"I used to think my life was a tragedy, but now I realize it's a comedy."

അരനൂറ്റാണ്ടിന് മേലെ ആയി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിറപ്പിച്ചുകൊണ്ടു ജോക്കർ എന്ന കോമാളി അരങ്ങുവാഴാൻ തുടങ്ങിയിട്ട്. ഫിക്ഷണൽ ചരിത്രത്തിലെ അതിപ്രശസ്ത വില്ലന്മാരെ എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്നിൽ ജോക്കറുണ്ടാവും. ഇത്രയും വർഷങ്ങൾക്കിടയിൽ ജോക്കറെ അവതരിപ്പിച്ചവർ എല്ലാം അവരുടേതായ ഒരു സിഗ്നേച്ചർ ആ കഥാപാത്രത്തിന് കല്പിച്ചുകൊടുത്തിട്ടുണ്ട്. ആ നിരയിലേക്ക് പുതിയതായി വരുന്ന അംഗമാണ് വോക്കീൻ ഫീനിക്സിന്റെ ജോക്കർ. പതിവിൽ നിന്നും വിപരീതമായി ബാറ്റ്മാൻ എന്ന തന്റെ എതിരാളിയുടെ പിൻബലവും സൂപ്പർ ഹീറോ മൂവി എന്ന ആലഭാരവുമില്ലാതെ R റേറ്റഡ് ആയിട്ട്, അതും ഒറ്റക്കാണ് ഇത്തവണത്തെ വരവ്. ഇതുകൊണ്ടൊക്കെ തന്നെ ചിത്രത്തിലുള്ള പ്രതീക്ഷ വര്ധിക്കുന്നതും സ്വാഭാവികം.

ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരമാണ് ചിത്രം. ഒരു സിനിമ എന്ന നിലയിൽ ഏതെല്ലാം രീതിയിൽ നന്നാക്കാമോ അവിടെയെല്ലാം ഒരു പരാതിക്കും ഇടം നൽകാനാവാത്ത വിധത്തിൽ നന്നാക്കിയിരിക്കുന്നു. ജോക്കർ എന്ന കഥാപാതത്തിന്റെ എല്ലാ വികാര വിചാരങ്ങളിൽ കൂടിയുമുള്ള ഒരു അന്വേഷണമാണ് ചിത്രം. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ഒരു കോമിക്ക് ബുക് ഫിലിം എന്നതിനേക്കാൾ ഒരു സൈക്കോളജിക്കൽ ക്യാരക്ടർ സ്റ്റഡി എന്നു വിളിക്കാനാണ് എനിക്കിഷ്ടം. മികച്ചൊരു തിരക്കഥയും അതു പകർന്നാടാൻ വോക്കീൻ ഫീനിക്സിനെ പോലെയൊരു നടനെയും ലഭിക്കുമ്പോൾ ഫൈനൽ ഔട്ട്പുട്ട് അതിഗംഭീരമാവുന്നത് സ്വാഭാവികം മാത്രം.

വോക്കീൻ ഫീനിക്സ് എന്ന നടന്റെ ഡെഡിക്കേഷൻ തന്നെയാണ് ജോക്കറിനെ മികച്ചതാക്കുന്ന പ്രധാന ഘടകം. ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂർണമായും ആ കഥാപാത്രമായി മാറിയ അവസ്ഥ. എങ്ങനെ ഇങ്ങനെ പൂര്ണതയോടെ അഭിനയിക്കാൻ കഴിയുന്നു എന്നു കണ്ടിരുന്ന മിക്കവരും ചിന്തിച്ചു കാണണം, അത്രക്ക് മനോഹരമായ പ്രകടനം. നോളന്റെ ജോക്കറും ഈ ജോക്കറും തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉള്ളത്കൊണ്ട് തന്നെ ഹീത് ലെഡ്ജറ്മായി ഒരു താരതമ്യത്തിന്റെ ആവശ്യം ഒട്ടും ഉണ്ടെന്ന് തോന്നുന്നില്ല. രണ്ടു പേരും അവരുടേതായ രീതികളിൽ ആ കഥാപാതത്തെ മികച്ചതാക്കിയിട്ടുണ്ടെന്നു മാത്രമേ അഭിപ്രായം ഉള്ളു. അടുത്ത ഓസ്കാറിൽ വോക്കീൻ പരിഗണിക്കപ്പെട്ടാൽ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ചതിന് രണ്ടു വ്യത്യസ്ത ആൾക്കാർക്ക് ഓസ്കാർ നേടികൊടുത്ത രണ്ടാമത്തെ കഥാപാത്രം ആവും ജോക്കർ. റോബർട്ട് ഡി നീരോക്കും മർലോണ് ബ്രാൻഡോക്കും ഓസ്കാർ നേടികൊടുത്തെന്ന പേരിൽ വർഷങ്ങളായി തകർക്കപ്പെടാതെ കിടക്കുന്ന ഗോഡ്ഫാദറിന്റെ റെക്കോർഡ് അവിടെ വീഴും.

കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട കോമിക്ക് സ്റ്റോറിയിലെ വില്ലനല്ല ഇതിലെ ജോക്കർ. സ്വന്തം കഥയിൽ നായകനായ എന്നാൽ അവനവന്റേതായ കാരണങ്ങൾ കൊണ്ട് വില്ലനായി മാറേണ്ടി വരുന്ന ആളാണ്. 1989ൽ കില്ലിങ് ജോക്കിൽ ജോക്കറെ സൃഷ്ടിക്കാൻ കുറച്ചു കെമിക്കൽ വേണ്ടിവന്നപ്പോൾ 2019ൽ ജോക്കറെ സൃഷ്ടിക്കാൻ ഈ സമൂഹം മാത്രം മതിയായിരുന്നു. ഇത്തരത്തിൽ കുറെ കൂടി റിയലിസ്റ്റിക് ആയ കഥയും കഥാപരിസരവും കാഴ്ചവെക്കുമ്പോൾ കൂടി അവതരണത്തിലെ സിനിമാറ്റിക് അനുഭവവും ബ്രൂസ് വെയിൻ, തോമസ് വെയിൻ തുടങ്ങിയ ചിരപരിചിതരായ കോമിക്ക് കഥാപാത്രങ്ങളെ ഒട്ടും ഏച്ചു കെട്ടൽ തോന്നാത്ത വിധത്തിൽ കഥയിലേക്ക് കൂട്ടിച്ചേർത്തതും വളരെ നന്നായി തോന്നി.

ചുരുക്കിപ്പറഞ്ഞാൽ കുറ്റകൃത്യങ്ങളെ കുറച്ചു വല്ലാതെയങ്ങു ഗ്ലോറിഫൈ ചെയ്യുന്നുണ്ടെന്ന് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളോ കുറവുകളോ ഒന്നും പറയാൻ ഇല്ലാത്ത ചിത്രമാണ് ജോക്കർ. ഈ പറഞ്ഞ ഗ്ലോറിഫിക്കേഷനെ കുറിച്ചു മറക്കുകയാണെങ്കിൽ ലൈഫിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തിയേറ്റർ എസ്‌പീരിയെൻസുകളിൽ ഒന്നു പ്രധാനം ചെയ്യാൻ കഴിവുള്ള ചിത്രം. കോമിക് ബുക് മൂവികളുടെ സാധാരണ രുചി കൂട്ടിൽ നിന്നും മാറി തീർത്തും വ്യത്യസ്തമായ ഒരു ഫോർമുല അവതരിപ്പിക്കാൻ ശ്രമിച്ചു അതിൽ പൂർണമായ വിജയം കൈവരിച്ചിരിക്കുന്നു.

വേർഡിക്ട്: അതിഗംഭീരം.😍

For More Visit: http://dreamwithneo.com

#NPNMovieThoughts #DreamWithNeo