഥത തോന്നിച്ചെങ്കിലും പോകെ പോകെ നന്നായി തോന്നി. ആക്ഷനും ഗ്രഫിക്‌സും എല്ലാം ശരാശരിയിലും മികച്ചു നിന്നു. പക്ഷെ ഈ തള്ളി മറച്ച ബജറ്റ് ഒക്കെ എവിടെ ആണ് ചിലവാക്കിയത് എന്നു മാത്രം മനസ്സിലായില്ല.

പുതിയതായി യാതൊന്നും തരാൻ ഇല്ലാത്ത ചിത്രമാണ് ഒടിയൻ. ചുമ്മാ ഒരു നേരം പോക്കിന് ഒരു തവണ കണ്ടു മറക്കാം. പലരും പറഞ്ഞ പോലെ സെക്കൻഡ് ഹാൾഫ് മേലോഡ്രാമ ആയൊന്നും എനിക്ക് തോന്നിയില്ല. അത്തരണത്തിൽ ഇഴച്ചിലും അനുഭവപ്പെട്ടില്ല. പല രംഗങ്ങളും ഇതിലും കൂടുതൽ നന്നാക്കാമായിരുന്നു എന്നു തോന്നി. ഇതിപ്പോൾ "തള്ളൽ" ഒഴികെ ബാക്കി എല്ലാം ഒരു ശരാശരി ലെവലിൽ മാത്രം ഒതുങ്ങി പോയെന്ന് പറയാം. ഇത്തിരി കൂടി നല്ലൊരു സംവിധായകന്റെ കയ്യിൽ ആണ് ഈ ത്രെഡ് കിട്ടിയതെങ്കിൽ മലയാളം കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായേനെ ചിലപ്പോൾ ഒടിയൻ.

"നാമ പേസ കൂടാത്, നമ്മ പടം താൻ പേസണം." ഇരവി സിനിമയിലെ ഒരു ഡയലോഗ് ആണിത്. ശ്രീകുമാർ മേനോന് ഇതിന്റെ അർത്ഥം ഇപ്പോൾ പിടികിട്ടി കാണുമെന്ന് കരുതുന്നു. തള്ളി മറിച്ച പോലെ വന്നില്ലേൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഇപ്പോൾ ഒടിയന് കിട്ടുന്ന റെസ്പോൻസുകൾ. പക്ഷെ ഇത്രയേറെ നെഗേറ്റിവ് നേരിടാൻ മാത്രം അത്രകണ്ട് മോശമാണോ ഈ ചിത്രം എന്ന ചോദ്യം ചിത്രം കണ്ടു കഴിഞ്ഞും ബാക്കി കിടക്കുന്നു.

വേർഡിക്ട് : ശരാശരി അനുഭവം.

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo