"ബിലാലിക്ക.. ബിലാലിക്ക..!"

ഇരുമ്പഴിയിൽ ലാത്തിക്ക് തട്ടി തന്നെ വിളിച്ചുണർത്തിയ ആളെ ബിലാലിന് ശബ്ദം കൊണ്ടു മനസ്സിലാക്കാൻ പറ്റി.

നിസാറാണ്! ഇവൻ എന്താ ഈ വെളുപ്പാൻകാലത്ത്?

"എന്താ?"

ഉറക്കം കളഞ്ഞതിലുള്ള ദേഷ്യം മുഴുവൻ ശബ്ദത്തിൽ വരുത്തിക്കൊണ്ട് ബിലാൽ ഒന്ന് മുരണ്ടു.

"ബിലാലിക്ക.. സി ബ്ലോക്കിൽ പുതിയതായി വന്ന ആൾക്ക് ഇങ്ങളെ ഒന്ന് കാണണമെന്ന്"

ബിലാൽ നിസാറിന്റെ മുഖത്തേക്ക് ഒന്നു തറപ്പിച്ചു നോക്കി. യൂണിഫോമൊക്കെ കണ്ടാൽ പോലീസ് ആണെന്ന് തോന്നുമെങ്കിലും അതിലും നന്നായി ഇവന് ചേരുന്ന പേരു "പിമ്പ്" എന്നാണ്. കാശിനു വേണ്ടി എന്തു ഹറാംപറപ്പു കാണിക്കാനും മടിയില്ലാത്തവൻ.

നല്ല കനത്തിൽ തന്നെ പോക്കറ്റിൽ തടഞ്ഞു കാണണം ഇല്ലെങ്കിൽ ഇത്ര രാവിലെ തന്നെ ഇങ്ങോട്ടു കയറി വരില്ല.

മുഖത്തൊരു ഗൗരവം വരുത്തി ബിലാൽ തിരിച്ചു ചോദിച്ചു.

"പല്ലു കൊഴിഞ്ഞ സിംഹത്തെ കാണാൻ ആർക്കാണിത്ര താല്പര്യം?"

"പല്ല് കൊഴിഞ്ഞെന്നു വെച്ചു സിംഹം രാജാവല്ലാതെ ആവോ ബിലാലിക്ക!" നിസാർ ഒരു വളിച്ച ചിരിയോടെ തിരിച്ചു പറഞ്ഞു.

നിസാർ പറഞ്ഞതിന് ഒട്ടും ശ്രദ്ധ കൊടുക്കാത്ത മട്ടിൽ ബിലാൽ തിരിച്ചു ചോദിച്ചു.

"എപ്പോൾ? എവിടെ വെച്ച്?

"നാളെ വൈകുന്നേരത്ത് ഡ്രില്ലിന്റെ ബെല്ലടിക്കുമ്പോൾ സി ബ്ലോക്കിലേക്കുള്ള വരാന്തയിൽ വന്നാൽ മതി. വൈകുന്നേരത്തെ ഷിഫ്റ്റിലെ ചെക്കന്മാരോട് ഞാൻ പറഞ്ഞു സെറ്റ് ആക്കീട്ടുണ്ട്."

"ഹ്മ" ബിലാൽ ഒന്നു മൂളി.

ആ മൂളലിൽ ഒട്ടും തൃപ്തി വരാത്ത പോലെ നിസാർ ഒന്നുകൂടി ആവർത്തിച്ചു.

"ബിലാലിക്ക, ഇങ്ങള് സമയം വൈകിച്ചു ആളെ ബേജാറാക്കരുത് ട്ടാ..! ജയിലിലെ പകുതി പയ്യന്മാർക്ക് കാശെറിഞ്ഞിട്ടുള്ള പണിയാ. "

മുഖത്തെ ഗൗരവത്തിൽ തരിമ്പും മാറ്റം വരുത്താതെ, നിസാറിനെ ഒന്നു കൂടി സൂക്ഷ്‌മമായി നോക്കിക്കൊണ്ടു ബിലാൽ തുടർന്നു.

"കാശിന്റെ വിലയും സമയത്തിന്റെ വിലയും! ഇതു രണ്ടും നിന്നേക്കാൾ നന്നായി എനിക്കറിയാം!"

തന്നെ തന്നെ തറപ്പിച്ചു നോക്കിയിരിക്കുന്ന ബിലാലിനോട് മറ്റെന്തെങ്കിലും കൂടി പറയാൻ പേടി തോന്നിയ നിസാർ പതുക്കെ തിരിച്ചു നടന്നു.

"നിസാറേ, ബിലാലിനെ കാണാൻ വരുന്നവന്റെ പേരു നീ പറഞില്ലല്ലോ?"

നിസാർ തിരിഞ്ഞു നിന്നു. അവന്റെ കണ്ണിൽ മിന്നിമായുന്ന ഭയത്തിന്റെ കണികകൾ ബിലാലിനിപ്പോൾ തെളിഞ്ഞു കാണാം. മറ്റാരെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ നിസാർ ഇരുവശത്തേക്കും മാറി മാറി നോക്കി. ജയിലിന്റെ കോണ്ക്രീറ്റ് ചുവരുകൾക്ക് പോലും ചെവികളുണ്ടെന്നു തോന്നി അവനപ്പോൾ. ആരും കേൾക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം പരമാവധി ശബ്ദം താഴ്ത്തികൊണ്ടു വിറക്കുന്ന സ്വരത്തിൽ അവൻ ആ പേരു പറഞ്ഞു.

"ജാക്കി, സാഗർ ഏലിയാസ് ജാക്കി."

➖➖➖➖ 🔶 ➖➖➖➖

'ട്രിനീം ട്രിനീം.."

ഡ്രില്ലിനുള്ള ബെൽ മുഴങ്ങി. വർഷങ്ങളായി എണ്ണയിടാത്ത ജയിൽ വാതിലുകൾ വലിയ കരച്ചിലോടെ തുറക്കപ്പെട്ടു. ഡ്രില്ലിന് പോവുന്ന ജയിൽ പുള്ളികളുടെ തിരക്കൊന്നു ഒഴിയാൻ കാത്തു നിന്ന ശേഷം ബിലാൽ പതുക്കെ സി-ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു. കാവൽ നിൽക്കുന്ന പൊലീസുകാരിൽ ഒരാൾ പോലും തന്നെ കണ്ട ഭാവം നടിക്കുന്നില്ലെന്നത് ബിലാൽ പ്രത്യേകം ശ്രദ്ധിച്ചു. സാഗറിന്റെ ആൾക്കാർ കൊടുത്ത കാശിന്റെ ഗുണം.

സാഗർ!

അല്ല സാഗർ എന്ന ജാക്കി!

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും ആ പേരു ബിലാലിന് പുതിയതല്ല. കൊച്ചിയുടെ കറുപ്പും വെളുപ്പും തിരിച്ചറിഞ്ഞു തുടങ്ങിയ കാലം മുതൽ ബിലാൽ ഈ പേരു കേട്ടിട്ടുണ്ട്.

എണ്പതുകളുടെ അവസാന വർഷങ്ങളിലൊന്നിൽ ബിലാലിന്റെ ചെറുപ്പകാലത്ത് ആണ് ഈ കഥ ആരംഭിക്കുന്നത്. അന്ന് മട്ടാഞ്ചേരി ഭരിച്ചിരുന്നത് ഷംസീർ എന്ന കിരീടം വെക്കാത്ത രാജാവായിരുന്നു. കൊല്ലാനും കൊല്ലിക്കാനും ഒടയതമ്പുരാൻ നേരിട്ടു അനുവാദം കൊടുത്തിട്ടുണ്ടെന്നു സ്വയം വിശ്വസിച്ചിരുന്ന ഒരാൾ. എല്ലാ മാസത്തിലും നാലോ അഞ്ചോ ദിവസങ്ങൾ മട്ടാഞ്ചേരിയിലെ നിന്നും കാണാതാവുന്ന ഷംസീർ ആ ദിവസങ്ങളിൽ സാഗർ എന്ന മുപ്പതു വയസുകാരന്റെ ഗോൾഡ്‌ ഷിപ്മെന്റിന് കാവൽക്കാരനായി മംഗലാപുരം പോവുകയാണെന്ന് അറിഞ്ഞപ്പോളാണ് സാഗർ എന്ന ജാക്കിയുടെ പേരു ആദ്യമായി ബിലാലിന്റെ ശ്രദ്ധയിൽ വരുന്നത്. പ്രായഭേദമന്യേ കൊച്ചി മൊത്തം ഭയത്തോടെ മാത്രം കണ്ടിരുന്ന ഷംസീർ തന്റെ സമപ്രായത്തിലുള്ള ഒരു പയ്യന്റെ കീഴിൽ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ തോന്നിയ ഒരു കൗതുകം.

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയും അവിടെ നിന്ന് അറേബ്യ വരെയും പടർന്നു കിടക്കുന്ന സാഗറിന്റെയും ശേഖരൻ കുട്ടിയുടെയും സ്വർണക്കടത്ത് സാമ്രാജ്യത്തെ കുറിച്ചു കേട്ടറിഞ്ഞപ്പോൾ നേരത്തെ തോന്നിയ കൗതുകം അത്ഭുതത്തിനു വഴി മാറി.

മട്ടാഞ്ചേരിയിലെ ഭിക്ഷാടന മാഫിയക്ക് എതിരെ പ്രതികരിച്ച കുറ്റത്തിന് മേരി ടീച്ചർക്ക് എതിരെ ഷംസീർ തിരിയുന്നത് ആ സമയത്താണ്. പല തവണ നേരിൽ കണ്ടു പറഞ്ഞിട്ടും കാര്യം മനസിലാക്കാതിരുന്ന അവനെ പറഞ്ഞ് മനസ്സിലാക്കിക്കാൻ പിന്നീട് ബിലാലിന് ഒരു പകുതി പൊട്ടിച്ച ബിയർ കുപ്പിയുടെ സഹായം വേണ്ടി വന്നു. ഷംസീറിനെയും രണ്ടു കൂട്ടാളികളെയും പട്ടാപ്പകൽ നടുറോഡിൽ ഇട്ടു പൂളിയ തന്നോടു എഡ്ഢി ഉൾപ്പടെ പലരും അന്ന് പറഞ്ഞിരുന്നു ഇവന്റെ ചോരക്ക് പകരം ചോദിക്കാൻ സാഗർ വരുമെന്ന്.

സാഗർ വരട്ടെ, അതപ്പോൾ നോക്കാം എന്നായിരുന്നു ബിലാലിന്റെ മറുപടി. പക്ഷെ പ്രതീക്ഷിച്ച പോലെ കൂട്ടാളിയുടെ ചോരക്ക് പകരം ചോദിക്കാൻ സാഗർ എത്തിയില്ല.

ഏതാണ്ട് ഇതേ സമയത്താണ് ശേഖരന്കുട്ടിയുമായി സാഗർ തെറ്റുന്നതും തുടർന്ന് ശേഖരൻ കുട്ടിയെ കൊന്ന കുറ്റത്തിന് സാഗർ ജയിലിൽ പോവുന്നതും. ഷംസീറിന്റെ കേസിൽ മേരി ടീച്ചറിനാൽ പുറന്തള്ളപ്പെട്ട ബിലാൽ കൊച്ചിയോട് സലാം പറഞ്ഞു മുംബൈയിലിക്കു വണ്ടി കയറുന്നതും ഇതേ സമയത്തു തന്നെ.

പിന്നീട് മുംബൈയിലും ബാൻഗ്ലൂരിലും ഗോവയിലുമായി ഗാങ്സ്റ്ററുകൾക്ക് വേണ്ടി അവരുടെ ബോഡിഗാർഡ് ആയി ജോലി ചെയ്ത പത്തിരുപതു വർഷങ്ങൾ. ആദ്യത്തെ കുറച്ചു കാലം ജാക്കിയുടെ പേരു ബിലാൽ കെട്ടിട്ടേയില്ല. പിന്നീട് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ പെട്ടെന്ന് ഒരു ദിവസം ജാക്കിയെന്ന പേരു മുംബൈ അധോലോകത്തിൽ കേട്ടു തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ആ പേര് അവിടെ പ്രസിദ്ധമായി. ബഹുമാനത്തോടെയോ ഭയത്തോടെയോ അല്ലാതെ അതിനുശേഷം ആരും ആ പേരു ഉച്ചരിക്കുന്നതായി ബിലാൽ കണ്ടിട്ടില്ല.

2006ൽ മേരി ടീച്ചറുടെ മരണത്തിനും തന്റെ കൊച്ചിയിൽ വന്നുള്ള മടക്കത്തിനും ശേഷം ക്രിമിനൽലോകത്തുനിന്നും വിട്ടു ജീവിക്കുകയായിരുന്ന ബിലാൽ അവസാനമായി ജാക്കിയെന്ന പേര് കേൾക്കുന്നത് 2010ലാണ്.

ദുബായ് കേന്ത്രീകരിച്ചു പ്രവർത്തിക്കുന്ന വലിയൊരു സംഘത്തിന്റെ തലവനായിരുന്നു ജാക്കി അന്ന്. ബിലാലിന്റെ പഴയൊരു ബോസ് കൂടിയായിരുന്ന ഗോവയിലെ റോസാരിയോ ബ്രദേഴ്‌സിനെ തീർത്തതിന്റെ പേരിൽ ആണ് മുംബൈയിലെ തെരുവുകളിൽ ആ പേരു വീണ്ടും മുഴങ്ങുന്നത്. റോസാരിയോ ബ്രദേഴ്‌സിന്റെ പതനം അധോലോകത്തിലെ രാജാക്കന്മാർകിടയിൽ വലിയൊരു പതർച്ച തന്നെ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ജാക്കിയുടെ ഒരു പടയോട്ടത്തെ അവർ ഏവരും അത്രക്ക് ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.

പക്ഷെ ഇവരാരും ഭയപ്പെട്ട പോലെ ആരുടെയും സിംഹസാനം കൈവശപ്പെടുത്താൻ ജാക്കി ശ്രമിച്ചില്ല. തന്റെ സുഹൃത്തിന്റെ മരണത്തിനു പകരമായി റോസാരിയോ ബ്രദേഴ്‌സിന്റെ മരണം ഉറപ്പു വരുത്തിയ ശേഷം ജാക്കി തന്റെ സാമ്രാജ്യത്തിലേക്ക് തന്നെ തിരിച്ചു പോയി.

"ഒന്നു വേഗം വരിൻ എന്റെ ബിലാലിക്ക. ഇങ്ങള് എന്താണീ സ്വപ്നം കണ്ടു നടക്കണേ?"

നിസാറിന്റെ ചോദ്യം ബിലാലിനെ ഓർമയിൽ നിന്നുണർത്തി.

"അവര് കുറെ നേരായി വന്നിരിക്കാൻ തുടങ്ങീട്ട്"

സി-ബ്ലോക്കിലേക്കു നോക്കികൊണ്ടു ചെറിയൊരു പരിഭ്രമത്തിൽ നിസാർ പറഞ്ഞൊപ്പിച്ചു.

നിസാറിനെ ഒന്നു നോക്കിയ ശേഷം ശാന്തമായ സ്വാരത്തിൽ ബിലാൽ പറഞ്ഞു.

"നിസാറെ, എന്റെ സമയം അതു ഞാൻ മാത്രം തീരുമാനിക്കുന്നതാണ്. സാഗറും ജാക്കിയുമൊക്കെ ഇന്ന് വരും നാളെ പോവും. ഞാനും നീയുമൊക്കെ അതിനു ശേഷവും ഈ കൊച്ചിയിൽ തന്നെ കാണും."

നിസാറിന്റെ മുഖത്ത് തെളിഞ്ഞ ഭയത്തിൽ നിന്ന് താൻ പറഞ്ഞതിന്റെ അർത്ഥം അവനു പിടികിട്ടിയെന്നു ബിലാലിന് മനസിലായി.

കുറച്ചു ദൂരെ സി-ബ്ലോക്കിലേക്കുള്ള വരാന്തയിൽ ഒരാൾ തന്നെ നോക്കി നിൽക്കുന്നത് ബിലാൽ അപ്പോൾ കണ്ടു.

പേടിച്ച മുഖത്തോടെ നിൽക്കുന്ന നിസാറിനെ അവിടെ തന്നെ വിട്ടു തന്നെ കാത്തു നിൽക്കുന്ന ജാക്കിയെ ലക്ഷ്യമാക്കി ബിലാൽ നടന്നു.

➖➖➖➖ 🔶 ➖➖➖➖

ദൂരെ നിന്ന് നടന്നു വരുന്ന ബിലാലിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു സാഗർ.

ബിലാൽ!

ആ പേരു ആദ്യമായി കേട്ടത് എന്നാണെന്ന് സാഗറിന് ഇന്നും നല്ല ഓർമയുണ്ട്.

ശേഖരൻ കുട്ടിയുടെ വിശ്വസ്തനായിരുന്ന ഷംസീറിനെ കൊന്നവൻ!

വർഷങ്ങൾക്ക് മുൻപ് ഈ കൊലപാതകത്തെ കുറിച്ചു കേട്ടപ്പോൾ ആദ്യം തോന്നിയത് വല്ലാത്തൊരു അമ്പരപ്പാണ്. ഷംസീറിനെ കൊല്ലാൻ മാത്രം ചങ്കുറപ്പുള്ള ഒരുത്തൻ! സംഭവം അറിഞ്ഞപ്പോൾ ശേഖരന്കുട്ടി വരെ പറഞ്ഞത് കൊന്നവനോട് പകരം വീട്ടണം എന്നല്ല, അയാളെ കിട്ടിയാൽ നമുക്കൊപ്പം നിർത്തണം എന്നാണ്.

കാരണം, ഷംസീറിനെ കൊല്ലാൻ മാത്രം കഴിവുള്ള ഒരുത്തനെ ശത്രു ആക്കുന്നത് ബുദ്ധിയല്ലെന്നു ശേഖരന്കുട്ടിക്ക് അന്നേ തോന്നിക്കാണണം.

ഒരിക്കൽ മംഗലാപുരത്തു വെച്ചു ശേഖരന്കുട്ടിയെ രാജേന്ദ്രറെഡ്ഢിയുടെ ആൾക്കാർ ആക്രമിച്ചപ്പോൾ ഇരുപതോളം പേരോട് ഒറ്റക്ക് നിന്ന് പൊരുതി ശേഖരന്കുട്ടിയെ ജീവനോടെ രക്ഷിച്ചുകൊണ്ടുവന്നവൻ ആണ് ഷംസീർ. കുത്തേറ്റ കയ്യുമായി ആ രാത്രി തന്നെ രാജേന്ദ്രറെഡ്ഢിയുടെ വീട്ടിൽ കയറി അവനെ കൊന്നു പകരം വീട്ടിയവൻ.

ചങ്കിന്റെ സ്ഥാനത്ത് കരിങ്കല്ല് ആണെന്നൊക്കെ ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരാൾ. ദയ, അനുകമ്പ, സ്നേഹം തുടങ്ങി മാനുഷികമായ യാതൊരു വികാരങ്ങളും തൊട്ടുതീണ്ടാത്ത ഒരുത്തൻ. കാശിനു വേണ്ടി കൊല്ലാനും കൊന്നു തിന്നാനും മടിയില്ലാത്തവൻ.

ആ മൃഗത്തെ നാലാള് കാണ്കെ നടുറോഡിൽ ഇട്ടു പട്ടിയെ കൊല്ലുന്ന പോലെ കൊന്നവൻ ആണ് ഇപ്പോൾ തന്റെ മുന്നിലേക്ക് ഒരു കൂസലുമില്ലാതെ നടന്നു വരുന്നത്. ഷംസീറിന്റെ കൊലപാതകത്തെ കുറിച്ചുള്ള ഓർമകൾ സാഗറിന്റെ ഉള്ളിൽ വല്ലാത്തൊരു കോരിത്തരിപ്പുണ്ടാക്കി.

"ഹെലോ ബിലാൽ"

അടുത്തേക്ക് എത്തിയ ബിലാലിനോട് സാഗർ കൈ ഉയർത്തി സലാം പറഞ്ഞു.

പറഞ്ഞ സലാം തിരിച്ചു പറയാതെ മുഖത്ത് ഇത്തിരി കൂടി ഗൗരവം വരുത്തി ബിലാൽ സാഗറിനോടായി പറഞ്ഞു.

"എന്നെ കാണണമെന്ന് പറഞ്ഞെന്ന് കേട്ടു."

ബിലാലിന്റെ മുഖത്ത് നോക്കി ചെറിയൊരു ചിരിയോടെയാണ് സാഗർ ഇതിനു മറുപടി പറഞ്ഞത്.

"ബിലാലിനെ ഏൽപ്പിക്കാൻ ഒരാൾ എനിക്കോരു ജോലി തന്നുവിട്ടിട്ടുണ്ട്. ഞാൻ തന്നെ നേരിട്ട് കണ്ടു ഇതു ബിലാലിനോട് പറയണം എന്ന് അയാൾക്ക് ഒരേ നിർബന്ധം"

മുഖത്തെ ഗൗരവത്തിനു യാതൊരു വിധ മാറ്റവും വരുത്താതെ ബിലാൽ പറഞ്ഞു.

"കണ്ടവരുടെ വിഴുപ്പലക്കുന്ന പണി ഞാൻ പണ്ടേ ഉപേക്ഷിച്ചതാണ്. .., '

ഒന്നു നിർത്തി ബിലാൽ തുടർന്നു.

"കൊല്ലാനും ചാവാനും മടിയില്ലാത്തവന് മാത്രം പറഞ്ഞിട്ടുള്ളതാണ് ഞാനും നിങ്ങളും അടങ്ങുന്ന ഈ ലോകം. ഈ പറഞ്ഞ രണ്ടിൽ ഒന്നിനോട് മടിയുണ്ടെങ്കിൽ പോലും അയാൾക്ക് ഈ ലോകത്ത് സ്ഥാനമില്ലെന്നു നിങ്ങളുടെ ബോസിനോട് പോയി പറഞ്ഞേക്കു."

ബിലാലിന്റെ മറുപടിയിൽ സന്തോഷവാനായ പോലെ സാഗർ ഒന്നു കൂടി നന്നായി ചിരിച്ചു.

"അയാൾക്ക് തരാൻ ഉള്ള ഓഫർ എന്താണെന്ന് ബിലാൽ ഇപ്പോളും കേട്ടില്ല."

അപ്പോളേക്കും തിരിഞ്ഞു നടന്നു തുടങ്ങിയിരുന്ന ബിലാൽ നടന്നുകൊണ്ടു തന്നെ മറുപടി പറഞ്ഞു.

"കേൾക്കണം എന്നില്ല! എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. നിങ്ങൾക്ക് പോവാം."

മുഖത്തുണ്ടായിരുന്ന ചിരിക്ക് തെല്ലും വ്യത്യാസമില്ലാതെ തിരിഞ്ഞു നടക്കുന്ന ബിലാലിനോടായി സാഗർ തുടർന്നു.

"ബിലാൽ, നിങ്ങൾ എന്തിനാണ് ഈ ജയിലിൽ കിടക്കുന്നതെന്നു എനിക്കറിയാം. കുരിശിങ്കലെ എഡ്ഢിക്കും കുടുംബത്തിനും എന്തു പറ്റിയെന്നും എനിക്കറിയാം നിനക്ക് പകരം വീട്ടേണ്ടത് ആരോടൊക്കെയാണെന്നും അവർ ഇപ്പോൾ എവിടെയാണെന്നും എനിക്കറിയാം."

എഡ്ഢിയുടെ പേരു കേട്ടപ്പോൾ ബിലാൽ നടത്തം നിർത്തി തിരിഞ്ഞു സാഗറിന്റെ മുഖത്തേക്ക് നോക്കി.

സാഗർ തുടർന്നു.

"നിന്നെ ഈ ജോലി ഏൽപ്പിക്കാൻ പറഞ്ഞ ആൾക്ക് ഇതെല്ലാം എന്നെക്കാൾ നന്നായി അറിയാം. ഇനി പറയൂ ബിലാൽ, അയാളുടെ ഓഫർ കേൾക്കാൻ നിനക്ക് താൽപര്യമില്ലേ?".

ആ ഒരു നിമിഷം ബിലാലിന്റെ മനസ്സിലൂടെ ഒരായിരം ദൃശ്യങ്ങൾ മിന്നി മാഞ്ഞു. എഡ്ഢിയുടെ ചലനമറ്റ ശരീരം, അതും കെട്ടിപിടിച്ചു കരയുന്ന സെലീനയും മക്കളും. എല്ലാം മതിയാക്കി മുംബൈയിൽ കഴിഞ്ഞിരുന്ന തന്നെ വീണ്ടും കൊച്ചിയിലേക്ക് എത്തിച്ചത് എഡ്ഢിയുടെ മരണമാണ്. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് തന്നെ ഇപ്പോൾ ഈ ജയിലിൽ കൊണ്ടെത്തിച്ചതും. സായിപ്പ് ടോണിയുടെ സഹോദരനും കൊച്ചിയുടെ പുതിയ മേയറും ചേർന്നു കളിച്ച പ്രതികാര നാടകം. മേരിടീച്ചറിന്റെ കൊലപാതകത്തിനു ഞാൻ വീട്ടിയ കടത്തിന് അവർ എനിക്ക് തന്ന പ്രതിഫലം.

എഡ്ഢിയുടെ മരണവും എന്റെ ഈ ജയിൽ വാസവും.

മുഖത്തുള്ള ഗൗരവം ഒട്ടും കുറക്കാതെ തന്നെ ബിലാൽ സാഗറിനോടായി പറഞ്ഞു.

" പറയു.. എന്താണ് നിങ്ങൾക്കെനിക്ക് തരാനുള്ള ഓഫർ?"

➖➖➖➖ 🔶 ➖➖➖➖

"തൊട്ടു മുന്നിൽ കിടക്കുന്ന ഇന്നോവ നിങ്ങൾക്കെടുക്കാം. ആയുധങ്ങളും കാശും ഡോക്യുമെന്റ്സും അതിലുണ്ട്. ഇവിടെ നിന്ന് നേരെ തിരുവനന്തപുരം, അവിടെത്തെ ടാസ്‌ക് കഴിഞ്ഞാൽ ബിലാൽ നേരെ മംഗലാപുരത്തേക്കും ജാക്കി നേരെ ഗോവയിലേക്കും. നിങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും അവിടെ റെഡിയാണ്."

മുന്നിൽ ഇരുന്നു ഹിന്ദിയിൽ ഇതു വിശധീകരിച്ചു തരുന്ന ചെറുപ്പക്കാരനെ ബിലാലും സാഗറും ഒന്നു നോക്കി.

തിരുവനന്തപുരത്ത് തങ്ങൾക്ക് ചെയ്യാനുള്ള ടാസ്‌ക് എന്താണെന്ന് അവർക്കിപ്പോൾ അറിയാം. എല്ലാം അവസാനിപ്പിച്ചു വിശ്രമ ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്ന സാഗറിനേയും ബിലാലിനേയും ആരാണ് ഈ ടാസ്കിന് വേണ്ടി ജയിലിൽ നിന്നും മോചിപ്പിച്ചത് എന്നും, അയാൾക്ക് പകരം വേണ്ടത് എന്താണെന്നും അവർക്കിപ്പോൾ അറിയാം.

തിരുവനന്തപുരത്തെ ടാസ്കിന് ശേഷം ബിലാൽ നേരെ മംഗലാപുരത്തെക്കു പോവണം സാഗർ നേരെ ഗോവയിലേക്കും. സൗത്ത് ഇന്ത്യയിലെയും നോർത്ത് ഇന്ത്യയിലെയും മുഴുവൻ അധോലോകവും ഈ രണ്ടു സ്ഥലങ്ങളിലും ഇരുന്നു ഇവർ രണ്ടുപേരും ഭരിക്കണം. അതിനുവേണ്ട എല്ലാ സഹായവും അയാൾ ചെയ്തു തരും. പകരം അയാൾക്ക് വേണ്ടത് ബിലാലും സാഗറും അയാളുടെ സുഹൃത്തുക്കൾ ആയി എന്നും ഉണ്ടാവും എന്ന ഉറപ്പ് മാത്രമാണ്.

"അപ്പോൾ ഞങ്ങൾക്ക് തന്ന ഓഫർ?"

ബിലാൽ ആണ് ചോദിച്ചത്.

"എല്ലാം നടപ്പിലാക്കപ്പെടും. ഒരു ഓഫറും വെറുതെ ആവില്ല. ഇന്ന് രാത്രി തന്നെ കൊച്ചിയിലെ ഹിറ്റ് നടക്കും. എഡ്ഢിയെ കൊന്നവരിൽ ആരും നാളെത്തെ പകൽ കാണാനുണ്ടാവില്ല."

മുഖത്തെ ഗൗരവം വിടാതെ തന്നെ ബിലാൽ ഒന്നു മൂളി.

ചെറുപ്പക്കാരൻ തുടർന്നു.

"സാഗറിന്റെ പ്രശ്നത്തിനും ഉടനെ തന്നെ പരിഹാരമുണ്ടാവും. മുടങ്ങി കിടക്കുന്ന എല്ലാ ഷിപ്പ്മെന്റുകളും ഇന്ന് രാത്രിയോടെ ദുബായ്‌ തുറമുഖം വിടും."

സാഗർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു.

"പറഞ്ഞ വാക്ക് പാലിക്കപ്പെടുമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു."

സാഗറിനോടു ഒന്നു തലയാട്ടുക മാത്രം ചെയ്തു ചെറുപ്പക്കാരൻ തുടർന്നു.

"പറഞ്ഞ കാര്യങ്ങളിൽ സംശയമൊന്നുമില്ലെങ്കിൽ നിങ്ങൾക്ക് പോവാം. വണ്ടിയിൽ കീ ഇരിപ്പുണ്ട്"

മുന്നിൽ കിടക്കുന്ന ഇന്നോവയിലേക്ക് കൈ ചൂണ്ടി ചെറുപ്പക്കാരൻ പറഞ്ഞു.

ബിലാലും സാഗറും അവർ അതുവരെ ഇരുന്നിരുന്ന വണ്ടിയിൽ നിന്നിറങ്ങി മുന്നിൽ പാർക്ക് ചെയ്തിട്ടുള്ള മറ്റൊരു ഇന്നോവ ലക്ഷ്യമാക്കി നടന്നു. അവർ ദൂരെ എത്തിയെന്ന് ഉറപ്പായ ശേഷം ചെറുപ്പക്കാരൻ ഫോണ് എടുത്തു ഒരാളെ ഡയൽ ചെയ്തു. അപ്പുറത്ത് പരുക്കൻ ശബ്ദത്തിൽ ഒരു ഹെലോ കേട്ടപ്പോൾ അതിനു മറുപടിയായി അയാൾ പറഞ്ഞു.

"അവർ പുറപ്പെട്ടു കഴിഞ്ഞു ഭായ്ജാൻ"

ഫോണിന് അങ്ങേ തലക്കൽ നിന്ന് പരുക്കൻ ശബ്ദത്തിൽ സ്റ്റീഫന്റെ മറുപടി വന്നു.

"ഓക്കെ, സയ്യിദ്"

എന്തോ കൂടി ആലോചിച്ച ശേഷം സയ്യിദ് സ്റ്റീഫനോടായി പറഞ്ഞു.

"എന്നാലും എന്തിനാണിത് ഭായ്ജാൻ?"

സ്റ്റീഫൻ ഒന്നു പൊട്ടിചിരിച്ചു.

"ലോകം മുഴുവൻ കൈവെള്ളയിൽ ഉണ്ടായാലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ രാജാവായിരിക്കാൻ അല്ലെ ചെകുത്താൻ ഇഷ്ടപ്പെടുക?"

സയ്യിദ്‌ ഒന്നു മൂളുക മാത്രം ചെയ്തു.

"ജതിൻ രാമദാസ് എനിക്ക് അനിയൻ തന്നെയാണ് സയ്യിദ്. പക്ഷെ എപ്പോൾ ആവശ്യപ്പെട്ടാലും തിരിച്ചു തരണമെന്ന ഉടമ്പടിയിൽ ഞാൻ അവനു സൂക്ഷിക്കാൻ കൊടുത്ത ഒന്നുണ്ട്."

ഒന്നു നിർത്തിയ ശേഷം സ്റ്റീഫൻ തുടർന്നു.

"...കേരളത്തിന്റെ മുഖ്യമന്ത്രി കസേര."

വീണ്ടും എന്തോ സംശയം ഉള്ള പോലെ സയ്യിദ് സ്റീഫനോടായി പറഞ്ഞു.

"എന്നാലും ഭായ്ജാൻ? ജതിൻ!!"

ഒരു ചെറിയ നിശ്ശബ്ദതക്ക് ശേഷം സ്റ്റീഫന്റെ ഉറച്ച ശബ്ദം സയ്യിദ് കേട്ടു.

"വളർത്തി വലുതാക്കിയവന് തന്നെയല്ലേ സയ്യിദ് തളർത്തി ഒടുക്കാനും അവകാശമുള്ളു.?"

സ്റ്റീഫൻ വീണ്ടും പൊട്ടിച്ചിരിച്ചു. ശാന്തമായ ആ രാത്രിയിൽ ചെകുത്താന്റെ രണ്ടാംവരവ് വിളിച്ചറിയിക്കുന്ന പോലെ ആ ചിരി മാത്രം സയ്യിദിന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.

➖➖➖➖ 🔶 ➖➖➖➖

അടുത്ത കുറച്ചു ദിവസത്തെ പത്രങ്ങൾ പരിശോധിച്ചാൽ നമ്മുടെ ശ്രദ്ധ പതിയേണ്ട ഒന്നുരണ്ടു വാർത്തകൾ അവയിൽ ഇടം പിടിച്ചിരുന്നു.

തിരുവനന്തപുരത്ത് വെച്ചുണ്ടായ ഒരു അപകടത്തിൽ കൊല്ലപ്പെട്ട ജതിൻ രാമദാസിന് പകരമായി കേരളത്തിന്റെ  ഇരുപതാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന സ്റ്റീഫൻ നേടുമ്പള്ളിയെ കുറിച്ചുള്ളതായിരുന്നു ആ വാർത്തകളിൽ ഭൂരിഭാഗവും.

കൂടെ രണ്ടാം പേജിൽ മൂന്നു കോളത്തിലായി ഒറ്റ രാത്രിയിൽ മൃഗീയമായി കൊല്ലപ്പെട്ട മംഗലാപുരത്തേയും ഗോവയിലെയും ഗാങ്സ്റ്റർ തലവന്മാരെ കുറിച്ചുള്ള ഒരു വാർത്തയും.

സ്റ്റീഫൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന അന്ന് തന്നെ മംഗലാപുരത്തിനും ഗോവക്കും പുതിയ രണ്ടു അധിപന്മാരെ കൂടി കിട്ടി.

ഇടതും വലതും  ബിലാലിനേയും സാഗറിനേയും കാവൽ നിർത്തി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെകുത്താന്റെ ഭരണം തുടരും.

For More Visit: http://dreamwithneo.com

#NPNMovieThoughts #NPNFanFiction  #DreamWithNeo